കുവൈത്ത് സിറ്റി ∙ വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനും ശബ്ദവർധനവിനുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടി ആരംഭിച്ചു. വാഹനങ്ങളുടെ സ്വാഭാവിക രൂപം മാറ്റുന്നതും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടാവുന്ന രീതിയിൽ ശബ്ദം വർധിപ്പിക്കുന്നതുമായ നിയമലംഘനങ്ങൾ നിരവധി ശ്രദ്ധയിൽ വന്ന സാഹചര്യത്തിലാണ് നടപടി. കുവൈത്തിലെ വാഹന വർക്ക് ഷോപ്പുകളുടെ ഏറ്റവും വലിയ കേന്ദ്രമായ ഷുവൈഖിൽ ആഭ്യന്തര മന്ത്രാലയ ഉദോഗസ്ഥർ പരിശോധന നടത്തി. വാണിജ്യ വ്യവസായ മന്ത്രാലയവുമായുള്ള ഏകോപനത്തോടെ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ അദ്വാനി, ബ്രിഗേഡിയർ ജനറൽ അഷ്‌റഫ് അൽ അമീർ എന്നിവരുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പരിശോധനയിൽ അനധികൃത ഗാരേജ് അടച്ചുപൂട്ടുകയും നൂറോളം നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. വാഹനങ്ങളുടെ രൂപഭേദം വരുത്തുന്നതോ ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ സ്ഥാപിക്കുന്നതോ ആയ ഗ്യാരേജുകൾക്കെതിരെയുള്ള ക്യാംപെയ്നുകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