തിരുവനന്തപുരം: ഇ പോസ് സെർവർ തകരാറിനെ തുടർന്ന് മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് സംസ്ഥാന വ്യാപകമായി മുടങ്ങി. മസ്റ്ററിങ്ങിനായി 3 ദിവസം റേഷൻ വിതരണം നിർത്തിവച്ച ആദ്യദിവസം തന്നെ നടപടികൾ താറുമാറായത് ജനങ്ങളെ വലച്ചു.
സംസ്ഥാന ഐടി മിഷന്റെ സെർവറിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് മസ്റ്ററിങ് തടസ്സപ്പെട്ടതെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തകരാർ ഏറെക്കുറെ പരിഹരിച്ചെന്നും മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരുമെന്നും മന്ത്രി അറിയിച്ചു. ഈ വിഭാഗക്കാർക്ക് മാത്രം റേഷൻ വിതരണവും ഉണ്ടായിരിക്കും. ദൂരത്തുനിന്നെത്തുന്ന പിങ്ക് കാർഡ് അംഗങ്ങൾക്ക് അവസരം നിഷേധിക്കാതിരിക്കാൻ വ്യാപാരികൾ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ 1,82,116 മുൻഗണനാ കാർഡ് അംഗങ്ങൾക്ക് മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കാനായത്. മസ്റ്ററിങ്, റേഷൻ വിതരണം എന്നിവ സംബന്ധിച്ച തുടർ നിർദേശം ഞായറാഴ്ച ഉണ്ടാകും. ഇന്നലെ രാവിലെ 8 ന് ആരംഭിക്കേണ്ട മസ്റ്ററിങ്ങിനായി വളരെ മുൻപുതന്നെ പ്രായമായവരടക്കം കടകളിലെത്തിയിരുന്നു. മണിക്കൂറുകളോളം കാത്തിരുന്ന് ഇവർ വലഞ്ഞു.
ചില സ്ഥലങ്ങളിൽ 11 മണിയായിട്ടും വിരലിലെണ്ണാവുന്നവർക്കു മാത്രമാണ് മസ്റ്ററിങ് നടത്താനായത്. മഞ്ഞ കാർഡിലെ അംഗങ്ങൾക്കു മാത്രമേ മസ്റ്ററിങ് ഉണ്ടാകൂ എന്ന അറിയിപ്പ് എത്തിയത് രാവിലെ ഒൻപതരയ്ക്കായിരുന്നു. ഇതു പലയിടത്തും പ്രതിഷേധത്തിനിടയാക്കി. പലരും തിരികെ പോകാൻ കൂട്ടാക്കിയില്ല.
Read more:
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