കൗതുകം നിറച്ച് പത്തനംതിട്ട: മകനു വേണ്ടി പ്രചാരണത്തിന് അച്ഛന്‍ ഇറങ്ങുമോ ?; മനം മാറ്റാന്‍ അമ്മയുടെ പ്രാര്‍ത്ഥന

മകന്റെ സ്‌നേഹമാണോ, അച്ഛന്റെ പാര്‍ട്ടി സ്‌നേഹമാണോ പത്തനംതിട്ടയില്‍ പ്രതിഫലിക്കുന്നതെന്നറിയാന്‍ കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍. അതുകൊണ്ടു തന്നെ പത്തനംതിട്ടയില്‍ ഇപ്പോള്‍ കടുത്ത ചൂടിനൊപ്പം കൗതുകവും നിറഞ്ഞു കഴിഞ്ഞു. കോണ്‍ഗ്രസ്സിന്റെ വെറ്ററന്‍ നേതാവ് എ.കെ. ആന്റണിയെ പ്രചാരണത്തിനെത്തിക്കാനാണ് യു.ഡി.എഫ് പാളയത്തിന്റെ ശ്രമം. എന്നാല്‍, ആരോഗ്യപ്രശ്‌നം ചുണ്ടിക്കാട്ടി ആന്റണി പിന്‍മാറിയാല്‍ അത് കോണ്‍ഗ്രസ്സിന് ക്ഷീണമുണ്ടാക്കുകയും അനില്‍ ആന്റണിയെന്ന ആന്റണിയുടെ മൂത്ത മകനും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ഗുണവും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അച്ഛന്റെ മനം മാറാന്‍ അനില്‍ ആന്റണിയുടെ അമ്മ ആന്റണി എലിസബത്ത് പോട്ടയില്‍ നിരന്തരം പ്രാര്‍ത്ഥിക്കുന്നുണ്ടെന്നാണ് സൂചന. 

 

അച്ഛനെ കണ്ടിട്ടല്ല, താന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതെന്നും, തനിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനു വരുമെന്നുള്ള ആത്മവിശ്വാസത്തിലാണ് അനില്‍ ആന്റണി. എ.കെ. ആന്റണി തനിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയില്ലെങ്കിലും അച്ഛന്റെ മനസ്സ് തന്നോടൊപ്പം ഉണ്ടാകുമെന്ന് ഒരു മകന്‍ ചിന്തിച്ചാല്‍ തെറ്റു പറയാനൊക്കില്ല. പക്ഷെ, കോണ്‍ഗ്രസ്സിനെ ചതിക്കുന്ന മനസ്സുള്ള ആന്റണിയാണോ ഇപ്പോള്‍ തിരുവനന്തപുരത്ത് വിശ്രമിക്കുന്നതെന്ന ആശങ്കയുള്ള കോണ്‍ഗ്രസ്സുകാര്‍ കുറവല്ല. 

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയില്‍ എത്തമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മാര്‍ച്ച് 17ന് പത്തനംതിട്ട നഗരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമെന്നാണ്ണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സൂചന. നരേന്ദ്ര മോദി, എ.കെ. ആന്റണിയുടെ മകന് വേണ്ടി പ്രചരണത്തിന് എത്തുമ്പോള്‍ വിഷയം ദേശീയ തലത്തിലും വാര്‍ത്തയാകും.  ഇതു തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നതു. പത്മജ വേണുഗോപാലിനെയും പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തിക്കുമെന്നാണ് അറിയുന്നത്. 

എന്നാല്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ മകന്‍ അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും എത്തുമെന്നാണ് പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ആന്റണി ക്ഷണം സ്വീകരിച്ചാല്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ അത് കൗതുകമാകും. അനില്‍ ആന്റണിയെ എകെ. ആന്റണിയുടെ മകനെന്നതിലുപരി ഒരു രാഷ്ട്രീയക്കാരെന്നു പോലും പറിഗണിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം പറയുന്നത്. കുട്ടിക്കളിക്കപ്പുറം ഒരു എതിരാളിയായി പരിഗണിക്കുന്നില്ല. കോണ്‍ഗ്രസിന്റെ ഒരു വോട്ടുപോലും അനില്‍ ആന്റണിക്ക് പോവില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്.

അതേസമയം, എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ തമ്മിലായിരിക്കും മത്സരം ഉണ്ടാവുക. 2009 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ കോണ്‍ഗ്രസിലെ ആന്റോ ആന്റണിയെ പാര്‍ലമെന്റിലേക്കയച്ച ചരിത്രമാണ് പത്തനംതിട്ടക്ക് പറയാനുള്ളത്. ഇക്കുറിയും അദ്ദേഹം തന്നെയാണ് പാളയം കാക്കാന്‍ ഇറങ്ങിയിരിക്കുന്നതും. മുന്‍ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഡോക്ടര്‍ തോമസ്‌ഐസക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. വളരെ നേരത്തെ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കുകയും പ്രചാരണത്തിന്റെ രണ്ടുഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു കഴിഞ്ഞു. 

