മുന്‍മന്ത്രിയുടെ ഭാര്യാ ബന്ധുവിന്റെ പീഡനം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ പരാതി; ഗണേഷ്‌കുമാര്‍ നടപടി എടുക്കുമോ ? (എക്‌സ്‌ക്ലൂസിവ്)

ഒരു മനുഷ്യനെ ഉപദ്രവിക്കുന്നതിന് പരിധിയുണ്ടോ. അതും തന്റെ കീഴില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനെ. ഒരു പിരിധിയുമില്ലാതെ തുരത്തി തുരത്തി ഉപദ്രവിച്ച ഒരു ജീവനക്കാരന്റെ പരാതി ഇപ്പോള്‍ മന്ത്രിയുടെ ഓഫീസില്‍ എത്തിയിരിക്കുകയാണ്. ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ നേരിട്ട് ഇടപെട്ട് ഈ പരാതി അന്വേഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ വള്ളിയപ്പ ഗണേഷാണ് പരാതിക്കാരന്‍. മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ബന്ധുവായ എ.ടി.ഒ എന്‍.കെ. ജേക്കബ് സാം ലോപ്പസാണ് പരാതിയിലെ പ്രധാന പ്രതി. കൂട്ടുപ്രതികളായി എ.ടി.ഒ കെ.ജി. ഷൈജു, ഇന്‍സ്‌പെക്ടര്‍ എസ്.എന്‍. അജിത്കുമാര്‍, ഇന്‍സ്‌പെക്ടര്‍ ബി. രാജേന്ദ്രന്‍, കണ്ടക്ടര്‍ മനോജ് കെ. നായര്‍ എന്നിവരുമുണ്ട്. 

ഇവര്‍ക്കെല്ലാം സഹായവുമായി മുന്‍മന്ത്രി ആന്റണി രാജുവിന്റെ മൗനസമ്മതവും. മന്ത്രിയുടെ ബന്ധുവായതു കൊണ്ടും ജോലിയില്‍ ഉയര്‍ന്ന തസ്തികയില്‍ ഇരിക്കുന്നതു കൊണ്ടും ജേക്കബ് ലോപ്പസ് കെ.എസ്.ആര്‍.ടി.സിയില്‍ മുടിചൂടാ മന്നനായിരുന്നു എന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇയാള്‍ ഇപ്പോള്‍ മാവേലിക്കര ഡിപ്പോയിലെ എ.ടി.ഒയാണ്. സമീപകാലത്ത് കെ.എസ്.ആര്‍.ടി.സിയില്‍ നടന്ന 38 കോടിരൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടും ജേക്കബ് സാം ലോപ്പസിന്റെ പേര് കേള്‍ക്കുന്നുണ്ട്. ധാര്‍ഷ്ട്യവും, സഹ പ്രവര്‍ത്തകരോട് നിര്‍ദാക്ഷണ്യം പെരുമാറിയും പേരെടുത്ത ഇയാള്‍ക്കെതിരേ നിരവധി പരാതികളും ഇപ്പോള്‍ ഉയരുന്നുണ്ട്. 

നേരത്തെ ആന്റണി രാജു മന്ത്രിയായിരുന്നതിനാല്‍ ഇയാളില്‍ നിന്നും നേരിട്ട പീഡനങ്ങള്‍ ആരും പുറത്തു പറയാന്‍ പോലും ഭയപ്പെട്ടിരുന്നു. പരാതി പറയുന്നവര്‍ക്കെതിരേ വകുപ്പുതല നടപടികള്‍ വരുമോയെന്ന പേടിയിലായിരുന്നു ജീവനക്കാര്‍. എന്നാല്‍, മന്ത്രി മാറിയതോടെ ജേക്കബ് ലോപ്പസിന്റെ ഒരു കൊമ്പൊടിഞ്ഞു. പീഡിപ്പിക്കപ്പെട്ട ജീവനക്കാര്‍ ഓരോരുത്തരായി പരാതികള്‍ നല്‍കാന്‍ തുടങ്ങിയതും ജേക്കബ് ലോപ്പസിന്റെ കഷ്ടകാലം തുടങ്ങി. ഇതിന്റെ ഫലമായാണ് ഇദ്ദേഹത്തെ മാവേലിക്കരയിലേക്ക് ട്രാന്‍ഫര്‍ ചെയ്തതെന്നാണ് സൂചന. നെയ്യാറ്റിന്‍കര സ്വദേശിയായ ജേക്കബ് ലോപ്പസ് ഇപ്പോള്‍ മവേലിക്കര ഡിപ്പോയില്‍ എത്താനുണ്ടായ കാരണത്തെ കുറിച്ചുള്ള സമഗ്ര വകുപ്പുതല അന്വേഷണവും പിന്നാലെ വരുന്നുണ്ട്. 

