തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ തുടർന്ന് എം.എം.ഹസന് പ്രസിഡൻ്റിൻ്റെ താല്‍ക്കാലിക ചുമതല. രാഷ്ട്രീയ കാര്യസമിതി അംഗങ്ങളും കെപിസിസി അംഗങ്ങളും, ഡിസിസി അംഗങ്ങളും പങ്കെടുത്ത സംയുക്ത കെപിസിസി യോഗത്തിലാണ് യുഡിഎഫ് കൺവീനർക്ക് പാർട്ടി സംസ്ഥാന അധ്യക്ഷൻ്റെ ചുമതല കൈമാറിയത്.
കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെ മകൾ പത്മജാ വേണുഗോപാലിനെ വിമർശിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിൽ രൂക്ഷവിമര്‍ശനം നേരിട്ടു . പത്മജാ വേണുഗോപാലിനെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരന് പറഞ്ഞു. ഒരു സ്ത്രീയെ മോശം വാക്കുകളില്‍ അധിക്ഷേപിച്ചത് ശരിയായില്ലെന്നും ശൂരനാട് യോഗത്തില്‍ കൂട്ടിച്ചേർത്തു.
രാഹുല്‍ അധിക്ഷേപിച്ചത് ആദരണീയനായ ലീഡർ കെ കരുണാകരൻ്റെ തന്നെയാണ്. രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരമാണെന്നും ഒരു സ്ത്രീയെ മോശം വാക്കുകളില്‍ അധിക്ഷേപിച്ചത് ശരിയായില്ലെന്നും ശൂരനാട് യോഗത്തില്‍ പറഞ്ഞു. പക്ഷെ ശൂരനാടിന്റ വിമര്‍ശനത്തെ പ്രതിപക്ഷനേതാവ് വി.ഡി. ഡിസതീശന് ഇടപെട്ട് തടഞ്ഞു.
വിമർശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വി.ഡി സതീശന് മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇനി വിവാദങ്ങള്‍ വേണ്ടെന്നും വി.ഡി. സതീശന് പറഞ്ഞു. എന്നാല്‍ മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരന് ഗൗരവമായി വിഷയം ഉന്നയിച്ചിട്ടും രാഹുല്‍ മാങ്കൂട്ടത്തെ തിരുത്താന്‍ യോഗത്തില്‍ മറ്റ് നേതാക്കളാരും തയ്യാറായില്ല. ഇക്കാര്യത്തില്‍ രാഹുലിൻ്റെ വിമർശനത്തെ പരസ്യമായി തിരുത്തിയത് മുൻ പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തല മാത്രമായിരുന്നു.