സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യത. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. കാസര്‍ഗോഡ് യെല്ലോ അലേര്‍ട്ടും മറ്റ് 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. നാളെയും ശക്തമായ മഴ തുടരാനാണ് സാധ്യത. ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, കോച്ചിംഗ് ക്ലാസ്സുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കൂടാതെ മുന്‍കൂട്ടി നിശ്ചയിച്ച മേളകള്‍ എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തി സംഘടിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ സുധീര്‍ അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്ത ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്. തീവ്ര ന്യൂനമര്‍ദം നാളെ രാവിലെ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ കേരളതീരത്തിന് മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. ഇരട്ട ന്യൂനമര്‍ദ സ്വാധീനം മൂലം കേരളത്തില്‍ മഴയുടെ ശക്തി വര്‍ധിക്കുമെന്നും മുന്നറിയിപ്പുണ്ട്. നാളെ ഇടുക്കിയിലും പാലക്കാടും റെഡ് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്.















