തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും എതിരായ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ ഹർജിയിൽ കേസെടുക്കാനാകില്ലെന്ന് വിജിലൻസ്. ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് വിജിലൻസ് തങ്ങളുടെ നിലപാട് അറിയിച്ചത്. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി മാർച്ച് 27ന് പരിഗണിക്കും.
വീണാ വിജയന്റെ കമ്പനിയുമായിട്ടുള്ള പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാത്യു കുഴൽനാടൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ, ഈ ആവശ്യത്തെ വിജിലൻസ് കോടതിയിൽ എതിർത്തു. കേസിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് സാധ്യതയില്ലെന്നും വിജിലൻസ് അറിയിച്ചു.
മാസപ്പടി അന്വേഷണത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നേരത്തെ വിജിലൻസിൽ പരാതി സമർപ്പിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി വാർത്താ സമ്മേളനങ്ങളിൽ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. രേഖകൾ സഹിതമാണ് അദ്ദേഹം വിജിലൻസിന് പരാതി സമർപ്പിച്ചത്.
അതേ സമയം; ഇന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രോഷാകുലനായിട്ടാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞ്. വീണ വിജയനെതിരായ അന്വേഷണം നടക്കട്ടെയെന്ന് മാത്രമായിരുന്നു പിണറായി വിജയന്റെ മറുപടി. ഇതുസംബന്ധിച്ചുള്ള തുടര്‍ ചോദ്യങ്ങളില്‍ നിങ്ങള്‍ക്ക് ചെവി കേള്‍ക്കുന്നില്ലേ എന്നായിരുന്നു സ്വരം കടുപ്പിച്ചുള്ള മുഖ്യമന്ത്രി തിരിച്ചുള്ള ചോദ്യം.
















