രണ്ടു രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ ഖലിസ്ഥാന്‍ വാദി ഹര്‍ദ്ദീപ് സിംഗ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് കനേഡിയന്‍ മാധ്യമം. ഇതോടെ, ഹര്‍ദീപ് സിംഗ് നിജ്ജര്‍ വധം വീണ്ടും ചര്‍ച്ചയാകുമ്പോള്‍, ഉയര്‍ന്നു വരുന്ന രണ്ടു ചോദ്യങ്ങളാണ് ആരാണീ ഹര്‍ദീപ് സിംഗ് നിജ്ജര്‍. എന്താണ് ഖലിസ്ഥാന്‍ വാദം. ഖലിസ്ഥാന്‍ വാദത്തിന്റെ രക്തസാക്ഷിയാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ എന്നാണ് തീവ്രനിലപാടുള്ള ഖലിസ്ഥാന്‍ വാദ സംഘടനകള്‍ വിശ്വസിക്കുന്നത്. ഖലിസ്ഥാന്‍ വാദം ഉയര്‍ത്തുന്ന നിരവധി സംഘടനകള്‍ കാനഡയിലും, യു.കെയിലും, അമേരിക്കയിലും സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്.
അക്രമങ്ങളിലൂടെ സ്വപ്നസാക്ഷാത്ക്കാരത്തിനുള്ള നീക്കങ്ങള്‍ പഞ്ചാബില്‍ വീണ്ടും സജീവമാക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. അത്തരമൊരു തീവ്രാശയ സംഘടനയാണ് ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ്. ഇതിന്റെ പ്രമുഖ നേതാവായിരുന്നു ഹര്‍ദീപ് സിംഗ് നിജ്ജര്‍. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം തകര്‍ക്കാന്‍ മാത്രം നിജ്ജര്‍ ആരാണ്. കാനഡയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കാന്‍ പാകത്തിന്, കാനഡ എന്ന രാജ്യത്തെ സ്വാധീനിച്ച നിജ്ജര്‍ ചെറിയ ആളല്ലെന്ന് വ്യക്തമാണ്. 2023 ജൂണ്‍ 18നാണ് നിജ്ജര്‍ വധിക്കപ്പെടുന്നത്. കാനഡയിലെ ഒരു ഗുരുദ്വാറിനു മുമ്പില്‍ വെച്ച് ആറോളം വരുന്ന അക്രമിസംഘമാണ് നിജ്ജറിനു നേരെ നിറയൊഴിച്ചത്. നിജ്ജര്‍ കാനഡയില്‍ സുഖവാസത്തിന് എത്തിയ ആളല്ലായിരുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണില്‍പ്പെടാതെ ഒളിവില്‍ കഴിയുകയായിരുന്നു.
കള്ള പാസ്‌പോര്‍ട്ടുമായാണ് നിജ്ജര്‍ കാനഡയിലെത്തുന്നത്. തുടര്‍ന്ന് കാനേഡിയന്‍ പൗരത്വം നേടി. നിജ്ജാറിന്റെ തലയ്ക്ക് എന്‍.ഐ.എ ഇട്ട വില 10 ലക്ഷം രൂപയാണ്. എന്‍.ഐ.എ റെഡ് കോര്‍ണറും പുറപ്പെടുവിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പേരില്‍ ഇന്ത്യയിലുണ്ടായിരുന്ന സ്ഥാവര ജംഗമ വസ്തുക്കളും കണ്ടു കെട്ടി. കാനഡയില്‍ ഇരുന്നുകൊണ്ട് പഞ്ചാബില്‍ കലാപങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതായിരുന്നു പ്രധാന ജോലി. ഇന്ത്യയില്‍ നിരോധിച്ച തീവ്രവാദ സംഘടനയായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിലേക്ക് (കെ.ടി.എഫ്) ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലനം നല്‍കുന്നതിലും നിജ്ജാര്‍ സജീവമായി പങ്കെടുത്തിരുന്നതായി ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ‘ഖാലിസ്ഥാന്‍ സ്വതന്ത്ര രാഷ്ട്രം വേണോ’ എന്ന ഹിതപരിശോധന നടത്തിയ വിഘടനവാദ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ) ഭാഗമായും നിജ്ജര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007ല്‍ പഞ്ചാബിലെ ലുധിയാനയില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പൊലീസ് തിരയുന്ന പ്രതിയായിരുന്നു നിജ്ജര്‍. 2010ല്‍ പട്യാലയിലെ ഒരു ക്ഷേത്രത്തിന് സമീപം നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടും പഞ്ചാബ് പൊലീസില്‍ കേസുണ്ട്. 2015ല്‍ ഹിന്ദു നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടെന്ന കുറ്റവും നിജ്ജറിനെതിരെ ചുമത്തിയിട്ടുണ്ട്. 2016ല്‍ അദ്ദേഹത്തിനെതിരെ മറ്റൊരു കേസും ഫയല്‍ ചെയ്യപ്പെട്ടു.
