എസ്ഐആര്‍ സോഫ്റ്റ്വെയര് വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. വിവരാവകാശ മറുപടിയില്‍ നിന്നാണ് സോഫ്റ്റ് വെയര്‍ വിവരങ്ങള്‍ ഒഴിവാക്കിയത്. ട്രേഡ് സീക്രട്ട് എന്നാണ് കമ്മീഷന് നല്കുന്ന വിശദീകരണം. വോട്ടര്‍ പട്ടികയിലെ പിഴവുകളും പൊരുത്തക്കേടുകളും കണ്ടെത്താന്‍ ഉപയോഗിച്ച സോഫ്റ്റ്വെയര് വിവരമാണ് മറച്ച് വെക്കുന്നത്. നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണര്‍മാര്‍ ഈ സോഫ്റ്റ്വെയറിനെതിരെ രംഗത്ത് വന്നിരുന്നു. സോഫ്റ്റ്വെയറിലെ പല ഓപ്ഷനുകളും പല രൂപത്തില്‍ ക്രമക്കേട് നടത്താന്‍ സാധിക്കുന്നതാണെന്നായിരുന്നു ഇവര്‍ ഉയര്‍ത്തിയ ആക്ഷേപം.
തെലങ്കാന സ്വദേശിയായ എം എ മുജീബ് ആയൂബ് എന്ന ആളാണ് വിവരാവകാശ നിയമ പ്രകാരം സോഫ്റ്റ്വെയറിന്റെ വിവരങ്ങള്‍ ചോദിച്ചത്. ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിന്റെ പേര് എന്താണ്? പിഴവുകളുള്ളതായി സംശയിക്കുന്ന വോട്ടര്‍ എന്‍ട്രികള്‍ സോഫ്റ്റ്വെയര് സ്വയം കണ്ടെത്തുമോ? നിര്‍മ്മിത ബുദ്ധി സോഫ്റ്റ്വെയറിന്റെ ഭാഗമായി ഉപയോഗിക്കുന്നുണ്ടോ? എന്നതടക്കമുള്ള നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് കഴിയില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.
ട്രേഡ് സീക്രട്ടുമായി ബന്ധപ്പെട്ടാണ് ഇത് ഉള്ളതെന്നും മറ്റ് ചില രഹസ്യാത്മക സ്വഭാവങ്ങള്‍ ഈ വിവരങ്ങളില്‍ ഉണ്ടെന്നുമായിരുന്ന കമ്മീഷന്റെ വിശദീകരണം. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നായിരുന്നു മറുപടി. സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു വിവാദം കൂടി ഉണ്ടാകുന്നത്.















