മലപ്പുറം: തിയേറ്ററിൽ കൃത്യസമയത്തു എത്തിയിട്ടും തുടക്കംമുതൽ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് തിയേറ്ററുടമ 50,000 രൂപ പിഴയടയ്ക്കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ.
പെരിന്തൽമണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരേ പെരിന്തൽമണ്ണ ഏലംകുളം സ്വദേശികളായ ശരത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖിൽ എന്നിവർ ചേർന്ന് നൽകിയ ഹർജിയിലാണ് കമ്മിഷൻ വിധി.
2023 എപ്രിൽ 30-ന് ‘പൊന്നിയൻ സെൽവൻ 2’ പ്രദർശനം കാണുന്നതിന് വൈകീട്ട് 6.45-ന് പരാതിക്കാർ തിയേറ്ററിലെത്തി. എന്നാൽ ഏഴിനു സിനിമ ആരംഭിക്കുമെന്ന് അറിയിച്ച സമയത്തും തിയേറ്ററിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.
10 മിനിറ്റ് കഴിഞ്ഞാണ് പ്രവേശനം അനുവദിച്ചത്. തിയേറ്റർ വൃത്തിയാക്കുകയാണെന്നാണ് അറിയിച്ചത്. എന്നാൽ ഏഴിനു തന്നെ തിയേറ്ററിൽ പ്രദർശനം തുടങ്ങിയിരുന്നു. പ്രതിഷേധം പ്രകടിപ്പിച്ചവരോട് തിയേറ്റർ അധികൃതർ മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതായി പരാതിക്കാർ ബോധിപ്പിച്ചു.
Read More……
- സൈജു കുറുപ്പിന്റെ ‘റിട്ടൺ ആന്റ് ഡയറക്ടഡ് ബെെ ഗോഡ്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകനായി മാറിയ സൂര്യ കിരൺ
- ഷാരൂഖ് ഖാന്റെ കാലിൽ തൊട്ട് വണങ്ങി അറ്റ്ലി: കെട്ടിപിടിച്ചു ബോളിവുഡ് സൂപ്പർസ്റ്റാർ
- കളത്തിലിറങ്ങാൻ രങ്കണ്ണനും പിള്ളേരും: ‘ആവേശ’ത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
- എന്ത് കഴിച്ചാലും ദഹനക്കേട് അനുഭവപ്പെടുന്നുണ്ടോ? ഭക്ഷണത്തിനു ശേഷം ഇതൊരു കഷ്ണം കഴിച്ചാൽ മതി
സാധാരണ രാവിലെ 10, ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് നാല്, ഏഴ്, രാത്രി 10 എന്നീ സമയങ്ങളിലാണ് പ്രദർശനം ഉണ്ടാകാറ്. എല്ലാ സിനിമകളും രണ്ടരമണിക്കൂർ ദൈർഘ്യമുള്ളതാണെന്നും ‘പൊന്നിയൻ സെൽവൻ 2’ എന്ന സിനിമ 2.55 മണിക്കൂർ ദൈർഘ്യമുള്ളതാണെന്നും അതിനുശേഷം വൃത്തിയാക്കാനെടുത്തത് രണ്ടു മിനിറ്റ് സമയം മാത്രമാണെന്നും മഴ കാരണം പരാതിക്കാർ ഉൾപ്പെടെയുള്ള ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്ത പ്രേക്ഷകർ വൈകി എത്തുകയാണ് ഉണ്ടായതെന്നും തീയേറ്ററുകാർ ബോധിപ്പിച്ചു.
സിനിമയുടെ ദൈർഘ്യം കൂടുതലാണെന്ന കാരണത്താൽ പ്രേക്ഷകന് സിനിമ പൂർണമായി കാണാൻ അവസരം നിഷേധിച്ച നടപടി സേവനത്തിൽ വന്ന വീഴ്ചയാണെന്ന് കമ്മിഷൻ വിധിച്ചു. വീഴ്ച വരുത്തിയതിനാൽ പരാതിക്കാരായ അഞ്ചുപേർക്കുമായി 50,000 രൂപ നഷ്ടപരിഹാരം നൽകണം.
കോടതി ചെലവിലേക്കായി 10,000 രൂപയും നൽകണം. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകാത്തപക്ഷം ഒൻപത് ശതമാനം പലിശയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവിൽ പറഞ്ഞു.