കേരള സിലബസ് പരീക്ഷ ഇനി പുസ്തകം തുറന്നും എഴുതാം

തിരുവനന്തപുരം:സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കാരം പൂർത്തിയാവുന്നതോടെ കേരള സിലബസിൽ പുസ്തകം തുറന്നെഴുതുന്ന പരീക്ഷ നടപ്പാക്കാൻ സർക്കാർ തയ്യാറെടുപ്പ് തുടങ്ങി.ഓപ്പൺ ബുക്ക് പരീക്ഷയെന്നാൽ പുസ്തകത്തിൽനിന്ന്‌ പകർത്തിയെഴുതലല്ലെന്ന് അധികൃതർ വ്യക്തമാക്കി.

വിമർശനചിന്തയോടെ വിശകലനാത്മകമായി ഉത്തരമെഴുതുന്നതാണ് ഈ പരീക്ഷാരീതി.മാർഗരേഖ എസ്.സി.ഇ.ആർ.ടി. തയ്യാറാക്കി വൈകാതെ വിദ്യാഭ്യാസ വകുപ്പിനു സമർപ്പിക്കും.നേരിട്ടുള്ള ചോദ്യങ്ങളുണ്ടാവില്ല. ഉത്തരമെഴുതാൻ വിശകലനബുദ്ധി അനിവാര്യമായതിനാൽ ഹൈസ്കൂളിലെ സാമൂഹികശാസ്ത്രത്തിൽ ആദ്യഘട്ടം പരീക്ഷിക്കാനാണ് ആലോചന. തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലേ ഇതു നടപ്പാക്കൂ.

ചോദ്യം തയ്യാറാക്കുന്നതിൽ കൂടുതൽ ശ്രദ്ധവേണ്ടതിനാൽ അധ്യാപകർക്ക് പ്രത്യേകം പരിശീലനംനൽകും. അധ്യയനരീതിയിലും പരിഷ്കാരം വേണ്ടിവരും. സി.ബി.എസ്.സി. ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. സമയക്രമം ജൂണിൽ നിശ്ചയിക്കാനാണ് സി.ബി.എസ്.ഇ. തീരുമാനം.

കേരളം ഇതിൽ തിടുക്കംകാണിക്കില്ല. പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ ഭാഗമായുള്ള പുതിയ പുസ്തകങ്ങൾ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ ഈ അധ്യയനവർഷമെത്തും. മറ്റു ക്ലാസുകളിൽ 2025-ലും നടപ്പാവും. ഇതിനൊപ്പം ഹയർ സെക്കൻഡറി പാഠപുസ്തകങ്ങൾകൂടി പരിഷ്കരിക്കാനാണ് പദ്ധതി.

Read more ….

സി.ബി.എസ്.ഇ. പ്രഖ്യാപിച്ച പരീക്ഷാപരിഷ്കാരം 2007-ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടിൽ നിർദേശിച്ചിരുന്നതായി എസ്.സി.ഇ.ആർ.ടി. ചൂണ്ടിക്കാട്ടി. പൊതുപരീക്ഷ മെച്ചപ്പെടുത്താനുള്ള 17 നിർദേശങ്ങളിൽ ഒന്നായിരുന്നു ഓപ്പൺ ബുക്ക് പരീക്ഷ.

സി.ബി.എസ്.ഇ. നിർദേശം

• അടുത്ത അധ്യയനവർഷം പരീക്ഷണാടിസ്ഥാനത്തിൽ.

• ഒമ്പത്, 10 ക്ലാസുകളിൽ ഇംഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങളിൽ

• 11, 12 ക്ലാസുകളിൽ ഇംഗ്ലീഷ്, കണക്ക്, ബയോളജി വിഷയങ്ങളിൽ.

Latest News