‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്‍റെ പിതാവ്

മഞ്ഞുമ്മല്‍ ബോയിസിനെയും മലയാളികളെയും രൂക്ഷമായ രീതിയിൽ അധിക്ഷേപിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന് മറുപടിയുമായി സംവിധായകന്‍ ചിദംബരത്തിന്‍റെ അച്ഛന്‍ സതീഷ് പൊതുവാള്‍.

തമിഴ്നാട്ടില്‍ ഒരു മലയാള ചിത്രത്തിന് ലഭിച്ച സ്വീകാര്യത തമിഴ് ഇന്‍ഡസ്ട്രിയെ പിടിച്ചു കുലുക്കിയെന്നും മലയാളികള്‍ അവിടെ കയറിക്കൂടുമോ എന്ന ആശങ്കയാണ് ജയമോഹന് എന്നുമാണ് സതീഷ് പൊതുവാളിന്‍റെ വാക്കുകള്‍. 

യെവനാര് മഹാത്മാ ഗാന്ധിയോ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത വിമര്‍ശനമാണ് സതീഷ് പൊതുവാള്‍ നടത്തുന്നത്. ജയമോഹന് മയാളികളെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും തമിഴ്നാട്ടുകാരുടെ മനസ് അറിയില്ലെന്നുമാണ് സതീഷ് പൊതുവാളിന്‍റെ വാക്കുകള്‍. 

നല്ല സിനിമയിലൂടെ മലയാളികള്‍ തമിഴില്‍ വന്ന് കയറുമോ എന്ന ആശങ്കയാണ് ജയമോഹന് ഉള്ളത്. മഞ്ഞുമ്മേല്‍ ബോയിസിലെ ബോയിസിനെ പൊലെയാണ് തമിഴനാട്ടുകാര്‍. അവര്‍ ഒന്ന് ഏറ്റെടുത്താല്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറയുന്നു.

മഞ്ഞുമ്മേല്‍ ബോയിസിലൂടെ തമിഴ് ഇന്‍ഡസ്ട്രി ഒന്ന് വിരണ്ടെന്നും അതിന്‍റെ നേര്‍സാക്ഷ്യമാണിതെന്നും സതീഷ് പൊതുവാള്‍. 

കുറിപ്പിന്‍റെ പൂര്‍ണരൂപം:

യെവനാര് ? മഹാത്മാ ഗാന്ധ്യാ ?

തിരുക്കുറലും ഭാരതീയാരും; അത്ഭുതപ്പെടുത്തിയ പുതുമൈപ്പിത്തനും തൊട്ട് കനിമൊഴി വരെ വായിച്ചിട്ടുണ്ട്. അതിനിടയിൽ ഈ ജയമോഹൻ “ഗാന്ധി ” യുടെ നാലാംകിടകൾ ക്കിടയിലൂടെയും കടന്നു പോകേണ്ട ഗതികേടുമുണ്ടായിട്ടുണ്ട്. ! തമിഴ് ഫിലിം ഇൻ്റസ്ട്രി ഒന്നു  വിരണ്ടു. അത് ഒരു നഗ്ന സത്യമാണ്!

അതിൻ്റെ നേർസാക്ഷ്യമാണിത്. മി: ജയമോഹൻ , താങ്കൾക്കു് മലയാളികളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് എഴുത്തിലൂടെ മുന്നേ തന്നെ  സാക്ഷ്യപ്പെടുത്തിയതാണ്. ഇപ്പോഴിതാ തമിഴ് ഇദയവുമറിയില്ലെന്ന് തെര്യപ്പെടുത്തിയിരിക്കുന്നു!

തമിഴ് മക്കൾക്ക് ഒരു പ്രത്യേകതയുണ്ട് . ഒന്ന് ഏറ്റെടുത്താൽ അവർ അതിന്‍റെ ഏതറ്റം വരെയും പോകും ! മഞ്ഞുമ്മൽ ബോയ്സിലെ ബോയ്സിനെപ്പോലെ ! അതുകൊണ്ട് തന്നെയാണ് തമിഴ് മക്കൾ അത് ഏറ്റെടുത്തതും…

അതെ; അക്ഷരാർത്ഥത്തിൽ അവർ ഏറ്റെടുത്തിരിക്കുന്നു. അതു തന്നെയാണ് ദക്ഷിണേന്ത്യയിലും സിംഗപ്പൂരും മലേഷ്യയിലും മറ്റും വ്യാപിച്ചുകിടക്കുന്ന തമിഴ് ഫിലിം ഇന്‍ഡസ്ട്രിയുടെ ഉത്കണ്ഠയും. മലയാളത്താന്മാർ അവിടെ കടന്നു കയറുമോ എന്ന ആശങ്ക .

ഇന്‍ഡസട്രിയില്‍ ചില്ലറ പറ്റുന്ന ജയമോന്‍റെ വിഡ്ഡിത്തങ്ങളെ തമിഴർക്കും മലയാളികൾക്കും മനസിലാക്കാൻ പ്രയാസമില്ല.

ദേശീയ തലത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് ചര്‍ച്ചയായി മുന്നേറുന്നതിന് ഇടയില്‍ സിനിമയേയും മലയാളികളേയും അധിക്ഷേപിച്ച് പ്രശസ്ത തമിഴ്, മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ രംഗത്തെത്തിയത്.

Read More……..

പല മലയാള സിനിമകളേയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്നും ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറു കൂട്ടമാണെന്നും ആയിരുന്നു ജയമോഹന്‍റെ ആരോപണം.

‘മഞ്ഞുമ്മല്‍ ബോയ്സ്–കുടികാര പെറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് മലയാളികളേയും മഞ്ഞുമ്മല്‍ ബോയ്സിനേയും ജയമോഹന്‍ അധിക്ഷേപിക്കുന്നത്. ‘ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനിലയാണ് മഞ്ഞുമ്മല്‍ ബോയ്സിലും കാണിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം കാടുകളിലേക്കും അവര്‍ എത്തുന്നു. മദ്യപിക്കാനും ഓക്കാനിക്കാനും കടന്നുകയറാനും വീഴാനുമൊക്കെ മാത്രം വേണ്ടിയാണ് അത്. സാമാന്യബോധമോ സാമൂഹിക ബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല.

അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും, ജയമോഹന്‍ ആരോപിക്കുന്നു. വലിയ വിമര്‍ശനമാണ് ജോയമോഹന്‍റെ പരാമര്‍ശനങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്നത്.