കുംഭകോണം: മന്ത്രങ്ങളുടെ നാട്

മലയാളിക്ക് കുംഭകോണമെന്നാല്‍ ഏതൊക്കെയോ അഴിമതിക്കഥകളുടെ അടയാളമാണ്. ശവപ്പെട്ടി കുംഭകോണം മുതല്‍ അരി-പാമോയില്‍ കുംഭകോണം വരെ വഞ്ചനകള്‍ക്ക് ചേര്‍ത്തുവെക്കാനുള്ള പേര്. പക്ഷേ തമിഴര്‍ കുംഭകോണത്തിരുന്ന് ഭക്തിയുടെ ചൂടില്‍ ഉരുകുന്നവരും. മുന്നിലെങ്ങും ഏഴാം നൂറ്റാണ്ടുമുതലുള്ള നിര്‍മിതികള്‍. മനുഷ്യഭാവനയുടെയും കരവിരുതിന്റെയും വിസ്മയങ്ങള്‍. ചരിത്ര പുസ്തകങ്ങളില്‍ വായിച്ചുകേട്ടതെല്ലാം മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു. ശരിക്കും ചരിത്രത്തിന്റെയും പുരാണത്തിന്റെയും ഒരു മ്യൂസിയംപോലെ. 

ക്ഷേത്രവിസ്മയങ്ങള്‍ 

രാജാക്കന്‍മാരുടെയും രാജവംശങ്ങളുടെയും കഥകളിലേക്കാണ് കുംഭകോണത്തിന്റെ വീഥികള്‍ സ്വാഗതം ചെയ്തത്. എങ്ങുതിരിഞ്ഞാലും തലയെടുപ്പുള്ള ക്ഷേത്രങ്ങള്‍ മാത്രം. ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ക്ഷേത്രഗോപുരങ്ങളില്‍ നിറയെ ദേവന്‍മാരുടെയും ദേവിമാരുടെയും ശില്‍പങ്ങളാണ്.

പാലാഴിമഥനവും ദേവസദസ്സുമെല്ലാം വിവരിക്കുന്ന കൊത്തുപണികള്‍. നാഗേശ്വരക്ഷേത്രം, ആദികുംബേശ്വരക്ഷേത്രം, സാരംഗപാണി ക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം…  നാല് ക്ഷേത്രങ്ങള്‍. അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ നൂറ് ക്ഷേത്രങ്ങള്‍ എങ്കിലും കാണും. കുംഭകോണം മുനിസിപ്പാലിറ്റിയില്‍ 188 ക്ഷേത്രങ്ങളുണ്ടെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്. മഠങ്ങളും ചെറുആരാധനാലയങ്ങളുമായി വേറെയുമുണ്ട് നിരവധി സ്ഥലങ്ങള്‍.

മഹാമഹം കുളം 

ബ്രഹ്മാവിന്റെ കൈയിലുണ്ടായിരുന്ന ജീവന്റെ വിത്തുള്ള കുടം ആദിയിലെ പ്രളയത്തില്‍ ഒഴുകിപ്പോയെന്നും അത് ഈ സ്ഥലത്ത് പതിച്ചെന്നുമാണ് ഐതിഹ്യം. കുടംവീണ സ്ഥലം കുംഭകോണമായി. ഗംഗയേക്കാള്‍ പരിശുദ്ധമായി വിശ്വാസികള്‍ കരുതുന്ന സ്ഥലമാണിത്. മഹാമഹം കുളത്തിന് ആറേക്കര്‍ വിസ്തീര്‍ണമുണ്ട്. കുളത്തിന്റെ ചുറ്റിലുമായി 16 മണ്ഡപങ്ങള്‍. ഓരോ മണ്ഡപത്തിനുമടുത്ത് ചെറിയൊരു ക്ഷേത്രമാതൃക. എല്ലാത്തിലും ശിവലിംഗത്തിന്റെ പ്രതിഷ്ഠയും. ഈ കുളത്തില്‍ മുങ്ങി പ്രാര്‍ത്ഥിച്ചാല്‍ കര്‍മദോഷങ്ങളെല്ലാം തീരുമെന്നാണ് വിശ്വാസം. 12 വര്‍ഷത്തിലൊരിക്കല്‍ കുംഭകോണത്ത് നടക്കുന്ന മഹാമകം ഉത്സവത്തിന്റെ വേദിയാവുന്നതും ഈ കുളംതന്നെ. 

