കൊച്ചി ചേരാനല്ലൂരിൽ ആഡംബര കാറിടിച്ചുള്ള മരണത്തിൽ, കാർ ഓടിച്ച പതിനേഴുകാരന്റെ പിതാവും കാറിന്റെ ഉടമയുമായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഹൈക്കോടതിയിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ നടപടിയിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
കാറോടിച്ച പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ജില്ലാ കോടതിയിൽ സമർപ്പിക്കും. എ.ഡി.ജി.പി. പി.വിജയൻ ചേരാനല്ലൂരിൽ നേരിട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തും. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും സാധ്യതയുണ്ട്.
കേസിന്റെ തുടർന്നുള്ള അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. ജഡ്ജിയുടെ അറസ്റ്റ് ഉൾപ്പടെ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലാക്കുന്നതിൽ കാലതാമസമുണ്ടായാൽ വീണ്ടും പ്രതിഷേധവുമായി സ്റ്റേഷനിലേക്ക് എത്തുമെന്നാണ് അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കിയിരിക്കുന്നത്.
ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ സമരം ഇന്നലെ രാത്രിയാണ് ജയബാലകൃഷ്ണന്റെ മക്കൾ താൽക്കാലികമായി അവസാനിപ്പിച്ചത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അന്വേഷണത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും കുടുംബത്തിന് ഉറപ്പുനല്‍കി. ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന് കുടുംബം വ്യക്തമാക്കി.















