ഇന്ത്യയുടെ പൊതു മണ്ഡലത്തില്‍ നിന്ന് അത്രപെട്ടെന്ന് മായ്ച്ചു കളയാന്‍ കഴിയാത്ത ഒരു പേരാണ് സാന്റിയാഗോ മാര്ട്ടിന്. ലോട്ടറി രാജാവ് എന്ന കുപ്രസിദ്ധ പേരിലാണ് സാന്റിയാഗോ മാര്ട്ടിന് അറിയപ്പെട്ടിരുന്നത്. അപ്പോഴും സാധാരണ മലയാളികള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടായിരുന്ന ഒരു കാര്യമാണ്, ആരാണീ സാന്റിയാഗോ മാര്ട്ടിന് എന്ന്. ഓരോ മനുഷ്യരുടെയും വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും പിന്നില്‍ ഒരു കഥയുണ്ടാകും. ലോട്ടറി രാജാവിന്റെ പിന്നിലുള്ള കഥയറിയാന്‍ ഇന്ന് കേരളം കാതോര്‍ക്കുന്നുണ്ട്. ആരാണ് സാന്റിയാഗോ മാര്ട്ടിന് ?.
1988ല്‍ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതിനു മുമ്പ് മ്യാന്മറിലെ യാങ്കൂണില്‍ വെറും ഒരു തൊഴിലാളിയായിരുന്നു സാന്റിയാഗോ മാര്ട്ടിന്. എന്നാല്‍, തൊഴിലാളിയില്‍ നിന്നും മുതലാളിയിലേക്കുള്ള വളര്‍ച്ചയാണ് തിരിച്ചെത്തുമ്പോള്‍ കണ്ടത്. കോയമ്പത്തൂരില്‍ ‘മാര്ട്ടിന് ലോട്ടറി ഏജന്‍സി ലിമിറ്റഡ്’ എന്ന പേരില്‍ മാര്ട്ടിന് സ്വന്തം ലോട്ടറി സ്ഥാപനം തുടങ്ങുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയുടെ ‘ലോട്ടറി രാജാവ്’ എന്ന പേര് മാര്‍ട്ടിനെ തേടിയെത്തി. വളര്‍ച്ചയുടെ വഴികളില്‍ കേസുകളും പിറകെ വന്നു. എന്നിട്ടും പിന്മാറാന് തയ്യാറാകാതെ തന്റെ സാമ്രാജ്യം വികസിപ്പിക്കാനാണ്
അതിനിടെ ലോട്ടറി സ്ഥാപനം ‘ഫ്യൂച്ചര്‍ ഗെയിമിംഗ്’ എന്ന പേരിലേക്ക് മാറുന്നു. ഒപ്പം ഹോട്ടല്‍ വ്യവസായത്തിലേക്കും മാര്ട്ടിന് കടന്നിരുന്നു. എന്നാല്‍ 2000 ത്തിന്റെ പകുതിയോടെ നിയമപ്രശ്നങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ ലോട്ടറി സ്ഥാപനം ആരംഭിച്ചു, വ്യാജ ഒറ്റ അക്ക ലോട്ടറികള്‍ അച്ചടിച്ച് വിതരണം ചെയ്തു തുടങ്ങിയ നിരവധി കേസുകള്‍ ഒന്നിന് പുറകെ ഒന്നായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2003ല്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സംസ്ഥാനത്ത് ലോട്ടറി നിരോധിച്ചതോടെ മാര്ട്ടിന് കര്‍ണ്ണാടകയിലേക്കും കേരളത്തിലേക്കും പിന്നാലെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും തന്റെ ലോട്ടറി വ്യവസായം വ്യാപിപ്പിച്ചു.