ചുവരെഴുത്തുകള്‍ പൂര്‍ത്തിയാക്കി. മുക്കിലും മൂലയിലും പോസ്റ്ററുകള്‍ പതിഞ്ഞു. നിയമസഭ മണ്ഡലങ്ങളിലെ ഓട്ട പ്രദക്ഷിണവും പൂര്‍ത്തിയാക്കി. ഇതിനു പിന്നാലെയാണ് അനില്‍ ആന്റണിയും, ആന്റോ ആന്റണിയും പ്രചാരണം തുടങ്ങിയത്. പി.സി. ജോര്‍ജ്ജിനെ കൊതിപ്പിച്ച ശേഷമാണ് പത്തനംതിട്ട മണ്ഡലത്തില്‍ അനില്‍ ആന്റണിയെ ബി.ജെ.പി ഇറക്കിയത്. ഇത് എങ്ങനെയൊക്കെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം. 
പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പി.സി.ജോര്‍ജിനെ കഴിഞ്ഞ ദിവസം വീട്ടില്‍ ചെന്നുകണ്ടാണ് അനില്‍ ആന്റണി അനുഗ്രഹം തേടിയതും ആശ്വസിപ്പിച്ചതും.

മകനെതിരെ അച്ഛന്‍ പ്രചാരണത്തിനിറങ്ങുന്ന രാഷ്ട്രീയ അപൂര്‍വതയ്ക്ക് കേരളം ഇത്തവണ സാക്ഷിയാകുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്. പത്തനംതിട്ടയില്‍ അനില്‍ കെ.ആന്റണി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതോടെ എ.കെ.ആന്റണി പ്രചാരണത്തിനിറങ്ങുമോയെന്ന ചര്‍ച്ച എല്ലായിടത്തമുണ്ട്. അനില്‍ ബിജെപിയില്‍ പ്രവേശിച്ച അന്ന് ആന്റണി അതേക്കുറിച്ച് പ്രതികരിച്ചിരുന്നു. അക്കാര്യത്തില്‍ ആദ്യത്തെയും അവസാനത്തെയും പ്രതികരണമായിരിക്കുമെന്നും ആന്റണി വ്യക്തമാക്കിയിരുന്നു. പിന്നീട് ഒരിക്കലും ആന്റണി മകന്റെ രാഷ്ട്രീയചുവടുമാറ്റത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. 

അപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടന്നത്. ചാണ്ടി ഉമ്മനെതിരെ അനില്‍ ആന്റണി സജീവമായി ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി. അനില്‍ പുതുപ്പള്ളിയിലുണ്ടായിരുന്ന ദിവസം തന്നെ എ.കെ.ആന്റണി പ്രചാരണത്തിനിറങ്ങിയത് കോണ്‍ഗ്രസിന് നല്‍കിയ ആവേശം ചെറുതല്ല. താരതമ്യങ്ങളില്ലാത്ത അച്ഛനും മകനും അവരവരുടെ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത് തന്നെ വലിയ വാര്‍ത്തയായെങ്കില്‍ എല്ലാവരും ഉറ്റുനോക്കുന്നത് പത്തനംതിട്ടയില്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ആ പ്രചാരണം ഉണ്ടാകുമോയെന്നാണ്. 

പുതുപ്പള്ളിയില്‍ അച്ഛനും മകനും പ്രചാരരകരായാണ് എത്തിയതെങ്കില്‍ പത്തനംതിട്ടയില്‍ മകന്‍ എന്‍.ഡി.എ സ്ഥാനര്‍ത്ഥിയും അച്ഛന്‍ കോണ്‍ഗ്രസ് പ്രചാരകനുമായി മാറിയിരിക്കുന്നു. അച്ഛന്‍ വരുമോ എന്നതു മാത്രമേ അറിയേണ്ടതുള്ളൂ. പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോള്‍ മത്സരവും തീ പാറുമെന്നുറപ്പാണ്. ആന്റോ ആന്റണിയുടെ 2009ലെ 1, 11,206 വോട്ടുകളുടെ ഭൂരിപക്ഷം 2019ല്‍ 44,243ആയി താഴുകയായിരുന്നു. ശബരിമല വിഷയം മുന്‍നിര്‍ത്തി എന്‍.ഡി.എ നടത്തിയ പ്രചാരണം ഇടതു- വലതു മുന്നണികള്‍ക്ക് വോട്ടു ചോര്‍ച്ചയുണ്ടാക്കി. ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. എങ്കിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിക്ക് വിജയ പ്രതീക്ഷയാണുള്ളതെന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

Read more ….