കൊച്ചി: കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെതിരെ കൂടുതൽ വെളിപ്പെടുത്തലായി വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനുമായി ദീപ്തി കൂടിക്കാഴ്ച നടത്തിയെന്നാണ് വെളിപ്പെടുത്തൽ. പാർട്ടി മാറുന്ന കാര്യം ചർച്ചയായെന്നും ജയരാജൻ്റെ വിശ്വാസം നേടുന്നതിനായി ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിനെതിരേ വോട്ട് ചെയ്തെന്നും നന്ദകുമാർ പറയുന്നു. ഇതിന് ശേഷം വിവിപാറ്റ് സ്ലിപ്പിന്റെ ദൃശ്യം തനിക്ക് മൊബൈലിൽ അയച്ചുതന്നു. ദീപ്തി ഇക്കാര്യം നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്നും നന്ദകുമാർ വെളിപ്പെടുത്തി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് ദീപ്തിയെ സമീപിച്ചത് ഞാനാണ്. ആ സമയത്ത് യുഡിഎഫിലെ അസംതൃപ്തരെ സിപിഎമ്മിൽ എത്തിക്കാനായിരുന്നു നീക്കം. ഇതിനായി ബൂത്ത് തലത്തിലുള്ള പ്രമുഖരുടെലിസ്റ്റും നൽകിയിരുന്നു. ജയരാജൻ്റെ അറിവോടെയാണ് അവരെ കണ്ടത്. ഉപതെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിൽനിന്ന് സിപിഎമ്മിൽ കൗൺസിലറായിരുന്ന എം.ബി. മുരളീധരനാണ് ദീപ്തിയുടെ പേര് നിർദ്ദേശിക്കുന്നത്.അദ്ദേഹത്തോടൊപ്പമായിരുന്നു കൂടിക്കാഴ്ച, നന്ദകുമാർ പറഞ്ഞു.
കോൺഗ്രസിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. പ്രവർത്തനം മാത്രമേ നിലവിലുള്ളുവെന്നും ദീപ്തി പറഞ്ഞു. തുടർന്ന് അവരെ സമീപിച്ചതിന്റെ യാഥാർത്ഥ്യം ബോധ്യപ്പെടാൻ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ ആരെങ്കിലും തന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. ഇതിനു ശേഷം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ചാർജുണ്ടായിരുന്ന ജയരാജനെ നേരിട്ടു കണ്ടുവന്നുകണ്ടു. ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സത്യസന്ധത തെളിയിക്കാൻ വേണ്ടി പിന്നീട് ഉമാ തോമസിനെതിരേ വോട്ട് ചെയ്തതിന്റെ ദൃശ്യം പകർത്തി അയച്ചുതരികയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പിൽ ഉമാ തോമസ് മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ച ശേഷം ദീപ്തിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവർ പ്രതികരിക്കാൻ തയ്യാറായില്ലെന്നും നന്ദകുമാർ പറഞ്ഞു.
മുമ്പ് ഉപതിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിലേക്ക് ക്ഷണിച്ച് ദല്ലാൾ നന്ദകുമാർ തന്നെ സമീപിച്ചെന്ന് ദീപ്തി മേരി വർഗീസ് വെളിപ്പെടുത്തിയിരുന്നു. എൽഡിഎഫ് കൺവീനർ ഇപിജയരാജൻ റിക്രൂട്ടിംഗ് ഏജന്റായി പ്രവർത്തിക്കുകയാണ്. ജയരാജനല്ല സീതാറാം യെച്ചൂരി വിളിച്ചാലും അത് തള്ളിക്കളയാനുള്ള ഔചിത്യം തനിയ്ക്കുണ്ടെന്നും കൊച്ചി കോർപറേഷൻ കൗൺസിലർ കൂടിയായ ദീപ്തി മുമ്പ് പറഞ്ഞിരുന്നു.
















