സൗദി അറേബ്യയെ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതരുടെ നിരന്തര ആക്രമണം. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഹൂതികൾ ആക്രമണം നടത്തിയത്.
സൗദി സഖ്യസേനയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളും ഡ്രോണുകളും തകർത്തുവെങ്കിലും, അവശിഷ്ടങ്ങൾ പതിച്ച് ഒരു സ്വദേശി പൗരന് പരിക്കേൽക്കുകയും വീടിനും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
റിയാദിന് നേരെ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് അവശിഷ്ടങ്ങൾ താഴെ പതിച്ചത്. വ്യാഴാഴ്ച രാത്രി 8.15നാണ് ആക്രമണം നടന്നത്.
വെള്ളിയാഴ്ച പുലർച്ചെ ചെങ്കടൽ മേഖലയിലേക്കും ക്രൂയിസ് മിസൈൽ ഉപയോഗിച്ച് ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഈ മിസൈലും പ്രതിരോധിച്ചതായി സഖ്യ സേന അറിയിച്ചു. പടിഞ്ഞാറൻ പ്രവിശ്യയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.















