രോഗപ്രതിരോധ ശേഷി കൂട്ടാൻ: കഴിക്കാം വിറ്റാമിൻ എ

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI) രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പലതരം ഭക്ഷണങ്ങളേക്കുറിച്ച് ഇടയ്ക്കിടെ ആളുകളെ ബോധവത്ക്കരിക്കാറുണ്ട്. വിറ്റാമിന്‍ എ സമൃദ്ധമായ ഭക്ഷണങ്ങളെ കുറിച്ചാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പുതിയ ട്വിറ്റര്‍ പോസ്റ്റ്. ‘ വിറ്റാമിന്‍ എ സമൃദ്ധമായ സസ്യഭക്ഷണം കണ്ണിന്റെ കാഴ്ചയ്ക്കും പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.’ പോസ്റ്റിനൊപ്പം ഫുഡ് സേഫ്റ്റി അതോറിറ്റി കുറിക്കുന്നു. 

സ്വീറ്റ്‌പൊട്ടറ്റോ, പപ്പായ, തക്കാളി, ക്യാരറ്റ്, മാങ്ങ, ഇലക്കറികള്‍ എന്നവയാണ് FSSAI നിര്‍ദേശിക്കുന്ന ഭക്ഷണസാധനങ്ങള്‍.

സ്വീറ്റ് പൊട്ടറ്റോ( മധുരക്കിഴങ്ങ്) 

വിറ്റാമിന്‍ എയും സിയും ധാരാളം. വളരെയധികം പോഷകങ്ങളും നാരുകളും നിറഞ്ഞതാണ് മധുരക്കിഴങ്ങ്. അമിതവണ്ണം, കൊളസ്‌ട്രോള്‍, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുള്ളവര്‍ക്ക് ഇത് ദിവസഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഓറഞ്ച് നിറത്തിലുള്ള ഉള്‍ക്കാമ്പോടു കൂടിയ മധുരക്കിഴങ്ങില്‍ ബീറ്റാകരോട്ടിനും ധാരാളമുണ്ട്.

പപ്പായ 

വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍.. ഇങ്ങനെ പോഷകങ്ങളുടെ ഒരു കലവറയാണ് പപ്പായ. പപ്പായ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ദഹനേന്ദ്രിയങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ബ്ലോട്ടിങ്, മലബന്ധം എന്നിവ കുറയ്ക്കാനും പപ്പായ ശീലമാക്കാം.

തക്കാളി 

വിറ്റാമിന്‍ എ, സി, കെ, അയണ്‍ , പൊട്ടാസ്യം. ആന്റി ഓക്‌സിഡന്റ്‌സ്… എന്ത് വേണം വേറെ. തക്കാളി ശീലമാക്കിയാല്‍ ആരോഗ്യം ഉറപ്പ്.

ക്യാരറ്റ് 

വിറ്റാമിന്‍ മാത്രമല്ല, നാരുകളാല്‍ സമ്പുഷ്ടമാണ് ക്യാരറ്റ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ക്യാരറ്റ് ശീലമാക്കാം.

മാങ്ങ

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ് മാങ്ങ. മാത്രമല്ല വിറ്റാമിന്‍ എ, ഇ, സി, നാരുകള്‍ എന്നിവയും ഏറെയുണ്ട്. പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ മാങ്ങയും മാങ്ങ ഉത്പന്നങ്ങളും ശീലമാക്കാം

പച്ചിലക്കറികള്‍

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യം നല്‍കുന്ന ഭക്ഷണമാണ് പലതരം പച്ചിലക്കറികള്‍. വിറ്റാമിന്‍ എ മാത്രമല്ല, സി, ഇ, നാരുകള്‍, വിറ്റാമിന്‍ ബി 6, മഗ്നീഷ്യം എന്നിവയും ചീരപോലുള്ള പച്ചിലക്കറികളില്‍ സമൃദ്ധമാണ്. കണ്ണിന്റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ ശീലമാക്കുന്നത് നല്ലതാണ്.