ഇന്നും ‘ഡിയര്‍ ലോട്ടറി’ എന്ന പേരില്‍ വില്‍ക്കപ്പെടുന്ന മാര്‍ട്ടിന്റെ ലോട്ടറി വ്യവസായം 13 സംസ്ഥാനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു. രാജ്യത്തെ ലോട്ടറി വിതരണക്കാരുടെയും ഏജന്റുമാരുടെയും സ്റ്റോക്കിസ്റ്റുകളുടെയും സംഘടനയായ ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് ലോട്ടറി ട്രേഡ് ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റാണ് സാന്റിയാഗോ മാര്ട്ടിന് എന്നും ലൈബീരിയയില്‍ ലോട്ടറി വ്യവസായം ആരംഭിച്ചത് മാര്‍ട്ടിനാണെന്നും ഫ്യൂച്ചര്‍ ഗെയിമിംഗ് വെബ്സൈറ്റ് അവകാശപ്പെടുന്നു.
ലോട്ടറിയില്‍ വ്യവസായത്തില്‍ നിന്നുള്ള പണം ഉപയോഗിച്ച് റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണം, ഊര്‍ജം, ദൃശ്യമാധ്യമ രംഗം, വസ്ത്രം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സോഫ്റ്റ്വെയര്, സാങ്കേതികവിദ്യ, പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ്, അഗ്രോ, ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോകള്‍, നിര്‍മ്മാണ സാമഗ്രികള്‍ എന്നിങ്ങനെയുള്ള മറ്റ് നിരവധി ബിസിനസുകളിലേക്ക് മാര്ട്ടിന് കടക്കുന്നു. 2011 ല്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ തിരക്കഥയെ ആസ്പദമാക്കി 20 കോടി മുടക്കി ഖുഷ്ബുവും മീരാജാസ്മിനും രമ്യാ നമ്പീശനും അഭിനയിച്ച ‘ഇളയ്ഞന്‍’ എന്ന സിനിമയും മാര്ട്ടിന് നിര്‍മ്മിച്ചു. ഇതിനിടെ പോപ്പ് ബെനഡിക്റ്റ് പതിനാറാമന്റെ അപ്പസ്തോലിക അനുഗ്രഹവും ലഭിച്ചതോടെ മാര്‍ട്ടിന്റെ പ്രശസ്തി ലോകമെങ്ങും ഉയര്‍ന്നു.
എന്നാല്‍, പ്രശ്തിയുടെ കൊടുമുടുയില്‍ നിന്നും തകര്‍ച്ചയുടെ പടുകുഴിയില്‍ വീഴാന്‍ അധിക സമയം വേണ്ടി വരില്ലെന്ന് പറയുന്നതു പോലെയായിരുന്നു കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. ലോട്ടറി വില്‍പ്പനയില്‍ സിക്കിം സര്‍ക്കാറിനെ കബളിപ്പിച്ചുവെന്ന കേസ് 2008ല്‍ ആരംഭിക്കുന്നു. ഇവിടെ തുടങ്ങുകയാണ് ലോട്ടറി രാജാവിന്റെ പതനം. ഇതേ കാലത്താണ് മാര്ട്ടിന്, സിപിഎം മുഖപത്രമായ ദേശാഭിമാനിക്ക് 2 കോടി രൂപ സംഭാവന നല്‍കിയെന്ന ആരോപണം ഉയര്‍ന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ സംഘര്‍ഷത്തിന് വഴിവെച്ചു. 2011ല്‍ ഭൂമി കൈമാറ്റ കേസില്‍ ജയലളിത മാര്‍ട്ടിനെ അറസ്റ്റു ചെയ്തു. 2015ല്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ മാര്ട്ടിന് സിക്കിം ലോട്ടറി കേരളത്തില്‍ വില്പന നടത്തി എന്ന കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നു.
