ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട എസ്ബിഐ കൈമാറിയ വിവരങ്ങൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്ക് ഒരു ദിവസം മുമ്പാണ് വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 2019 ഏപ്രിൽ 12 മുതൽ ഒരു ലക്ഷം രൂപ, 10 ലക്ഷം രൂപ, ഒരു കോടി രൂപ എന്നിങ്ങനെ മൂന്ന് മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
രണ്ടു പട്ടികകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യത്തേത് കടപ്പത്രം വാങ്ങിയ കമ്പനികളുടേതാണ്. അവയുടെ മൂല്യം, തീയതി എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊന്നിൽ രാഷ്ട്രീയ പാർട്ടികളുടെ പേരുകളും ബോണ്ടുകളുടെ മൂല്യങ്ങളും അവ എൻക്യാഷ് ചെയ്ത തീയതികളും ഉണ്ട്. എന്നാൽ ഓരോ പാർട്ടിക്കും ആരുടെയെല്ലാം പണം ലഭിച്ചുവെന്ന വിവരമില്ല. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, പെഗാസസ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, അപ്പോളോ ടയേഴ്സ് ലിമിറ്റഡ്, ബജാജ് ഓട്ടോ ലിമിറ്റഡ്, ബജാജ് ഫിനാൻസ്, ഐടിസി, അൾട്രാ ടെക് സിമന്റ് തുടങ്ങിയ കമ്പനികൾ ബോണ്ട് വാങ്ങിയവരുടെ പട്ടികയിലുണ്ട്. അദാനി, റിലയൻസ് കമ്പനികളുടെ പേര് പട്ടികയിലില്ല.
ചൊവ്വാഴ്ചയാണ് കടപ്പത്രത്തിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് എസ്ബിഐ കൈമാറിയത്. വിവരങ്ങൾ നൽകാൻ സാവകാശം തേടിയുള്ള എസ്ബിഐയുടെ ഹർജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ജൂൺ 30 വരെ സാവകാശം ആവശ്യപ്പെട്ടാണ് എസ്ബിഐ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. കയ്യിലുള്ള വിവരങ്ങൾ നൽകാനാണ് കോടതി നിർദ്ദേശിച്ചത്.
ആകെ വിറ്റത് 22,217 കടപ്പത്രങ്ങളാണെന്നും ഇതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ ഉപയോഗിച്ചെന്നും എസ്ബിഐ സുപ്രിം കോടതിയെ അറിയിച്ചു. 2019 എപ്രിൽ മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള വിവരങ്ങളാണ് കൈമാറിയത്.
അതേസമയം; സുപ്രീം കോടതി വിധിയിൽ പരിഷ്ക്കരണം വേണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ നല്‍കി. നാളെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ആവശ്യം പരിഗണിക്കും. ഭരണഘടന ബെഞ്ചിന്‍റെ സിറ്റിംഗിലായിരിക്കും അപേക്ഷ പരിഗണിക്കുക. എന്നാല്‍, പുതിയ നീക്കത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. ഇലക്ട്രല്‍ ബോണ്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതെയിരിക്കാനുള്ള നീക്കമാണെന്ന് പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു. ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടതിന് പിന്നാലെയാണ് പുതിയ നീക്കവും ഉണ്ടായിരിക്കുന്നത്.
കമ്മീഷൻ സീൽ കവറിൽ നൽകിയ വിവരങ്ങൾ തിരികെ വേണമെന്നാണ് അപേക്ഷയിലെ ആവശ്യം. കമ്മീഷൻ നല്‍കിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, സുപ്രീം കോടതിയില്‍ നല്‍കിയ രേഖകളുടെ പകർപ്പ് കൈവശം ഇല്ലെന്നും അതിനാൽ അവ വെബ് സെറ്റിൽ പ്രസിദ്ധീകരിക്കാൻ തിരികെ വേണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം. ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ അടങ്ങിയ 106 സീൽഡ് കവറുകളാണ് കമ്മിഷൻ കോടതിയിൽ ഹാജരാക്കിയത്.
ഫെബ്രുവരി 15ന് ഇലക്ട്രൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. 2019 ഏപ്രിൽ 12 മുതലുള്ള എല്ലാ ഇലക്ടറൽ ബോണ്ട് പർച്ചേസുകളുടെയും വിശദാംശങ്ങൾ മാർച്ച് 6-നകം ഇസിക്ക് നൽകാൻ എസ്ബിഐയോട് നിർദ്ദേശിച്ചു. മാർച്ച് 13നകം ഈ വിവരങ്ങൾ ഇസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചു.
2019 ഏപ്രിൽ 1 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള കാലയളവിൽ മൊത്തം 22,217 ബോണ്ടുകൾ വാങ്ങിയതായും അതിൽ 22,030 ഇലക്ടറൽ ബോണ്ടുകൾ വീണ്ടെടുത്തതായും എസ്ബിഐ സുപ്രീംകോടതിയെ അറിയിച്ചു.