പാലരുവിയിലേക്കു പോകാം, തിങ്ങി ഞെരുങ്ങാതെ: പാലരുവി എക്‌സ്പ്രസില്‍ കൂടുതല്‍ കോച്ചുകള്‍ വരുന്നു (ഇംപാക്ട്)

കൊല്ലം-ചെങ്കോട്ട റെയില്‍ പാതയില്‍ ഓടുന്ന പാലരുവി എക്‌സ്പ്രസ്സിന്റെ കോച്ചുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം. പാലരുവി എക്‌സ്പ്രസില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന (പ്രത്യേകിച്ച് വനിതാ യാത്രക്കാര്‍) ദുരിതം അന്വേഷണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ വാഗണ്‍ ദുരന്തമായ് പാലരുവിയുടെ ലേഡീസ് കോച്ചുകള്‍; ദേഹാസ്വാസ്ഥ്യം പതിവാകുന്നു’ എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ട്രെയിന്‍ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓണ്‍ റെയിലിന്റെ പരാതിയും റെയില്‍വേ അധികൃതര്‍ക്കു ലഭിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതും. കോച്ചുകള്‍ കുറവായതിനാല്‍ പാലരുവിയിലും ഗുരുവായൂര്‍-മധുര ട്രെയിനിലും കാലുകുത്താന്‍ കഴിയാത്ത തിരക്കാണ്. 

കോച്ചുകള്‍ കൂട്ടാന്‍ അനുമതി ലഭിച്ചതോടെ ഈ ട്രെയിനുകളിലെല്ലാം കൂടുതല്‍ പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയും. കോച്ചുകളുടെ എണ്ണം ഇപ്പോഴുള്ള 14ല്‍ നിന്ന് 22 ആയി ഉയര്‍ത്താന്‍ തടസ്സമില്ലെന്നു കാണിച്ചു പാതയില്‍ പരിശോധനകള്‍ നടത്തിയ ആര്‍ഡിഎസ്ഒ ദക്ഷിണ റെയില്‍വേയ്ക്കു റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ചില സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോമുകളുടെ നീളം കുറവാണ്. അതിനാല്‍ 18 കോച്ചുകള്‍ വരെ ആദ്യഘട്ടത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ളൂ. നിലവില്‍ 14 കോച്ചുകളുള്ള ട്രെയിനുകളാണ് ഈ റൂട്ടില്‍ ഓടുന്നത്. ദക്ഷിണ റെയില്‍വേ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ജനുവരിയില്‍ പാതയില്‍ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) പരിശോധന നടത്തിയിരുന്നു. എന്നാല്‍, തുടര്‍ന്ന് തീരുമാനം ഒന്നും എടുക്കാതിരിക്കുകയായിരുന്നു. 

പാലരുവി എക്‌സ്പ്രസിലെ ബുദ്ധിമുട്ട് നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുന്നുണ്ടെന്ന് റെയില്‍വേയ്ക്കും ബോധ്യമായതോടെയാണ് നടപടികള്‍ എടുത്തത്. എന്നാല്‍, നേരത്തെ തന്നെ ആര്‍ഡിഎസ്ഒ കപ്ലര്‍ ഫോഴ്‌സ് ട്രയലും എമര്‍ജന്‍സി ബ്രേക്കിങ് ഡിസ്റ്റന്‍സ് പരിശോധനയും നടത്തിയിട്ടുണ്ടാരുന്നു. പാലക്കാട്-തിരുനെല്‍വേലി പാലരുവി, ഗുരുവായൂര്‍-മധുര എക്‌സപ്രസ്, എറണാകുളം-വേളാങ്കണ്ണി ബൈവീക്ക്ലി, കൊല്ലം-ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് എന്നിവയാണു ഇതുവഴിയുള്ള ട്രെയിനുകള്‍. പുനലൂര്‍, ആവണീശ്വരം സ്റ്റേഷനുകളിലാണു 22 കോച്ചുകള്‍ നിര്‍ത്താന്‍ സൗകര്യമുള്ളത്. ആര്യങ്കാവ്, തെന്‍മല, കൊട്ടാരക്കര, കുണ്ടറ സ്റ്റേഷനുകളില്‍ കൂടി പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടിയാല്‍ 22 കോച്ചുകളുള്ള ട്രെയിനുകള്‍ ഇതുവഴി ഓടിക്കാന്‍ കഴിയും. 

