തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. വൈദ്യുതി ഉപയോഗം തുടർച്ചയായ ദിവസങ്ങളിൽ ഉപഭോഗം കുതിച്ചുയർന്നതോടെയാണ് തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി100 ദശലക്ഷം യൂണിറ്റ് കടന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം രൂക്ഷമാകുന്നുവെന്ന് കാട്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
വിഷയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന നാളെത്തെ ഉന്നതതല യോഗം ചർച്ച ചെയ്യും. യോഗത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും. തെരഞ്ഞെടുപ്പ് കാലത്ത് നിരക്ക് വർധനവ് വേണ്ടമോ എന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാവും. നാളെ വൈകുന്നേരം 3 മണിക്കാണ് യോഗം ചേരുക.
സംസ്ഥാനത്ത് കൊടും ചൂട് രൂക്ഷമായി തുടരുന്നതോടെ വൈദ്യുതി ഉപയോഗം സർവകാല റെക്കോഡും ഭേദിച്ചാണ് മുന്നോട്ടു പോകുന്നത്. തിങ്കളാഴ്ച 100.16 ദശലക്ഷം യൂണിറ്റിന്‍റെ സർവകാല റെക്കോഡ് ചൊവ്വാഴ്ച തകർന്നു. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത്
ആകെ 101.38 ദശക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ആവശ്യമായി വരുന്നത്. കേന്ദ്ര വിഹിതവും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനവുമെല്ലാം ചേർത്താൽ 4400 മെഗാ വാട്ട് വൈദ്യുതി മാത്രമാണ് ഉള്ളത്. ഇതിന് അപ്പുറത്തേക്ക് ആവശ്യമുള്ള വൈദ്യുതി നിലവിൽ കേന്ദ്ര പവർ എക്സേഞ്ചിൽ നിന്നാണ് കെഎസ്ഇബി വാങ്ങുന്നത്. 8 മുതൽ 12 രൂപ നിരക്കിലാണ് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങുന്നത്. വരും ദിവസങ്ങളിൽ വൈദ്യുത ഉപയോഗം കൂടുമെന്നാണ് കെ എസ് ഇ ബിയുടെ കണക്ക് കൂട്ടൽ. ഈ സാഹചര്യം കണക്കിലെടുത്താണ് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
















