ആലപ്പുഴ∙ എഐസിസി ജനറൽ സെക്രട്ടറിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ യുഡിഎഫ് കെ.സി. വേണുഗോപാലിനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുനതായി ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. വേണുഗോപാൽ തനിക്കെതിരെ നൽകിയ മാനനഷ്ട കേസിനെ സന്തോഷ പൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ആരോപണം തെളിയിക്കുന്നതിനുള്ള രേഖകളെല്ലാം കയ്യിലുണ്ട്. 2004 ൽ ശിശ്റാം ഓല മന്ത്രിയായിരുന്ന കാലത്ത് കോടികളുടെ തീവട്ടി കൊള്ളയാണ് നടന്നത്. പിന്നീട് ശിശ് റാം ഓലയെ കോൺഗ്രസിന് മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നു. ഉന്നയിച്ച കാര്യങ്ങളുടെ രേഖ ഇല്ലാതെ ഒന്നും ഉന്നയിക്കാറില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
‘‘കേരളത്തിലെ ധാതുനിക്ഷേപങ്ങളെല്ലാം കവർന്നെടുത്ത് കെ.സി. വേണുഗോപാൽ കോടികൾ സമ്പാദിച്ചു. ഓലയും വേണുഗോപാലും ചേർന്ന് രാജ്യാന്തര തലത്തിൽ പലതരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്. കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബിനാമി പേരിൽ കെ.സി. വേണുഗോപാൽ ആയിരക്കണക്കിനു കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുൾപ്പെട്ട ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ.സി. വേണുഗോപാൽ പറഞ്ഞിട്ട് ഓലയാണ് ആലപ്പുഴയിൽനിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്കു നേടിക്കൊടുത്തത്. 2004–2009 കാലഘട്ടത്തിലാണ് വിവാദ കമ്പനിക്കായുള്ള ഇടപാട് നടന്നത് ” – ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഉഗാണ്ടയിലല്ല രാജസ്ഥാനിലെ ജുൻജുൻ മണ്ഡലമെന്നും ദുബായിലേക്ക് അടക്കം കെ.സി. വേണുഗോപാൽ എത്ര യാത്ര നടത്തിയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. അന്വേഷണം വരുമ്പോൾ അതിലൊക്കെ മറുപടി പറയേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. കെ.സി. വേണുഗോപാലിന് എതിരായ ആരോപണത്തിൽ പരാതി നൽകിയെന്നും പരാതി എത്തേണ്ടിടത്ത് എത്തി കഴിഞ്ഞെന്നും ശോഭാ സുരേന്ദ്രൻ അറിയിച്ചു.
അതേസമയം; തൻ്റെ എതിർ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ്റെ ആരോപണത്തിനെതിരെ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ ക്രമിനൽ മാനനഷ്ട കേസ് നൽകിയിരുന്നു. റിപ്പോർട്ടർ അശ്വമേധം പരിപാടിയിൽ ശോഭ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് വേണുഗോപാൽ കേസ് നൽകിയത്. ആലപ്പുഴ സൗത്ത് പൊലീസിലാണ് കേസ് നൽകിയിരിക്കുന്നത്.
















