കൊൽക്കത്ത: ബംഗാളിൽ ഇൻഡ്യ മുന്നണിയുമായി സഖ്യസാധ്യതകൾ അവസാനിപ്പിച്ച് 42 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. കോൺഗ്രസ് തട്ടകമായ ബഹറംപൂരിൽ ക്രിക്കറ്റർ യൂസുഫ് പത്താൻ തൃണമൂൽ സ്ഥാനാർഥിയാകും. 16 സിറ്റിങ് എം.പിമാർ ഇടം നിലനിർത്തിയപ്പോൾ ഏഴുപേരെ മാറ്റിനിർത്തി. പ്രമുഖർക്കൊപ്പം പുതുമുഖങ്ങൾക്കും ഒരുപോലെ അവസരം നൽകുന്ന പട്ടികയിൽ 12 വനിതകളുമുണ്ട്.
പുറത്താക്കപ്പെട്ട എം.പി മഹുവ മൊയ്ത്ര തുടർച്ചയായ രണ്ടാംതവണയും കൃഷ്ണനഗറിൽ മത്സരിക്കും. ബർധമാൻ- ദുർഗാപുർ മണ്ഡലത്തിൽനിന്ന് കീർത്തി ആസാദും ജനവിധി തേടും. സംഘർഷബാധിത പ്രദേശമായ സന്ദേശ്ഖലി സ്ഥിതിചെയ്യുന്ന ബാസിർഹട്ടിൽ നിലവിലെ എം.പി നുസ്റത്ത് ജഹാനെ വെട്ടി ഹാജി നൂറുൽ ഇസ്ലാമിനെ പാർട്ടി രംഗത്തിറക്കി. 2022 ഉപതെരഞ്ഞെടുപ്പിൽ അസൻസോളിൽ ജയിച്ചുകയറിയ മുൻ നടൻ ശത്രുഘ്നൻ സിൻഹയെ നിലനിർത്തി. രണ്ടു വർഷംമുമ്പ് ബി.ജെ.പിയിൽനിന്നെത്തിയ അർജുൻ സിങ്ങിനെ മാറ്റിനിർത്തിയപ്പോൾ കൂറുമാറ്റം വഴിയെത്തിയ ബിശ്വജിത്ത് ദാസ്, മുകുത്മാനി അധികാരി എന്നീ രണ്ടു ബി.ജെ.പി നേതാക്കൾക്ക് അവസരം നൽകി.
മമത മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരടക്കം ഒമ്പത് സിറ്റിങ് എം.എൽ.എമാർ ജനവിധി തേടുന്നുണ്ട്. 2020ൽ പാർട്ടി വിട്ട് ബി.ജെ.പി പാളയത്തിലെത്തിയ സുവേന്ദു അധികാരിയുടെ ബന്ധുക്കൾ കൂടിയായ തൃണമൂൽ എം.പിമാർ മാറ്റിനിർത്തിയവരിൽപെടും. അതേസമയം, കോൺഗ്രസ് ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ ബഹറംപൂരിൽ കടുത്ത മത്സരത്തിന് അവസരമൊരുക്കിയാണ് ജനകീയ മുഖമായ പത്താനെ പാർട്ടി അവതരിപ്പിക്കുന്നത്.
നേരത്തേ സീറ്റ് പങ്കിടൽ ചർച്ചകളിൽ മമത ബഹറംപൂരും മറ്റൊരു സീറ്റും കോൺഗ്രസിന് വാഗ്ദാനം ചെയ്തിരുന്നു. മൂന്നിൽ കൂടുതൽ വേണമെന്ന കോൺഗ്രസ് ആവശ്യം തള്ളിയതോടെ ചർച്ച വഴിമുട്ടുകയായിരുന്നു. എന്നാൽ, സഖ്യ ചർച്ചകൾക്ക് സാധ്യത നിലനിൽക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മമതക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും രംഗത്തുവന്നു.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