ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയത് സാൻ്റിയോഗോ മാർട്ടിൻ്റെ കമ്പനി; കൂടുതൽ സംഭാവന ലഭിച്ച പാർട്ടി ബിജെപി ; ലോട്ടറി രാജാവിൻ്റെ കമ്പനി ചെലവാക്കിത് 2173 കോടി

ന്യൂഡൽഹി: സുപ്രീം കോടതി വിധിക്ക് പിന്നാലെ എസ്ബിഐ നൽകിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. എസ്ബിഐ നൽകിയ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഒന്നാം ഭാഗത്തിൽ ബോണ്ട് വാങ്ങിയവരുടേയും രണ്ടാം ഭാഗത്തിൽ രാഷ്ട്രീയ പാർട്ടികളുടേയും വിവരങ്ങളാണുളളത്.

ഇലക്ട്രറല്‍ ബോണ്ടുകളിലൂടെ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടി ബിജെപിയാണ്. ബോണ്ടുകളുടെ 75 ശതമാനവും  പങ്കുപറ്റിയിരിക്കുന്നത് കേന്ദ്ര ഭരണ പാർട്ടിയായ ബിജെപി. കോണ്‍ഗ്രസ്, എഐഎഡിഎംകെ, ബിആര്‍എസ്, ശിവസേന, ടിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജനതാദള്‍ എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, ബിജു ജനതാ ദള്‍, എന്‍സിപി, ആംആദ്മി പാര്‍ട്ടി, ജെഡിയു, ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി, ജെഎംഎം, തുടങ്ങിയവര്‍ ഫണ്ട് കൈപ്പറ്റിയിട്ടുണ്ട്. അതേസമയം സിപിഎമ്മും സിപിഐയും ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന വാങ്ങിയിട്ടില്ല.

കണക്കുകൾ പ്രകാരം ബിജെപിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി രണ്ടായിരത്തി മുന്നൂറ്റി അറുപത് (2360 കോടി)  ടിഎംസിക്ക് 416 കോടി രൂപയും ലഭിച്ചു .തൊട്ടുപിന്നിലുള്ള ബിജെഡിക്ക് ലഭിച്ചത് 328 കോടി രൂപയാണ്. 302.16 കോടി രൂപ കോൺഗ്രസിനും 294 കോടി രൂപയാണ് ഡിഎംകെയ്ക്കും ലഭിച്ചു.

ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ കമ്പനികളില്‍ സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനിയാണ് മുന്നിൽ. സാൻറിയാഗോ മാര്‍ട്ടിന്‍റ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് ഹോട്ടല്‍ സർവീസസ്  2173 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങികൂട്ടി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകി. ഡോ. റെ‍ഡ്ഡീസ് തുടങ്ങിയ ഫാർമ കമ്പനികളും ബോണ്ടുകൾ വാങ്ങി സംഭാവന നൽകിയിട്ടുണ്ട്. 

 സാൻറിയാഗോ മാർട്ടിന്‍റെ കമ്പനിക്കെതിരെ ഇഡി നടപടി നേരിട്ടിട്ടുണ്ടായിരുന്നു. മേഘ എഞ്ചിനീയറിങ് ആന്‍റ് ഇൻഫ്രാസ്ക്ചർ ലിമിറ്റഡ് 980 കോടിയുടെ ബോണ്ടുകൾ വാങ്ങി.  മേഘ എഞ്ചിനീയറിങെനിതിരെ ആദായ നികുതി വകുപ്പ് നടപടിയുണ്ടായിരുന്നു. കേന്ദ്ര ഏജൻസികളുടെ നടപടി നേരിട്ട കമ്പനികളാണ് കൂടുതൽ കടപത്രങ്ങളും വാങ്ങിക്കൂട്ടിയിരിക്കുന്നത്. വാക്സിൻ കമ്പനിയായ ഭാരത് ബയോടെകും ബോണ്ടുകള്‍ വാങ്ങി കോടികള്‍ സംഭാവന നല്‍കി. നിരവധി ഖനി കമ്പനികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ടിലൂടെ സംഭാവന നല്‍കി. 