മന്‍ദീപ് ധലിവാളിന് പരിശീലനം നല്‍കിയെന്നും ഹിന്ദു നേതാക്കളെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു കേസ്.2015ലും 2016ലും നിജ്ജറിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറും, റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു. പഞ്ചാബിലെ രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്തിയതില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പങ്ക് അന്വേഷിക്കുമെന്ന് 2018ല്‍ എന്‍.ഐ.എ പറഞ്ഞിരുന്നു. 2022ല്‍ പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് പിന്നാലെ നിജ്ജാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ 10 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. നിജ്ജറിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആശങ്ക ഇന്ത്യ പല തവണ കാനഡയെ അറിയിച്ചിരുന്നു.
2018ല്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, നിജ്ജാറിന്റെ പേരുള്‍പ്പെടെയുള്ള പട്ടിക ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് 2022ല്‍ നിജ്ജറിനെ കൈമാറണമെന്ന് പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കാനഡ അത് കേട്ടില്ല. പക്ഷെ, നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായി ഉന്നയിക്കാനാണ് കാനഡ തീരുമാനിച്ചത്. ആരോപണം ആദ്യം ഉന്നയിച്ചത്, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയാണ്. എന്‍.ഐ.എക്ക് നിജ്ജര്‍ കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന വിമര്‍ശനം പിന്നീട്, കനേഡിയന്‍ സര്‍ക്കാര്‍ പ്രതിനിധികളും പറഞ്ഞതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് കോട്ടം തട്ടാന്‍ തുടങ്ങുകയായിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് പുറത്താക്കിയത്. ഹര്‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാകാമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവനയും നടത്തി. ഖലിസ്ഥാന്‍ സംഘടനാ ലോബി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മേല്‍ അത്രയ്ക്കധികം സമ്മര്‍ദ്ദം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ഇന്ത്യയും കനേഡിയന്‍ നയതന്ത്ര പ്രതിനിധികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ നടപടി എടുത്തു. പിന്നീടിങ്ങോട്ട് ഇരു രാജ്യങ്ങളുടേയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ വരെ ഇടപെടലുകള്‍ നടന്നു.
ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പകരം വീട്ടുമെന്ന പ്രഖ്യാപനം നടത്തിയ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവിനെയും എന്‍.ഐ.എ റെഡ് കോര്‍ണറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുര്‍പത് വന്ത് സിംഗ് പന്നൂന്‍ നിലവില്‍ നിരവധി ഭീഷണികള്‍ ഇന്ത്യ്‌ക്കെതിരേ ഉയര്‍ത്തിയിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റ് മത്സരം നടന്ന സ്റ്റേഡിയം ബോംബുവെച്ച് പൊട്ടിക്കുമെന്നായിരുന്നു അവസാനത്തെ ഭീഷണി. നരേന്ദ്രമോദിയെയും, അമിത് ഷായെയും കൊല്ലുമെന്നും, ഡെല്‍ഹി എയര്‍പോര്‍ട്ട് ബോംബു വെക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇതിനു ശേഷമാണ് പാര്‍ലമെന്റില്‍ എം.പിമാര്‍ക്കു നേരെ ആക്രമം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. പക്ഷെ, ഈ ആക്രമണത്തിന് ഖലിസ്ഥാനികളുമായി യാതൊരു ബന്ധവുമില്ലായിരുന്നു.