കുംഭകോണത്തിന്റെ ദിവസങ്ങളിൽ ഭക്തി മാത്രമാണ് കാണാ കഴിയുന്നത്. മഹാമഹം കുളത്തിന് തൊട്ടടുത്താണ് കാശിവിശ്വനാഥര്‍ ക്ഷേത്രം. കൂറ്റന്‍ഗോപുരവാതിലും ദേവന്‍മാരുടെ കരിങ്കല്‍ശില്‍പങ്ങളും ക്ഷേത്രത്തിന് ഭംഗി കൂട്ടുന്നു. രാമനും രാവണനും ലങ്കയിലേക്ക് പോവുന്ന വഴി ഇവിടെ പൂജ ചെയ്തിരുന്നെന്നും രാവണനെ കൊല്ലുമ്പോള്‍ രാമന്‍ ധരിച്ച രുദ്രാക്ഷം ഇവിടെ നിന്ന് കൊണ്ടുപോയതാണെന്നുമാണ് വിശ്വാസം. എല്ലാ സങ്കല്‍പങ്ങളുടെയും മുകളില്‍ കാലം പോറല്‍ ഏല്‍പ്പിക്കാത്ത ക്ഷേത്രനിര്‍മിതി തല ഉയര്‍ത്തിതന്നെ നില്‍പ്പുണ്ട്. 

ആദികുംബേശ്വര നട 

കുംഭകോണത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്. ദൂരെ നിന്നേ കാണാം കുംബേശ്വരന്റെ നടയിലേ ഗോപുരം. ഒമ്പത്നിലകളിലായി 127 അടി ഉയരത്തിലുള്ള തലയെടുപ്പ്. വിജയനഗര സാമ്രാജ്യത്തിന്റെ കരവിരുത്. നടന്നെത്തിയത് കിഴക്കേ ഗോപുരത്തിലേക്കാണ്. ഇവിടെത്തന്നെയുണ്ട് 16 തൂണുകള്‍. ഓരോ ശിലയിലും 27 നക്ഷത്രങ്ങളുടെയും ഫലങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു.

നാഗേശ്വര ക്ഷേത്രം 

ഇതുമൊരു ശിവക്ഷേത്രമാണ്. രഥത്തിന്റെ ആകൃതിയാണ് ക്ഷേത്രത്തിന്. ഒമ്പതാം നൂറ്റാണ്ടില്‍ ആദിത്യചോള രാജാവാണ് ക്ഷേത്രം പണിയാന്‍ മുന്‍കൈയെടുത്തതത്രേ. ശില്‍പഭംഗിയില്‍ മറ്റുള്ള ക്ഷേത്രങ്ങളെ വെല്ലുന്നുണ്ട് നാഗേശ്വര ക്ഷേത്രവും. ചുറ്റിലും ക്ഷേത്രത്തെ കാക്കാന്‍ വന്മതിലുകള്‍. ഓരോ കവാടത്തിന്റെ മുന്നിലും ചെറിയ പൂജാസ്ഥലങ്ങള്‍. 

12-ാം നൂറ്റാണ്ടിലുണ്ടാക്കിയ ക്ഷേത്രത്തില്‍ 12 നിലകളുള്ള ഗോപുരമാണ് വരവേല്‍ക്കുന്നത്. രാമായണ മുഹൂര്‍ത്തങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന രാമസ്വാമി ക്ഷേത്രവും, ചക്രപാണി ക്ഷേത്രവും കാണാന്‍ ബാക്കിയുണ്ട്. പക്ഷേ ഒറ്റ ദിവസംകൊണ്ട് കുംഭകോണത്തെ മുഴുവന്‍ ക്ഷേത്രങ്ങളും കണ്ടുതീര്‍ക്കുകയെന്നത് മനോഹരായ പ്രവർത്തിയാണ് . ഇരുട്ടില്‍ പുറത്തേക്ക് നോക്കുമ്പോള്‍ എങ്ങും ക്ഷേത്രഗോപുരങ്ങളുടെ വെളിച്ചം മാത്രം. മുപ്പത്തുമുക്കോടി ദേവന്‍മാരും കാവല്‍നില്‍ക്കുന്ന ദേവനഗരത്തില്‍ ഉറക്കംപോലും ഭക്തി നിറഞ്ഞതാണ്.

