വിജയ്‌യുടെ പാർട്ടിയിൽ അംഗത്വമെടുക്കാൻ നീണ്ടനിര: ഒരു മണിക്കൂറിനുള്ളിൽ വെബ്സൈറ്റ് സന്ദർശിച്ചത് 20 ലക്ഷത്തിൽപ്പരം ആളുകൾ

തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് അം​ഗങ്ങളെ ചേർക്കുന്ന പദ്ധതി നടൻ വിജയ് ആരംഭിച്ചു. താരംതന്നെയാണ് ആദ്യ അം​ഗത്വമെടുത്തത്. ഫോണിലൂടെയും വെബ്സൈറ്റിലൂടെയും അംഗത്വമെടുക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചത്.

ആദ്യ മണിക്കൂറിൽ 20 ലക്ഷത്തിൽപ്പരം ആളുകളാണ് അം​ഗത്വത്തിനായി വെബ്സൈറ്റ് സന്ദർശിച്ചത്.

വനിതാദിനം പ്രമാണിച്ച് കഴിഞ്ഞദിവസം വിജയ് തന്റെ സോഷ്യൽ മീഡിയാ പേജുകളിൽ തമിഴക വെട്രി കഴകത്തിന്റെ പേരിലുള്ള ലെറ്റർപാഡുകളിൽ രണ്ട് അറിയിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന അടിസ്ഥാന തത്വം പിന്തുടരണമെന്നാണ് ഇതിൽ ഒരു പോസ്റ്റിൽ പറയുന്നത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നമുക്കൊരുമിച്ച് ചരിത്രം രചിക്കാമെന്നും ഇതിൽ പറയുന്നു. ‘പിറപോകും എല്ലാ ഉയിരുക്കും’ എന്ന അടിക്കുറിപ്പിന് കീഴിൽ താൻ നൽകിയ പ്രതിജ്ഞ വായിച്ച് തന്റെ രാഷ്ട്രീയ സംഘടനയിൽ ചേരാൻ വിജയ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നതാണ് അടുത്ത പോസ്റ്റ്.

ഇന്ത്യൻ ഭരണഘടനയിലും പരമാധികാരത്തിലും വിശ്വാസമുള്ള ഉത്തരവാദിത്തമുള്ള വ്യക്തിയായി ഞാൻ പ്രവർത്തിക്കുകയും എല്ലാവരുമായും ഐക്യവും സാഹോദര്യവും മതസൗഹാർദ്ദവും സമത്വവും നിലനിർത്തുകയും ചെയ്യും.

മതേതരത്വത്തിൻ്റെയും സാമൂഹിക നീതിയുടെയും പാതയിൽ സഞ്ചരിക്കുമെന്നും എപ്പോഴും ഒരു പൊതുപ്രവർത്തകനായി പ്രവർത്തിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. ജാതി മതം, ലിംഗഭേദം, ജന്മസ്ഥലം എന്നിവയുടെ പേരിലുള്ള വ്യത്യാസങ്ങൾ ഇല്ലാതാക്കുക, ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക, എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകുക.

തുല്യ അവകാശങ്ങൾക്കായി ഞാൻ പരിശ്രമിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ഉറപ്പിക്കുന്നു. പ്രതിജ്ഞയിലെ വാചകങ്ങൾ ഇങ്ങനെ.

Read More……..

ആദ്യമണിക്കൂറിൽ തന്നെ 20 ലക്ഷത്തിൽപ്പരം ആളുകൾ അംഗത്വത്തിനായി വെബ്സൈറ്റിൽ കയറിയതോടെ സൈറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷക്കണക്കിന് ആളുകളാണ് രജിസ്റ്റർ ചെയ്തത്.

ഒരു കോടി ആളുകളെ പാർട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പാർട്ടിയിൽ ചേരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് നമ്പർ നിർബന്ധമാണ്. അതേസമയം തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഏപ്രിലിൽ മധുരയിൽ വെച്ച് നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ആർക്കും പിന്തുണ പ്രഖ്യാപിക്കില്ലെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും വിജയ് നേരത്തേ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയത്തിൽ സജീവമാകുന്നതോടെ സിനിമാ ജീവിതത്തോട് പൂർണമായും വിടപറയാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്.