മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും

ന്യൂഡല്‍ഹി:അവസാന കേന്ദ്രമന്ത്രിസഭായോഗം 12 ചൊവ്വാഴ്ച ചേരാനൊരുങ്ങി രണ്ടാം മോദി സർക്കാർ.ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും.തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ മുഖ്യ കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുകയാണ്.

ഈ സന്ദര്‍ശനം പൂര്‍ത്തിയായാല്‍ ഉടന്‍ കമ്മിഷന്റെ സമ്പൂര്‍ണയോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താന്‍ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയതായാണ് സൂചന.

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് ഒരു ഡസനോളം പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ചില വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും അവസാന കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം ഉണ്ടായേക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് സി.എ.എ. ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തേക്കും.

Read more ….

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി 3400 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് പത്തിനാണ് പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് 2019-ലെ തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. കേരളത്തില്‍, ആദ്യ നാലുഘട്ടങ്ങളില്‍ ഒന്നില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.