നൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് എസ്ബിഐ കൈമാറിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങളിൽ മദ്യക്കമ്പനികളും. 2019 മുതൽ 2024 വരെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ മദ്യക്കമ്പനികളിൽ ഏറ്റവും മുന്നിൽ റാഡിക്കോ ഖൈതാൻ ലിമിറ്റഡാണ്. മലയാളികൾക്ക് സുചരിചിതമായ മാജിക് മൊമൻ്റ്സ് വോഡ്കയുടെയും കോണ്ടസ റമ്മിന്റെയും ഉതപാദകരാണിവർ. 2019 ഏപ്രിൽ 20ന് റാഡിക്കോ ഖൈതാൻ 5 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകളാണ് വാങ്ങിയത്.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ നിർമാതാക്കളിൽ ഒന്നായ റാഡിക്കോ ഖൈതാൻ ലിമിറ്റഡ് ഓൾഡ് അഡ്മിറൽ അടക്കം നിലവിൽ 15ലധികം ബ്രാന്റ് മദ്യം സ്വന്തമായി നിർമിക്കുന്ന കമ്പനിയാണ്. അസോസിയേറ്റഡ് ആൽക്കഹോൾ ബ്രൂവറീസ് ലിമിറ്റഡ് 2023 ഒക്ടോബർ 10ന് വാങ്ങിക്കൂട്ടിയത് 2 കോടി മൂല്യമുള്ള ബോണ്ടുകളാണ്. കാസിൽ ലിക്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 75 തവണയായി 7.5 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ് വാങ്ങിയത്. 2023ൽ ഏപ്രിലിലും ജൂലൈയിലും ഒക്ടോബറിലുമാണ് ബോണ്ടുകൾ വാങ്ങിയത്. 2024 ജനുവരിയിലും കമ്പനി ബോണ്ട് വാങ്ങി. ടീച്ചേഴ്‌സ് വിസ്‌കി, ഓഫീസേഴ്‌സ് ചോയിസ് എന്നീ വിസ്‌കികളും കാൾസ്‌ബേഗ്, ടുബോഗ് എന്നി ബിയറുകളും ഇവരുടേതാണ്.
സുല വൈൻയാർഡ് പ്രൈവറ്റ് ലിമിറ്റഡ് 2019 ഏപ്രിൽ 20ന് 25 ലക്ഷത്തിന്റെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. ഹിമാദ്രി ഖാൻ കൺട്രി സ്പിരിറ്റ് ബോട്ടിലിംഗ് പ്ലാന്റ് കം വെയർഹൗസ് 2021 ജൂലൈ 7ന് 70 ലക്ഷം രൂപയുടെ ബോണ്ടുകൾ വാങ്ങി. സോം ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡ്-2023 ജൂലൈയിലും ഒക്ടോബറിലുമായി മൂന്ന് കോടി രൂപ മൂല്യമുള്ള തെരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ വാങ്ങിക്കൂട്ടി.
ഛത്തീസ്ഗഢ് ഡിസ്റ്റിലറീസ് ലിമിറ്റഡ്- 2019 ഏപ്രിലിൽ വാങ്ങിയത് മൂന്ന് കോടിയുടെ ബോണ്ടുകളാണ്. പ്രകാശ് ഡിസ്റ്റിലറീസ് ആന്റ് കെമിക്കൽ കമ്പനി ഇലക്ട്രൽ ബോണ്ടുകളിൽ നിക്ഷേപിച്ചത് 2.6 കോടി രൂപയാണ്.2021 ജനുവരി ജൂലൈ ഒക്ടോബർ മാസങ്ങളിലായിരുന്നു ബോണ്ടുകളുടെ വാങ്ങൽ. 2023 ഏപ്രിൽ ജൂലൈ ഒക്ടോബർ മാസങ്ങളിലും ഇത് തുടർന്നു. 2024ൽ ജനുവരിയിലും കമ്പനി ബോണ്ടുകൾ വാങ്ങി.
മൗണ്ട് എവറസ്റ്റ് ബ്രൂവറീസ് ലിമിറ്റഡ് 2023 ജൂലൈയിൽ ബോണ്ടുകൾ വാങ്ങാൻ ചിലവഴിച്ചത് 1.99 കോടി രൂപയാണ്. കാൻഡി സ്പിരിറ്റ് പ്രൈവറ്റ് ലിമിറ്റഡ് 2023 ഏപ്രിൽ 10ന് വാങ്ങിയത് ഒരു കോടിയുടെ ഇലക്ട്രറൽ ബോണ്ടുകളാണ്. നോർത്തേൺ സ്പിരിറ്റി ലിമിറ്റഡ് 2023 ഒക്ടോബറിൽ 1.2 കോടിയുടെ ബോണ്ടുകൾ വാങ്ങി. കെഡി ലിക്വർ ആന്റ് ഫെർട്ടിലൈസർ പ്രൈവറ്റ് 2021 ജൂലൈയിലും ഒക്ടോബറിലുമായി വാങ്ങിയത് നാല് കോടിയുടെ ബോണ്ടുകളാണ്. മാർഗി ഗ്രാസ് ലിക്വിർ 2023 ഏപ്രിലിലും ഒക്ടോബറിലുമായി 2.23 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകൾക്കായി ചെലവഴിച്ചത്.