കഴിഞ്ഞ ദിവസമാണ് മന്ത്രി ഗണേഷിന് അപൂര്‍വ്വമായ ഒരു പരാതി ലഭിക്കുന്നത്. തിരുവനന്തപും സിറ്റി ഡിപ്പോയിലെ കണ്ടക്ടര്‍ വള്ളിയപ്പ ഗണേഷിന്റെ പരാതിയില്‍ ജേക്കബ് ലോപ്പസിന്റെ പീഡനത്തിന്റെ പരമ്പര തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ഡിസംബറില്‍ ഒരു വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ മാനന്തവാടിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതു മുതല്‍ ആരംഭിച്ച പീഡനമാണെന്ന് പരാതിക്കാരന്‍ പറയുന്നു. അവിവാഹിതനും, പ്രായമായ അമ്മയും മാത്രമുള്ള പരാതിക്കാരനെ കേരളത്തിന്റെ വടക്കേയറ്റത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്, മന്ത്രിയുടെ പിന്‍ബലത്തോടെയായിരുന്നു. എന്നാല്‍, പരാതിക്കാരന്‍ കേസുമായി കോടതിയെ സമീപിച്ചു. 

തുടര്‍ന്ന് വള്ളിയപ്പ ഗണേഷിനെ എവിടെ നിന്നാണോ ട്രാന്‍സ്ഫര്‍ ചെയ്തത്, അതേ സ്ഥലത്തേക്ക് തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടു. കോടതിയുടെ ഈ ഒരൊറ്റ ഇടപെടലില്‍ മനസ്സിലാക്കാനാകുന്നത്, ജേക്കബ് ലോപ്പസും സംഘവും(അതില്‍ പഴയ മന്ത്രിയും പഴയ എം.ഡിയും എല്ലാംപെടും) കെ.എസ്.ആര്‍.ടി.സിയെ ഒരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുപോലെയാണ് കണ്ടിരുന്നതെന്നാണ്. മുന്‍മന്ത്രി ആന്റണി രാജുവിന്റെ ഭാര്യയുടെ വകയിലൊരു മാമനായ ജേക്കബ് ലോപ്പസിന്റെ പീഡനം സഹിക്കവയ്യാതെയാണ് പരാതിക്കാരന്‍ മന്ത്രി ഗണേഷ്‌കുമാറിന്റെ മുമ്പിലെത്തിയത്. 2019ല്‍ പരാതിക്കാരന് ഒരു അപകടമുണ്ടായി. ഇതേ തുടര്‍ന്ന് 11 ദിവസത്തെ ഡിസബിലിറ്റി ലീവ്(SDL) അനുവദിച്ചിട്ടും, ആ ലീവ് എടു്കാന്‍ അനുവദിക്കാതെ പീഡിപ്പിച്ചു. 

