തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ കെറൈസ് വിപണിയിയിൽ. സപ്ലൈകോ വഴി ശബരി കെ റൈസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഭാരത് റൈസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രം 10 രൂപ ലാഭത്തിൽ വിൽക്കുമ്പോൾ സംസ്ഥാനം 10 രൂപ നഷ്ടത്തിലാണ് അരി ജനങ്ങളിലേക്കെത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് വിൽക്കുന്നു. 10 രൂപ 49 പൈസ ലാഭം എടുത്താണ് വിൽപന. ഭാരത് റൈസിൽ കേന്ദ്ര സർക്കാരിന് ലാഭേച്ഛയും രാഷ്ട്രീയ ലാഭവും മാത്രമാണ് ലക്ഷ്യം. സംസ്ഥാനം സ്വീകരിക്കുന്നത് തനതു രീതിയിലുള്ള പ്രവർത്തനങ്ങളാണ്. കെ റൈസ് വിൽക്കുന്നത് സബ്സിഡി നൽകിയാണ്. 40 രൂപക്ക് വാങ്ങുന്ന അരിയാണ് സംസ്ഥാന സർക്കാർ 29 രൂപ 30 പൈസ നിരക്കിൽ ജനങ്ങൾക്ക് നൽകുന്നത്. ഓരോ കിലോ അരിക്കും 10 രൂപ മുതൽ 11 രൂപ വരെ സബ്സിഡി ലഭിക്കുന്നു.
കേന്ദ്രം ഭക്ഷണം മുടക്കുന്നവരാണെന്നും പ്രളയകാലത്തെ ദുരിതാശ്വാസ അരിയ്ക്ക് പണം പിടിച്ചു വാങ്ങിയെന്നും അദ്ദേഹം വിമർശിച്ചു.എഫ് സി ഐ യിൽ നിന്ന് അരി ലേലത്തിന് എടുക്കുന്നതിന് സപ്ലൈകോയെ വിലക്കിയ വിഷയത്തിൽ കേന്ദ്രത്തിന്റേത് ഫെഡറൽ സമീപനത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ കെ റൈസ് വിതരണം ചെയ്യുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ്. നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന നിര്ബന്ധത്തോടുള്ള ഇടപെടലാണ് ഇപ്പോൾ കെ റൈസിലെത്തി നിൽക്കുന്നത്. കഴിക്കുന്ന ഭക്ഷണം മുടക്കാനുള്ള കേന്ദ്രത്തിന്റെ സമീപനം നാം നേരത്തെ തിരിച്ചറിഞ്ഞതാണ്. പ്രളയകാലത്ത് നൽകിയ അരിക്ക് പോലും കേന്ദ്രം പണം പിടിച്ചുപറിച്ച ചരിത്രമാണ് കേന്ദ്രസർക്കാറിനുള്ളത്. എന്നിട്ടും അരിശം തീരാത്തത് പോലെയാണ് സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി പോലും മുടക്കാനുള്ള നടപടി കേന്ദ്രം സ്വീകരിച്ചത്. ഇത്തരത്തിൽ കാര്യങ്ങൾ ഉണ്ടാകുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടി ആദ്യ വിൽപ്പന നടത്തി. ചടങ്ങിൽ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. കെ റൈസ് നാളെമുതൽ വിപണിയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കെ റൈസ് വിതരണത്തിന് ആവശ്യമായ സഞ്ചികളിലെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ ചില മാധ്യമങ്ങൾക്ക് വാർത്തയല്ല. കേരള ബാങ്ക് ഉൾപ്പെടെയുള്ളവർ സഞ്ചി നൽകാൻ താൽപ്പര്യം അറിയിച്ചു. സബ്സിഡി ഇതര സാധനങ്ങൾ റംസാൻ ഈസ്റ്റർ വിഷു പ്രമാണിച്ച് വിലക്കുറവിൽ സപ്ലൈക്കോ വിൽപ്പന തുടങ്ങിയെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമായിരിക്കും വില. കാർഡൊന്നിന് അഞ്ചു കിലോ ഗ്രാം അരി ലഭിക്കും. കിലോഗ്രാമിന് 40.11 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് 11.11 രൂപ കുറച്ച് വിതരണം ചെയ്യുന്നത്.
