2017ല്‍ ജിഎസ്ടിക്ക് മുമ്പുള്ള ലോട്ടറികള്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കുകയും ഉയര്‍ന്ന സമ്മാനങ്ങള്‍ നേടിയതായും ഇഡി ആരോപിച്ചു. അനധികൃത ഇടപാടിലൂടെ 910 കോടി രൂപയുടെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന ദി ക്വിന്റിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2019-ല്‍, ഇഡി മാര്‍ട്ടിനെതിരെ അന്വേഷണം ആരംഭിച്ചു, 2022 ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലോട്ടറി കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 409.92 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടി. തൊട്ടടുത്ത വര്‍ഷം മറ്റൊരു 457 കോടി രൂപയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി.
2023 ഒക്ടോബറില്‍ മാര്‍ട്ടിന്റെ കോയമ്പത്തൂരിലെ സ്വത്തുക്കളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അനധികൃത മണല്‍ ഖനനക്കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം മാര്‍ട്ടിന്റെ മരുമകന് ആധവ് അര്‍ജുന്റെ സ്ഥാപനങ്ങളില്‍ ഇഡി പരിശോധന നടത്തി. ഇത്രയേറെ സാമ്പത്തിക തട്ടിപ്പുകളില്‍ പങ്കാളിയായ സാന്റിയാഗോ മാര്ട്ടിന് വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിലയാണ് മാധ്യമങ്ങളെ ഞെട്ടിച്ചത്. 1,394 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ടുകളാണ് വാങ്ങിയത്. എല്ലാം ഒരു കോടി രൂപ മൂല്യമുള്ള ബോണ്ടുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021, 2022, 2023 വാര്‍ഷങ്ങളിലാണ് സാന്റിയാഗോ മാര്ട്ടിന് ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത്.
പക്ഷേ, ഇലക്ടറല്‍ ബോണ്ടുകളുടെ സ്വഭാവം വച്ച്, സാന്റിയാഗോ മാര്ട്ടിന് ഏത് പാര്‍ട്ടിക്ക് വേണ്ടിയാണ് ബോണ്ടുകള്‍ വാങ്ങിയതെന്ന് കണ്ടെത്താനാവില്ല.സാന്റിയാഗോ മാര്ട്ടിന് എന്ന ലോട്ടറി രാജാവിന്റെ പേര് വീണ്ടും ചര്‍ച്ചയായത്, തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിയതാര് എന്ന അന്വേഷണത്തിലാണ്. 2019നും 2024നും ഇടയില്‍ എസ്ബിഐ വഴി വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത് പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് വിട്ട കണക്കുകളാണ് ഇലക്ടറല്‍ ബോണ്ടുകളെ വീണ്ടും രാജ്യത്തെ പ്രധാന വാര്‍ത്തയാക്കി മാറ്റിയത്.
ലക്ഷ്മി മിത്തല്‍, ഭാരതി എയര്‍ടെല്‍, വേദാന്ത, ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡിഎല്‍എഫ്, പിവിആര്‍, ബിര്‍ലസ്, ബജാജ്, ജിന്‍ഡാല്‍സ്, സ്പൈസ്ജെറ്റ്, ഇന്‍ഡിക്ക തുടങ്ങിയ ഇന്ത്യന്‍ വ്യാവസായ ലോകത്തെ പ്രമുഖരെല്ലാം തന്നെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതായി പുറത്ത് വിട്ട കണക്കുകള്‍ കാണിക്കുന്നു. ഈ വമ്പന്‍ കമ്പനികളോടൊപ്പം സാന്റിയാഗോ മാര്ട്ടിന് വാങ്ങിയ ഇലക്ട്രല്‍ ബോണ്ടുകള്‍ ഏതു പാര്‍ട്ടിക്കായിരിക്കും നല്‍കിയിരിക്കുന്നത് എന്നതാണ് പ്രധാന ചര്‍ച്ചയാകുന്നത്.
Read more :
- ഗസ്സയിൽ നോമ്പ് തുറക്കാൻ ഭക്ഷണമില്ലപ്രാർത്ഥിക്കാൻ ഇടമില്ല
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