പത്തനംതിട്ട: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിൽ അനിൽ ആൻ്റണിയുടെ പ്രചരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ അവകാശവാദം.
ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിയുമെന്ന് പറഞ്ഞ മോദി രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും അവകാശപ്പെട്ടു. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തും. യുവത്വത്തിന്റെ പ്രതീകമാണ് അനില്‍ അന്റണി. കേരളത്തിന്റെ നവീകരണത്തിന് അനില്‍ ആന്റണിയുടെ വിജയം ആവശ്യമാണെന്ന് മോദി പറഞ്ഞു.
കേരളത്തിൽ അഴിമതി നിറഞ്ഞ സര്‍ക്കാരുകളാണ് മാറി മാറി ഭരിച്ചത്. അതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം വലുതാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ പോലും മർദ്ദനത്തിന് ഇരയാകുന്നു. വനിതകളും യുവാക്കളും എല്ലാവരും ഭയപ്പെട്ടാണ് ജീവിക്കുന്നത്. സര്‍ക്കാര്‍ ആലസ്യത്തില്‍ ഉറങ്ങുകയാണ്. ഇതിന് മാറ്റം അനിവാര്യമാണ്. എല്‍ഡിഎഫ്- യുഡിഎഫ് എന്നത് മാറിയാല്‍ മാത്രമേ കേരളത്തിന് രക്ഷ ഉണ്ടാകുകയുള്ളവെന്ന് മോദി അഭിപ്രായപ്പെട്ടു.
സ്വാമിയേ ശരണം അയ്യപ്പാ എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. പത്തനംതിട്ടയിലെ എന്റെ സഹോദരി സഹോദരന്‍മാര്‍ക്കും നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞതോടെ സദസ് നിറഞ്ഞ കൈയടിയോടെയാണ് മോദിയെ വരവേറ്റത്. രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നത്.
