ബ്ലഡ് ഡൊണേഷന്‍ നടത്തുമ്പോള്‍ ലഭിക്കേണ്ട ബി.ഡി.എസ്.എല്‍.സി (പ്രത്യേക ലീവ് ഡ്യൂട്ടി) താരിതരുന്നതും, എന്നാല്‍, ചീഫ് ഓഫീസില്‍ നിന്നും അനുകൂല നടപടി ഉണ്ടായതുമാണ്. ചട്ടപ്രകാരം ലീവ്ഡ്യൂട്ടി അനവദിക്കാതെയും ജേക്കബ് ലോപ്പസ് പീഡിപ്പിച്ചു. 2020ല്‍ ആറ്റുകാല്‍ പൊങ്കാല ഉത്സവ സമയത്ത് സ്വകാര്യ ബസ് സര്‍വ്വീസ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകളും നിലച്ചു. ഇതോടെ കെ.എസ്.ആര്‍.ടി.സിക്ക് ടിക്കറ്റ് വരുമാനത്തിലൂടെ ലഭിക്കേണ്ടിയിരുന്ന 20. 56 ലക്ഷംരൂപയുടെ നഷ്ടം ഉണ്ടായി. ഇത് ജേക്കബ് സാം ലോപ്പസിന്റെ നിയമ വിരുദ്ധ ഇടപെടല്‍ മൂലമാണ്. 

കെ.എസ്.ആര്‍.ടി.സി ചട്ടപ്രകാരം ഇയാളില്‍ നിന്നും വരുമാന നഷ്ടത്തിന്റെ മൂന്നിരട്ടി വസൂലാക്കണണെന്നും പരാതിക്കാരന്‍ ആവ്യപ്പെടുന്നുണ്ട്. കൊറോണക്കാലത്ത് സ്‌പെഷ്യല്‍ സര്‍വ്വീസ് പോയതിനുള്ള അര്‍ഹമായ ഡ്യൂട്ടി ഇതുവരെ നല്‍കിയിട്ടില്ല. ഇതു തടഞ്ഞിരിക്കുന്നത് ജേക്കബ് സാം ലോപ്പസാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ഡ്യൂട്ടി ചെയ്താലും ആ ദിവസം ആബ്‌സന്റ് രേഖപ്പെടുത്തുന്ന ക്രമവിരുദ്ധ നടപടി ചെയ്യുന്ന ആളാണ് ഇദ്ദേഹം. 

കെ.എസ്.ആര്‍.ടി.സി പെട്രോള്‍ പമ്പില്‍ പരിശീലനം ലഭിക്കാത്ത തന്നെ ഡ്യൂട്ടിക്കിട്ട് വൈരാഗ്യ ബുദ്ദി തീര്‍ക്കാനും ഇയാള്‍ തയ്യാറായിട്ടുണ്ട്. ഡ്യൂട്ടി സമയത്ത് ഒരു പേപ്പര്‍ പാസ് പിന്‍വലിച്ചതിനെതിരേ നടപടി സ്വീകരിക്കാത്തത് കെ.എസ്.ആര്‍.ടി.സിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ഇത് ജേക്കബ് സാം ലോപ്പസാണ് ചെയ്തത്. പമ്പ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നിട്ടും, തന്റെ പേര് എഴുതിച്ചേര്‍ക്കുകയും, 20 ദിവസം ഡ്യൂട്ടിക്കു പകരം തന്നെ മാത്രം 33 ഡ്യൂട്ടി എടുപ്പിക്കുകയും ചെയ്തു. ഇത് എന്റെ വീട്ടില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കി. പമ്പഡ്യൂട്ടിക്ക് ആശ്രിതരെ ഉള്‍പ്പെടുത്താതിരിക്കാനാണ് ജേക്കബ് സാം ലോപ്പസ് തന്നെ ഉള്‍പ്പെടുത്തിയത്. ഇതിനെതിരേയും നടപടി ഉണ്ടാകണം.

