ദേവികുളം: ഇടുക്കിയിലെ ബിജെപിയുടെ സർജിക്കൽ സ്ട്രൈക്ക് പൊളിച്ച് സിപിഎം. ദേവികുളം എംഎൽഎ പാർട്ടിവിടില്ലെന്ന് ഉറപ്പിച്ച് പാർട്ടി. ഒടുവിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്ത് താൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് രാജേന്ദ്രൻ തന്നെ ഷട്ടറിട്ടു.
മുതിർന്ന നേതാക്കൾ ഇടപെട് നടത്തിയ അനുനയ നീക്കത്തിനൊടുവിൽ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രന് ഇനി പാര്‍ട്ടി അംഗത്വം പുതുക്കി നൽകാൻ ധാരണയായി. മെംബർഷിപ്പിനായി രാജേന്ദ്രന്‍ ഉടൻ അപേക്ഷ നല്‍കും. മുമ്പുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗമെന്ന പദവിയടക്കം അദ്ദേഹത്തിന് തിരികെ നല്‍കാനും തീരുമാനമായി.
മൂന്നാറില്‍ നടന്ന എല്‍ഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷനിലാണ് എസ് രാജേന്ദ്രന്‍ പങ്കെടുത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണരംഗത്ത് ഉടൻ ദേവികുളം മുൻ എംഎൽഎ സജീവമാകുമെന്നാണ് സൂചന. ഇന്നലെ ഇടുക്കിയിലെ മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസും രാജേന്ദ്രൻ്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പാർട്ടി യിലേക്ക് തിരികെയെത്താൻ രാജേന്ദ്രൻ തീരുമാനിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഇടപെടലാണ് രാജേന്ദ്രനെ തിരികെയെത്തിക്കുന്നതിൽ നിര്‍ണ്ണായകമായത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിന്തുണ കൂടി ലഭിച്ചതോടെ ബിജെപിയുടെ സർജിക്കൽ സ്ട്രൈക്ക് പൊളിക്കാനുള്ള ഓപ്പറേഷൻ ശുഭകരമായി അവസാനിക്കുകയായിരുന്നു. സര്‍ക്കാരിൽ നല്‍കാനാകാവുന്ന പദവി ഏതെങ്കിലുമുണ്ടോയെന്നും പരിഗണിക്കും. സിപിഎമ്മില്‍ നിന്നും ആരും ബിജെപിയിലേക്ക് പോകാതിരിക്കാനുള്ള കരുതലാണ് ഇതെല്ലാം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥി എ രാജയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതിനെ തുടർന്നാണ് എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപേ ബിജെപിയിലേക്ക് ചേരുമമെന്ന സൂചനകൾ രാജേന്ദ്രൻ നൽകി. ബിജെപിയുടെ മുതിർന്ന നേതാക്കളുമായി അദ്ദേഹം ചർച്ചയും നടത്തിയിരുന്നു.
















