കോട്ടയം: കേന്ദ്ര ഭരണ മുന്നണിയായ എന്‍ഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം ചെയ്യാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവും മുൻ പൂഞ്ഞാർ പി.സി. ജോര്‍ജ്. രണ്ട് കോടി രൂപ തന്നാല്‍ സീറ്റ് തരാമെന്ന് ഒരു നേതാവിനോട് പറഞ്ഞു എന്നാണ് പിസി ജോര്‍ജിന്റെ ആരോപണം.
സീറ്റ് കച്ചവടത്തെപ്പറ്റി പാർട്ടി ദേശീയ-സംസ്ഥാന നേതൃത്വത്തിനോട് പരാതി അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പിസി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയോടാണ് ജോർജിൻ്റെ വെളിപ്പെടുത്തൽ. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ബിഡിജെഎസുമായി ഭിന്നത നില്‍ക്കുന്നതിനിടെയാണ് ജോര്‍ജിന്റെ പ്രതികരണം.
സീറ്റ് വാഗ്ദാനം ലഭിച്ച നേതാവ് ജീവനും കൊണ്ട് ഓടിയെന്നും എന്നാല്‍ സീറ്റ് കച്ചവടം ചെയ്യാന്‍ ശ്രമിച്ച ഘടകകക്ഷിയുടെ പേര് വെളിപ്പെടുത്താന്‍ ഇപ്പോള്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘടകകക്ഷികളും അങ്ങനെയല്ല എന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ബിഡി ജെസ്, ബി ജെ പിയോട് ഒട്ടി നില്‍ക്കുന്ന പാര്‍ട്ടിയാണ് എന്നും എന്നാല്‍ താന്‍ ബി ജെ പിയാണ് എന്നും ജോർജ് പറഞ്ഞു.
പത്തനംതിട്ടയിൽ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ മകനും ബി ഡി ജെ എസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയുമാണ് എന്ന് പി സി ജോര്‍ജ് തുറന്നടിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളിയും പിസി ജോര്‍ജിനെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിസി ജോര്‍ജിന്റെ പുതിയ ആരോപണം.
അതേസമയം പ്രകാശ് ജാവദേക്കറിന്റെ പൂഞ്ഞാര്‍ സന്ദര്‍ശനത്തില്‍ സംസ്ഥാന രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചയായി എന്ന് ജോര്‍ജ് പറഞ്ഞു. ബി ജെ പിയുടെ നില എങ്ങനെ ഭദ്രമാക്കി കൊണ്ടുപോകാനാകുമെന്ന് ആലോചിച്ചെന്നും താന്‍ യഥാര്‍ത്ഥ ചിത്രം അദ്ദേഹത്തിന്റെ മുന്നില്‍ തുറന്നുകാട്ടിയിട്ടുണ്ട് എന്നും ജോര്‍ജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ജോർജ് വ്യക്തമാക്കി.
















