1993 ൽ പുറത്തിറങ്ങിയ തൻ്റെ സിനിമയായ ‘ഗസൽ’ എന്ന ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ പള്ളിയുടെ സെറ്റ് പൊളിക്കാൻ പ്രദേശവാസികൾ സമ്മതിച്ചില്ലെന്ന് സംവിധായകൻ കമൽ. വിശദീകരിച്ചിരുന്നു. പ്രശസ്ത ആർട്ട് ഡയറക്ടറായ കൃഷ്ണ മൂർത്തിയാണ് മലപ്പുറത്തെ പെരിന്തൽമണ്ണയിൽ സിനിമക്കായി സെറ്റ് നിർമ്മിച്ചത്. എന്നാൽ ചിത്രീകരണ ശേഷം ബാബറി മസ്ജിദുമായി സാദൃശ്യമുള്ളതുകൊണ്ട് പൊളിക്കാൻ അവിടെയുള്ളവർ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
“പെരിന്തൽ മണ്ണയിലെ ഒരു കുന്നിന്റെ മുകളിലാണ് പള്ളി സെറ്റ് ഇട്ടിരിക്കുന്നത്. അത് കണ്ടാൽ ബാബറി മസ്ജിദിന്റെ രൂപസാദൃശ്യം ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് സെറ്റ് പൊളിക്കാൻ പോയപ്പോൾ അവിടെയുള്ള കുറച്ച് യുവാക്കൾ ഇത് പൊളിക്കാൻ സമ്മതിച്ചില്ല. ആ സമയത്ത് ബാബറി മസ്ജിദ് തകർത്ത് അതുമായി ബന്ധപ്പെട്ട പ്രശ്നം ഇന്ത്യയിൽ മുഴുവനായി അലയടിക്കുകയായിരുന്നു. ഇത് സംഘർഷാവസ്ഥയിലായപ്പോൾ കൃഷ്ണ മൂർത്തി എന്റെ അടുത്ത് വന്ന് കാര്യം പറഞ്ഞു. പിന്നെ ഞാനും റസാഖും പോയി അവരുമായി സംസാരിച്ചു. ഈ കഥയിൽ ബബറി മസ്ജിദ് പൊളിച്ചതുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് മനസിലാക്കിയാണ് ഒടുവിൽ സെറ്റ് പൊളിച്ചത് ” – കമൽ പറഞ്ഞു.മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
വിനീതും തിലകനും മോഹിനിയും പ്രധാന വേഷത്തിലെത്തി 1993 ൽ പുറത്തിറങ്ങിയ ചിത്രം സാമ്പത്തികമായി നേട്ടമുണ്ടാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ‘ഗസൽ’ എന്നും കമൽ കൂട്ടിച്ചേർത്തു.
ബാബറി മസ്ജിദ് വിഷയം കത്തി നിൽക്കുന്ന സമയത്ത് മുസ്ലിം പശ്ചാത്തലത്തിലുള്ള കഥ പറയുന്നതിൽ ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ പാട്ടുകൾ വളരെ ഹിറ്റായിരുന്നു. പിന്നീട് ടെലിവിഷനിൽ ആ സിനിമ വന്നപ്പോൾ പലരും വിളിച്ചിട്ട് എന്തുകൊണ്ട് ഇത് തിയേറ്ററിൽ ഓടിയില്ലയെന്ന് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘ ഞാനും ടി എ റസാഖും ഒന്നിച്ച് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗസൽ. എന്റെ മനസിൽ നേരത്തെ സിനിമയാക്കണമെന്ന് വച്ചിരുന്ന ഒരു കഥയുണ്ടായിരുന്നു. അത് ഞാൻ റസാഖിനോട് പറഞ്ഞപ്പോൾ റസാഖിന്റെ ജിവിത പശ്ചാത്തലത്തിൽ നിന്ന് കുറച്ച് കഥാപാത്രങ്ങളെ എടുത്ത് ഒരു കഥയുണ്ടാകാം എന്നും പറയുന്നു. അങ്ങനെയാണ് ഗസൽ എന്ന സിനിമയുണ്ടാകുന്നത്. മുസ്ലിം പശ്ചാത്തലത്തിൽ ഉള്ള ഒരു പ്രണയകഥ.
മലമ്പുഴയിലാണ് ഈ സിനിമയുടെ തിരക്കഥ എഴുതാൻ ഞങ്ങൾ ഒത്തുചേർന്നത്. ആ ദിവസങ്ങളിൽ വേദനിപ്പിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായിരുന്നു. ബാബറി മസ്ജിദ് തകർത്ത ഒരു കാലമായിരുന്നു അത്. ആ സംഭവം ഞങ്ങളെ സ്വാധീനിച്ചിരുന്നു. ആ സമയത്ത് മുസ്ലിം പശ്ചാത്തലത്തിൽ ഉള്ള കഥ കുഴപ്പമാകുമോയെന്ന ഭയം ആദ്യം ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ചില്ല. കാരണം കഥയിൽ രാഷ്ട്രീയ കാര്യങ്ങൾ ഒന്നും പറയുന്നില്ല. പിന്നെ കഥയായി മുന്നോട്ട് പോകുകയായിരുന്നു. “- കമൽ പറഞ്ഞു.