തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവ വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട് വിസി മോഹൻ കുന്നുമ്മൽ. കലോത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ അഴിമതി, വിധികർത്താവിൻ്റെ ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെടാണ് വിസി പൊലീസിന് കത്ത് നൽകിയത്. കലോത്സവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ വിശദാംശങ്ങൾ അന്വേഷണമാണ് ആദ്യം പുറത്ത് വിട്ടത്.കലോത്സവത്തിൻ്റെ നടത്തിപ്പുമായി യൂണിവേഴ്സിറ്റി യൂണിയന് അടക്കം പങ്കുണ്ടെന്ന സൂചനകളാണ് അന്വേഷണം പുറത്തുവിട്ടിരുന്നത്.
സർവകലാശാല യൂണിയനെ അസാധുവാക്കാനടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് വിസിയുടെ തീരുമാനം . കാലാവധി പുതുക്കി നൽകണമെന്ന ആവശ്യവും വിസി അംഗീകരിച്ചില്ല. .സ്റ്റുഡൻ്റ്സ് സർവ്വീസ് ഡയറക്ടർക്കാണ് യൂണിയൻ്റെ ചുമതല.
സൂരജ്, ജോമറ്റ്, ജഗത്ത് രാമചന്ദ്രൻ എന്നിവരുടെ ഇടനിലയിലാണ് അഴിമതി നടന്നിട്ടുള്ളത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മുൻ വർഷങ്ങളിൽ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട അഴിമതി നടത്തിയതിന്റെ ഭാഗമായി കരിമ്പട്ടികയിൽ ഉൾപ്പെട്ടവരാണ് ഇവർ. പരിശീലകരായ ബിജു ഇരുനാവ്, ആദംഷ എന്നിവരോട് ഈ കലോത്സവത്തിൽ പങ്കെടുക്കുന്ന ഒരു കുട്ടിയുടെ അമ്മ സംസാരിക്കുന്ന ഓഡിയോയുടെ ഭാഗങ്ങളും പുറത്ത് വന്നിരുന്നു. ആദംഷ, ജഗത് എന്നിവർ പുതിയൊരു ഐഫോൺ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ വിജയ് വിമലിന് ഉദിഷ്ടകാര്യത്തിനു ഉപകാര സ്മരണ എന്ന നിലയിൽ സമ്മാനമായി നൽകിയിട്ടുണ്ട് എന്ന സൂചനകളും അന്വേഷണം പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം, കേരള സര്‍വകലാശാല കലോല്‍സവത്തില്‍ കോഴ ആരോപണം നേരിട്ട മാര്‍ഗംകളി മല്‍സരത്തിന്റെ വിധികര്‍ത്താവ് പി.എന്‍.ഷാജിയാണ് ആത്മഹത്യ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഷാജിയോട് ആവശ്യപ്പെട്ടിരുന്നു.
ഷാജി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. താൻ കോഴ വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും അർഹതപ്പെട്ടവർക്കു മാത്രമാണ് മാർക്ക് നൽകിയതെന്നും ഷാജി കുറിപ്പിൽ വ്യക്തമാക്കി.
കേരള സർവകലാശാല യുവജനോത്സവത്തിൽ കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തെ തുടർന്ന് ഷാജി ഉൾപ്പെടെ 3 പേർ അറസ്റ്റിലായിരുന്നു. ഷാജിക്കു പുറമേ പരിശീലകനും ഇടനിലക്കാരനുമെന്നു കരുതുന്ന കാസർകോട് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂർ സ്വദേശി സി.സൂരജ് (33) എന്നിവരെയാണ് സംഘാടകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിധികർത്താവായ ഷാജിയുടെ ഫോണിലേക്ക് ജോമെറ്റും സൂരജും പലതവണ വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. മത്സരശേഷം വിധികർത്താക്കളുടെ അനുമതിയോടെ ഫോണുകൾ പരിശോധിക്കുകയും ജോമെറ്റ്, സൂരജ്, സോനു എന്നിവരെ യൂണിവേഴ്സിറ്റി കോളജിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തതോടെ തട്ടിപ്പു പുറത്തായെന്നാണ് സംഘാടകർ പറയുന്നത്.
















