ന്യൂഡൽഹി:മയക്കുമരുന്ന് നിർമാണത്തിനുള്ള രാസവസ്തുക്കൾ കടത്തിയ സംഭവത്തിൽ തമിഴ് ചലച്ചിത്ര നിർമ്മാതാവ് പിടിയിലായി.ജാഫർ സാദിക്കിയാണ് ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലും നാർക്കോട്ടിക് കൺട്രോൾ ബോർഡും ചേർന്ന് അറസ്റ്റ് ചെയ്തത്.
രാജ്യതലസ്ഥാനത്ത് മയക്കുമരുന്ന് നിർമാണത്തിനുള്ള രാസവസ്തുക്കളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മൂന്നുപേർ പിടിയിലായതിനെ തുടർന്നാണ് ജാഫർ സാദിക്കിനെ അറസ്റ്റ് ചെയ്തത്.രണ്ടാഴ്ചയിലേറെയായി നടത്തിയ തിരച്ചിലിനൊടുവിലാണ് ജാഫർ സാദിക്ക് ശനിയാഴ്ച പിടിയിലായത്.മുഖ്യസൂത്രധാരനായ തമിഴ് സിനിമാ നിർമാതാവിനെ അന്വേഷണസംഘം തിരിച്ചറിഞ്ഞെങ്കിലും ഇയാളുടെ പേരോ മറ്റുവിവരങ്ങളോ നേരത്തെ പുറത്തുവിട്ടിരുന്നില്ല
ഫെബ്രുവരി 15-ന് സിന്തറ്റിക് മയക്കുമരുന്നായ മെത്താഫിറ്റമിൻ നിർമിക്കുന്നതിന് ആവശ്യമായ സ്യൂഡോഎഫഡ്രിനുമായിട്ടാണ് തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പശ്ചിമ ഡൽഹിയിലെ ഗോഡൗണിൽനിന്ന് പിടികൂടിയത്.
കോക്കനട്ട് പൗഡർ, ഹെൽത്ത് മിക്‌സ് പൗഡർ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ അയയ്ക്കുന്നതിൻറെ മറവിലായിരുന്നു മയക്കുമരുന്ന് നിർമാണത്തിനുള്ള രാസവസ്തുവും വിദേശത്തേക്ക് കടത്തിയത്. ഭക്ഷ്യവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ചാണ് ഇത്തരത്തിൽ കടത്ത് നടന്നിരുന്നതെന്നും എൻ.സി.ബി. ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
മയക്കുമരുന്ന് നിർമാണത്തിനുള്ള രാസവസ്തുകൾ വൻതോതിൽ തങ്ങളുടെ രാജ്യത്തേക്ക് അയക്കുന്നതായി ന്യൂസിലാൻഡ് കസ്റ്റംസും ഓസ്‌ട്രേലിയൻ പോലീസും നേരത്തെ എൻ.സി.ബി.യെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ന്യൂസിലാൻഡ്, ഓസ്‌ട്രേലിയൻ അന്വേഷണ ഏജൻസികളുമായി ചേർന്ന് എൻ.സി.ബി. സംഘം അന്വേഷണം ആരംഭിച്ചത്. തുടർന്ന് യു.എസ്. ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ ഇതുസംബന്ധിച്ച ചില സൂചനകൾ എൻ.സി.ബി.ക്ക് കൈമാറി.
മയക്കുമരുന്ന് നിർമാണത്തിനുള്ള രാസവസ്തുക്കൾ വരുന്നത് ഡൽഹിയിൽനിന്നുള്ള ചരക്കുകളിലാണെന്നാണ് അമേരിക്കൻ ഏജൻസി വിവരം നൽകിയത്. ഇതോടെ എൻ.സി.ബി.യും ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലും സംയുക്തമായി അന്വേഷണം ആരംഭിച്ചു.
Read more ….
നാലുമാസത്തെ അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്ന് സംഘത്തെ അധികൃതർ കണ്ടെത്തിയത്. ഡൽഹി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും ഉടൻതന്നെ ഓസ്‌ട്രേലിയയിലേക്ക് ഇവർ രാസവസ്തുക്കൾ കടത്താൻ പദ്ധതിയിടുന്നുണ്ടെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. ഇതിനുപിന്നാലെയാണ് പശ്ചിമ ഡൽഹിയിലെ ഗോഡൗണിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.