* എന്താണ് ഖലിസ്ഥാന്‍ വാദം
പ്രത്യേക സിഖ് പരമാധികാര രാജ്യം ലക്ഷ്യമിട്ടാണ് ഖലിസ്ഥാന്‍ വാദം ഉണ്ടാകുന്നത്. സ്വതന്ത്ര ഇന്ത്യയുടെ 80കളെ രക്തരൂക്ഷിതമാക്കിയ പ്രക്ഷോഭങ്ങളും രാജ്യം കണ്ടു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും പഞ്ചാബ് മുഖ്യമന്ത്രിയുടേയും അടക്കം പതിനായിരക്കണക്കിന് ജീവനുകളും അന്ന് രാജ്യത്തിന് നഷ്ടമായി. 1984ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിലൂടെ ഭിന്ദ്രന്‍വാലയേയും 1986ലും 1988ലും നടന്ന ഓപ്പറേഷന്‍ ബ്ലാക് തണ്ടറിലൂടെ ഖലിസ്ഥാന്‍ വാദത്തേയും വലിയ തോതില്‍ ഇല്ലാതാക്കി. എന്നാല്‍, കാനഡയിലും യുകെയിലും ഓസ്‌ട്രേലിയയിലും, അമേരിക്കയിലും കുടിയേറിയ സിഖ് യുവാക്കളിലൂടെ തീവ്രസിഖ് സംഘടനകള്‍ ഖലിസ്ഥാന്‍ സ്വപ്നം സജീവമാക്കി നിലനിര്‍ത്തുകയായിരുന്നു.
എണ്‍പതുകളിലെ ഖലിസ്ഥാന്‍ പ്രക്ഷോഭ കാലത്ത് നടന്ന കൊലപാതക കേസുകളില്‍പ്പെട്ട് പതിറ്റാണ്ടുകളായി ജയിലുകളില്‍ കഴിയുന്ന സിഖുകാരുടെ മോചനമാണ് ബന്ദി സിങ്സ് വിഷയം. ഇവരുടെ മോചനമാവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് പഞ്ചാബില്‍ അരങ്ങേറിയത്. നിരവധി സംഘടനകള്‍ ഇവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 20 ബന്ദി സിങുമാരാണ് നിലവിലുള്ളത്. ഇതില്‍ 16 പേര്‍ ജയിലിലും 4 പേര്‍ പരോളിലുമാണ്.
വാരിസ് പഞ്ചാബ് ദേ എന്നാല്‍ പഞ്ചാബിന്റെ അവകാശികള്‍ എന്നാണ് അര്‍ത്ഥം. 2021ലെ റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവാണ് വാരിസ് പഞ്ചാബ് ദേയുടെ സ്ഥാപകന്‍. 2022 ഫെബ്രുവരിയില്‍ ഒരു വാഹനാപകടത്തില്‍ സിദ്ദു മരിച്ചു. അതിന് ശേഷം വാരിസ് പഞ്ചാബ് ദേയുടെ നേതാവായി സ്വയം അവരോധിച്ച ആളാണ് അമൃത്പാല്‍സിങ്. 30 വയസ്സുള്ള അമൃത്പാല്‍സിങിനെ രണ്ടാം ഭിന്ദ്രന്‍വാല എന്നാണ് അനുയായികള്‍ വിശേഷിപ്പിക്കുന്നത്.
Read more ….
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്‌ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