പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത അനിൽ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ ഒരു മൂലക്കൊതുങ്ങി കോൺഗ്രസ് വിട്ട പത്മജ വേണുഗോപാൽ. പത്മജയെ മോദിക്ക് പരിചയപ്പെടുത്താൻ ബിജെപി സംസ്ഥാന നേതാക്കളും തയ്യാറായിട്ടില്ല. മോദി പത്മജയോട് വേദിയിലെത്തി പ്രസംഗം പൂർത്തിയാക്കി തിരികെ പോകുന്നത് വരെ ഒരു വാക്ക് പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കേരളത്തിൽ ബിജെപി വലിയ രീതിയിൽ കൊട്ടിഘോഷിച്ച് പ്രചരണമായിരുന്നു പത്മജയുടെ പാർട്ടി പ്രവേശനത്തിന് നൽകിയിരുന്നത്. എന്നാൽ പത്മജ അംഗത്വം സ്വീകരിച്ച് ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിന്നു പോലും ഒതുക്കി നിർത്തപ്പെടുന്ന കാഴ്ചയാണ് ഇന്ന് പത്തനംതിട്ടയിൽ കണ്ടത്. പത്തനംത്തിട്ടയിൽ അനിൽ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ കെ കരുണാകരൻ്റെ മകളായതുകൊണ്ട് കോൺഗ്രസിൽ ഒരു മൂലക്കിരുത്തി എന്നാണ് പത്മജ പ്രസംഗിച്ചത്.
എന്നാൽ ബിജെപിയിൽ എത്തിയതിന് ശേഷവും മൂലക്കൊതാക്കുന്ന കാഴ്ചയാണ് പത്തനംതിട്ടയിലും കണ്ടത്. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും കഴിഞ്ഞ ദിവസം പത്മജക്കെതിരെ ഒളിയമ്പുകൾ എയ്‌തിരുന്നു. അവർ ക്ഷണിച്ചിട്ട് വന്നതല്ല എന്നതായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പാർട്ടി തീരുമാനത്തെ എന്തായാലും അംഗീകരിക്കുമെന്നാണ് മനസില്ലാ മനസോടെ താരം പറഞ്ഞത്.
രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളാണ് വേദിയിൽ ഉണ്ടായിരുന്നത്. ഇതിൽ അനിൽ ആൻ്റണിയുമായി അടുത്തിടപഴകിയ പ്രധാനമന്ത്രി ആലപ്പുഴയിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെയും അവഗണിച്ചു. പല തവണ അനിൽ ആൻ്റണിയോട് കുശലം പറഞ്ഞ മോദി ശോഭയോട് സംസാരിക്കാൻ പോലും കൂടാക്കിയില്ല.
അതേസമയം;ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിയുമെന്ന് പറഞ്ഞ നരേന്ദ്ര മോദി പറഞ്ഞു. രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും അദ്ദേഹംഅവകാശപ്പെട്ടു. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തും. യുവത്വത്തിന്റെ പ്രതീകമാണ് അനില്‍ അന്റണി. കേരളത്തിന്റെ നവീകരണത്തിന് അനില്‍ ആന്റണിയുടെ വിജയം ആവശ്യമാണെന്ന് മോദി പറഞ്ഞു.
