മധുര ഡിവിഷനാണു നടപടിയെടുക്കേണ്ടത്. പ്ലാറ്റ്‌ഫോം നീളം കൂട്ടാതെ ജനറല്‍ കോച്ചുകളുടെ സ്ഥാനം മാറ്റിയും റിസര്‍വേഷന്‍ ക്വാട്ട പുനക്രമീകരിച്ചും 22 കോച്ചുകളോടിക്കാന്‍ കഴിയും. വേളാങ്കണ്ണി ട്രെയിനില്‍ എസി കോച്ചുകള്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. താംബരം-ചെങ്കോട്ട ട്രൈവീക്ക്ലി, മയിലാടുതുറ-ചെങ്കോട്ട ട്രെയിനുകള്‍ കൊല്ലത്തേക്കു നീട്ടാന്‍ സാധിക്കും. മധുര-കോട്ടയം രാത്രികാല ട്രെയിന്‍, തിരുനെല്‍വേലി-കൊല്ലം മെമു എന്നിവ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. ചെന്നൈയിലേക്കും വേളാങ്കണ്ണിയിലേക്കും ടിക്കറ്റ് കിട്ടാത്ത പ്രശ്‌നത്തിനും ഇതോടെ പരിഹാരമാകും. മാസങ്ങള്‍ക്കു മുന്‍പു ബുക്ക് ചെയ്താലാണ് ഇപ്പോള്‍ ഈ ട്രെയിനുകളില്‍ ടിക്കറ്റ് ലഭിക്കുന്നത്. 4 സ്ലീപ്പര്‍ കോച്ചുകള്‍ കൂട്ടുമ്പോള്‍ കൊല്ലത്തുനിന്നു ചെന്നൈയിലേക്കുള്ള ട്രെയിനില്‍ 288 ബെര്‍ത്തുകള്‍ അധികമായി ലഭിക്കും.

പാലരുവി വാട്ട ഫാള്‍സ് ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. മനോഹരമായ ചെങ്കോട്ട പാതയിലൂടെ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാനും ഇഷ്ടമാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഇപ്പോള്‍ വന്‍ വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്. ചൂടു കൂടിയ കാലാവസ്ഥയില്‍ വെള്ളച്ചാട്ടത്തിന്റെ പ്രസക്തിയും വര്‍ദ്ധിച്ചിട്ടുണ്ട്. തിരക്കില്ലാതെ, യാത്ര ചെയ്യാനും, കൂടുതല്‍ യാത്രക്കാര്‍ക്ക് പോകാനും കഴിയുന്നതു കൊണ്ട് പാലരുവി എക്‌സ്പ്രസാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. ഇത് കൂടി കണക്കിലെടുത്താണ് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നതും. 

പാലരുവി എക്സ്പ്രസിലെ ലേഡീസ് കോച്ചുകള്‍ വാഗണ്‍ ദുരന്തത്തിന് സമാനമായ അവസ്ഥയിലാണ് ഓട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. ട്രെയിനിന്റെ കോച്ചുകള്‍ ഇടുങ്ങിയതും വളരെ ചെറുതുമായതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധി മുട്ടുന്നുണ്ടായിരുന്നു. സ്ത്രീ യാത്രക്കാരാണ് വലിയ ദുരിതം അനുഭവിക്കുന്നത്. 20 സീറ്റുകള്‍ മാത്രമേ ഒരു കോച്ചിലുള്ളൂ. കാലുകുത്താന്‍ ഇടമില്ലാത്ത അവസ്ഥയിലാണ് കോട്ടയം മുതല്‍ പാലരുവിയിലെ എല്ലാ കോച്ചിന്റെയും അവസ്ഥ. അതികഠിനമായ തിരക്കിലും സ്ത്രീകള്‍ക്ക് ഏറെ ആശ്വാസമായിരുന്നു ലേഡീസ് കോച്ച്. എന്നാല്‍ പാലരുവിയിലെ ലേഡീസ് കോച്ചില്‍ ഇപ്പോള്‍ പടിവാതിലില്‍ വരെ തിങ്ങിനിറഞ്ഞാണ് സ്ത്രീകള്‍ യാത്ര ചെയ്യുന്നത്. ഇത് വലിയ അപകടങ്ങള്‍ക്കു സാധ്യതയുമുണ്ട്.

Read more ….