 

ആര്‍.സി.സിയില്‍ ബ്ലഡ് ഡൊണേറ്റ് ചെയ്തതിന്റെ അപേക്ഷ നല്‍കിയിട്ടും അതിനുള്ള ബ്ലഡ് ഡൊണേഷന്‍ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിച്ചില്ല. മുഖ്യമന്ത്രി അടക്കം ബ്ലഡ് ഡൊണേറ്റ് ചെയ്യണണെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ബ്ലഡ് ഡൊണേറ്റ് ചെയ്തതെന്നും പരാതിക്കാരന്‍ പറയുന്നു. ഡ്രൈവര്‍ പ്രതിയായ കെ.എശ്.ആര്‍.ടി.സി ആക്‌സിഡന്റ് കേസുകളില്‍ വകുപ്പിന്റെ അരിവും സമ്മതത്തോടെ സഹ ജീവനക്കാര്‍ ജാമ്യംത്തിനായി കോടതിയില്‍ പോകാറുണ്ട്. ഈ ദിവസത്തെ ഹാജര്‍ ചട്ടപ്രകാരം നല്‍കേണ്ടതാണ്. എന്നാല്‍, കേസിനു പോയ ദിവസത്തെ ഹാജര്‍ എ.ടി.ഒ നിഷേദിച്ചെന്നും പരാതിക്കാരന്‍. 

ഇങ്ങനെ തുടങ്ങി നിരന്തരം പീഡിപ്പിക്കപ്പെട്ട പരാതിക്കാരന്റെ ആവലാതികള്‍ തീരുന്നില്ല. എട്ടു പേജില്‍ 23 പരാതികളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. ചില പരാതികള്‍ അത്ര കാര്യമല്ലെന്നു തോന്നുമെങ്കിലും വീട്ടില്‍ പ്രായമായ അമ്മ മാത്രമുള്ള ഒരാള്‍ക്ക്, അതും മറ്റാരും ആശ്രമില്ലാത്ത ഒരാള്‍ക്ക് അത് വലിയ പരാതി തന്നെയാണ്. പരാതിയെ അതേ ഗൗരവത്തോടെ കാണുമ്പോള്‍ ഒരു പാവം തൊഴിലാളിയെ എന്തിനാണ് ഇത്രയും ക്രൂരമായി പീഡിപ്പിച്ചതെന്ന് സ്വാഭാവികമായി തോന്നിപ്പോകും. ഈ തോന്നലാണ് മന്ത്രിക്കും ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് പരാതി അന്വേഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് നല്‍കിയിരിക്കുന്നത്. 

ഇതിനെല്ലാം പുറമെയാണ് കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പാക്കേജില്‍ 38 ലക്ഷം രൂപയുടെ തിരിമറി നടന്നതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍. പരാതിക്കാരന്‍ ഇഥും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ചു വന്ന പത്ര വാര്‍ത്തകളില്‍ തട്ടിപ്പുകാര്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് ട്രാഫിക് മാനേജരേയും സംസ്ഥാന കോ ഓര്‍ഡിനേറ്ററേയും സ്ഥാനത്തു നിന്ന് മാറ്റി എന്നായിരുന്നു വാര്‍ത്തകള്‍.  
എന്നാല്‍, തിരിമറി നടത്തിയ ചീഫ് ട്രാഫിക് മാനേജര്‍ ജേക്കബ് സാം ലോപ്പസാണ്. സംസ്ഥാന കോര്‍ഡിനേറ്റര്‍ എസ്. പ്രശാന്തുമാണെന്ന് പരാതിക്കാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

ഇനി അറിയേണ്ടത് മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ഭാര്യയുടെ മാമനെ കെ.എസ്.ആര്‍.ടി.സി എന്തു ചെയ്യുമെന്നാണ്. മന്ത്രിയായിരുന്നത് ആന്റണി രാജുവാണ്. അതിന് ആന്റണി രാജുവിന്റെ ഭാര്യടുെ മാമന് തഴമ്പുണ്ടായിട്ട് കാര്യമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. മന്ത്രി ഗണേഷ് കുമാറിന്റെ സത്യസന്ധമായ ഇടപെടല്‍ ഈ പരാതിയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരന്‍.

Latest News