ക്വിക് സപ്ലൈ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡാണ് മൂന്നാമത്. 410 കോടി രൂപയുടെ ബോണ്ടുകളാണ് ഇവര്‍ വാങ്ങിയത്. വേദാന്ത ലിമിറ്റഡ് 400 കോടി രൂപയുടെ ബോണ്ടുകളും ഹാല്‍ദിയ എനര്‍ജി ലിമിറ്റഡ് 377 കോടി രൂപയുടെ ബോണ്ടുകളും വാങ്ങിയിട്ടുണ്ട്. ഭാരതി ഗ്രൂപ്പ് 247 കോടി രൂപ, എസ്സെല്‍ മൈനിങ്ങ് ആന്‍ഡ് ഇന്‍ഡസ് ലിമിറ്റഡ് 224 കോടി രൂപ, വെസ്‌റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് 220 കോടി രൂപ, കെവന്റ് ഫുഡ് പാര്‍ക്ക് ഇന്‍ഫ്രലിമിറ്റഡ് 195 കോടി രൂപ, മദന്‍ലാല്‍ ലിമിറ്റഡ് 185 കോടി എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനത്തുള്ള ഏറ്റവും കൂടുതല്‍ മൂല്യത്തിന് ബോണ്ടുകള്‍ വാങ്ങിയ കമ്പനികള്‍.

അദാനി, റിലയൻസ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല. ഐടിസി എയർടെൽ, സൺഫാർമ, ഇൻഡിഗോ, എംആർഎഫ് , വേദാന്ത, മൂത്തൂറ്റ് ഫിനാൻസ്, DLF, അംബുജാ സിമന്റ്സ്, നവയുഗ തുടങ്ങിയ കമ്പനികളുടെ പേരുകൾ ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച ലിസ്റ്റിലുണ്ട്.

അതേസമയം; സുപ്രീം കോടതി വിധിയിൽ പരിഷ്ക്കരണം വേണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ നല്‍കി. നാളെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ആവശ്യം പരിഗണിക്കും. ഭരണഘടന ബെഞ്ചിന്‍റെ സിറ്റിംഗിലായിരിക്കും അപേക്ഷ പരിഗണിക്കുക. എന്നാല്‍, പുതിയ നീക്കത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി.

ഇലക്ട്രല്‍ ബോണ്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതെയിരിക്കാനുള്ള നീക്കമാണെന്ന് പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു. ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടതിന് പിന്നാലെയാണ് പുതിയ നീക്കവും ഉണ്ടായിരിക്കുന്നത്.

കമ്മീഷൻ സീൽ കവറിൽ നൽകിയ വിവരങ്ങൾ തിരികെ വേണമെന്നാണ് അപേക്ഷയിലെ ആവശ്യം. കമ്മീഷൻ നല്‍കിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, സുപ്രീം കോടതിയില്‍ നല്‍കിയ രേഖകളുടെ പകർപ്പ് കൈവശം ഇല്ലെന്നും അതിനാൽ അവ വെബ് സെറ്റിൽ പ്രസിദ്ധീകരിക്കാൻ തിരികെ വേണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം. ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ അടങ്ങിയ 106 സീൽഡ് കവറുകളാണ് കമ്മിഷൻ കോടതിയിൽ ഹാജരാക്കിയത്.

ഫെബ്രുവരി 15ന് ഇലക്ട്രൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. 2019 ഏപ്രിൽ 12 മുതലുള്ള എല്ലാ ഇലക്ടറൽ ബോണ്ട് പർച്ചേസുകളുടെയും വിശദാംശങ്ങൾ മാർച്ച് 6-നകം ഇസിക്ക് നൽകാൻ എസ്ബിഐയോട് നിർദ്ദേശിച്ചു. മാർച്ച് 13നകം ഈ വിവരങ്ങൾ ഇസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചു.

2019 ഏപ്രിൽ 1 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള കാലയളവിൽ മൊത്തം 22,217 ബോണ്ടുകൾ വാങ്ങിയതായും അതിൽ 22,030 ഇലക്ടറൽ ബോണ്ടുകൾ വീണ്ടെടുത്തതായും എസ്ബിഐ സുപ്രീംകോടതിയെ അറിയിച്ചു.