‘അർണബ്’ ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (IMD) മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്ര, ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയിലാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്നും നാളെയുമായി 53 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന അർണബ്, ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ്, നാളെ ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് കരതൊടുമെന്നാണ് നിഗമനം.
കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 140 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിലും കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.















