ടെലിവിഷൻ ഷോകളിലൂടെ രാജ്യമെങ്ങും പ്രശസ്തനായ സെലിബ്രിറ്റി ഷെഫ് ദാമോദരൻ കോതണ്ഡരാമൻ അന്തരിച്ചു. ഷെഫ് ദാമു എന്ന പേരിലായിരുന്നു അദ്ദേഹം പ്രശസ്തനായിരുന്നത്. 2025ൽ പദ്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു ഷെഫ് ദാമുവിന്റെ അന്ത്യം 72ആം വയസ്സിലാണ്. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച പാചക വിദഗ്ധൻ കൂടിയായിരുന്നു ഷെഫ് ദാമു. വിജയ് ടിവിയിലെ കുക്ക് വിത്ത് കോമാളിയിലെ വിധികർത്താവായിരുന്നു.
തമിഴ്നാടിന്റെ പരമ്പരാഗത വിഭവങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും സ്വീകരിക്കപ്പെടാൻ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു ഷെഫ് ദാമു. നിരവധി പാചക പുസ്തകങ്ങൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. തമിഴ്നാട് വിനോദ സഞ്ചാര വകുപ്പിനൊപ്പം 1977ലാണ് ഷെഫ് ദാമു കരിയർ ആരംഭിച്ചത്. 1986ലാണ് അധ്യാപന മേഖലയിലേക്ക് ഷെഫ് ദാമു എത്തിയത്.