ഭക്ഷണം

തമിഴ് സസ്യഭക്ഷണത്തിന്റെ വകഭേദങ്ങളും നോര്‍ത്തിന്ത്യന്‍ ഭക്ഷണവും കുംഭകോണത്ത് കിട്ടും. ഇഡ്ഡലി, ദോശ, ബജി, പൊറോട്ട, റവ ദോശ, ഒനിയന്‍ ദോശ, ഗീ ദോശ, ഊത്തപ്പം, പൊങ്കല്‍, പൂരി തുടങ്ങിയവയാണ് പോപ്പുലര്‍ ഐറ്റങ്ങള്‍. ശ്രീ വെങ്കിടരമണ ഹോട്ടല്‍, മുരുകന്‍ കഫെ, അര്‍ച്ചന ഹോട്ടല്‍, മീനാക്ഷിഭവന്‍, കൃഷ്ണഭവന്‍, പത്മാവതി തുടങ്ങിയവ ശരാശരി നിരക്കില്‍ ഭക്ഷണം കിട്ടുന്ന ഇടങ്ങളാണ്. കുംഭകോണം ഫില്‍റ്റര്‍ കോഫി രുചിക്കാന്‍ മുരളി കഫെ, മോഹന്‍കോഫി തുടങ്ങിയ സ്ഥലങ്ങളില്‍ പോവാം. രാത്രി ഊണുകഴിക്കണമെന്നുണ്ടെങ്കില്‍ ശ്രീ വെങ്കിടരമണ റെസിഡന്‍സി നല്ല ചോയ്സാണ്.

തെരുവ് ഭക്ഷണത്തിനും ആവശ്യക്കാര്‍ ഏറെയുണ്ട്. ചൂട് പൊറോട്ടയും തലപ്പാക്കട്ടി ബിരിയാണിയുമാണ് തട്ടുകടകളിലെ ഹിറ്റ് ഐറ്റങ്ങള്‍. 60 രൂപയ്ക്ക് തലപ്പാക്കട്ടി ബിരിയാണി കിട്ടുമ്പോള്‍ അതിന്റെ ചുറ്റിലും ആളുകൂടുന്നത് സ്വാഭാവികം. ഭക്ഷണം വിട്ട് വസ്ത്രം തിരഞ്ഞുനോക്കിയാലോ? അതിനുമുണ്ട് കുംഭകോണത്തൊരു ഇടം. കാഞ്ചീപുരം പട്ടുപോലെ പേരുകേട്ടതാണ് കുംഭകോണത്തെ തിരുഭുവനം സാരിയും.

ഇവിടുത്തെ പല വീടുകളിലും സ്ത്രീകള്‍ സാരി നെയ്യുന്നുണ്ട്. യന്ത്രത്തറികള്‍ വന്നതും ആദായം കുറഞ്ഞതുമൊക്കെ പലരെയും ഈ തൊഴിലില്‍നിന്ന് അകറ്റിയതായി നെയ്ത്തുകാരനായ ജനാര്‍ദനന്‍ പറഞ്ഞു. ഒരു സാരിനെയ്തെടുക്കാന്‍ മൂന്നുദിവസമെടുക്കും. ഗ്രാമിന് ആറുരൂപ നിരക്കിലാണ് ഇവര്‍ സാരി വില്‍ക്കുന്നത്. കേരളത്തിലുള്ള പ്രമുഖരായ വസ്ത്രക്കച്ചവടക്കാരെല്ലാം സാരി വാങ്ങാന്‍ വരാറുണ്ടെന്ന് നെയ്ത്ത് സഹകരണ സംഘത്തിലെ വാസനും ഓര്‍മിപ്പിച്ചു.

  1. Read More…
  2. 2024 ലെ മികച്ച വാച്ചുകൾ വാങ്ങാം: വിലക്കുറവിൽ
  3. രാമക്ഷേത്രത്തിൽ കൊറിയക്കാരുടെ പങ്കെന്ത്? കൊറിയൻ ബന്ധത്തിന്റെ രഹസ്യ കഥ അറിയുമോ?
  4. ഈ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ടോ? വിളർച്ചയാണ് കാരണം
  5. രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
  6. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7200 പ്രോ, 5000 എംഎഎച്ച് ബാറ്ററി; നത്തിങ് ഫോൺ 2എ രംഗത്ത്

ലോകപ്രശസ്ത ഗണിതശാസ്ത്രഞ്ജന്‍ രാമാനുജന്‍ ജനിച്ച വീടും കാവേരി നദീതീരവും സന്ദര്‍ശിക്കാം. മലയാളിക്ക് കുംഭകോണത്തെ ഓര്‍ക്കാന്‍ മറ്റൊരു ബന്ധവും പറയാം. തിരുവിതാംകൂര്‍ ദിവാന്‍ സിപി രാമസ്വാമി അയ്യരുടെ ജന്‍മ ഭൂമിയും ഇതുതന്നെ.ലോകത്തിലെ ഏറ്റവും നല്ല വെറ്റില കിട്ടുന്ന സ്ഥലം, മനോഹരമായ വെങ്കലശില്‍പങ്ങളും ഓട്ടുപ്രതിമകളും പിറവിയെടുക്കുന്ന ദേശം. കുംഭകോണം ഒരു മാസ്മരിക ഇടമാണ്