ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പെട്രോൾ ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ട് രൂപ വീതമാണ് പെട്രോളിനും ഡീസലിനും കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകും. എണ്ണ കമ്പനികളാണ് വില കുറച്ചിരിക്കുന്നത്.
രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചുകൊണ്ടുള്ള പ്രഖ്യാപനം പുറത്തുവരുന്നത്. കഴിഞ്ഞ ആഴ്ച പാചക വാതക വിലയും കുറച്ചിരുന്നു.
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. നിലവിൽ രാജ്യത്ത് നൂറ്റിപ്പത്തിനോടടുത്താണ് പെട്രോള്‍ വില. ഇക്കാരത്താല്‍ തന്നെ അവശ്യവസ്തുക്കളുടെ വിലയും കൂടുതലാണ്. പെട്രോള്‍ വില കുറയ്ക്കുന്നത് വിലക്കയറ്റത്തിനും പരിഹാരമാകുമെന്നാണ് വിലയിരുത്തലുകൾ.
പാചകവാതക വില കുറച്ചതിന് വലിയ സ്വീകാര്യത ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പെട്രോളിനും വില കുറയ്ക്കാന്‍ തയ്യാറെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാജ്യത്തെ പെട്രോള്‍ വില പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചയാക്കുന്നത് ഒരുപരിധി വരെ തടയാനും തീരുമാനം സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വിലയിരുത്തൽ.