തമിഴ്നാട്ടിൽ അതിശക്തമായ മഴയിൽ വിവിധ സംഭവങ്ങളിലായി ആറ് പേർ മരിച്ചു. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് പ്രദേശവാസിയായ 45 കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ് മരിച്ചത്. കൃഷ്ണഗിരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 45 കാരി വൈദ്യുതകമ്പിയിൽ കുരുങ്ങി ഷോക്കേറ്റ് മരിച്ചു.
നീലഗിരിയിൽ 24 മണിക്കൂറിനിടെ 62 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഊട്ടിയിൽ മരം വീടിനു മുകളിലേക്ക് വീണ് രണ്ടുപേർക്ക് പരിക്കേറ്റു. കനത്ത മഴയെത്തുടർന്ന് ദിണ്ടിഗൽ, കോയമ്പത്തൂർ, രാമനാഥപുരം ജില്ലകളിലെയും നീലഗിരിയിലെ 4 താലൂക്കുകളിലെയും സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. കൊടൈക്കനാൽ ഫോറസ്റ്റ് ഡിവിഷനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്.















