ചെന്നൈ: വധുവിന്റെ പേരിനെ ചൊല്ലി ക്ഷേത്രം അധികൃതരും പൂജാരിമാരും വിവാഹംനടത്താൻ അനുമതി നിഷേധിച്ചു. ഏറെ നേരത്തെ വാഗ്വാദത്തിനൊടുവിൽ ക്ഷേത്രത്തിന് മുന്നിലെ റോഡിൽവെച്ച് താലികെട്ടി.
ഹിന്ദുവായ വധുവിൻ്റെ പേര് ആൻ്റണി ദിവ്യ എന്ന ക്രിസ്ത്യൻ പേരാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിവാഹംനടത്താൻ തൂത്തുക്കുടി വിലാത്തിക്കുളം ശങ്കരരാമേശ്വരർ ക്ഷേത്രം അധികൃതരും പൂജാരിമാരും വിസമ്മതിച്ചത്. തൂത്തുക്കുടി ജില്ലയിലെ പണയൂർ സ്വദേശി കെ. കണ്ണനും തരുവൈക്കുളം സ്വദേശി എം. ആന്റണി ദിവ്യയ്ക്കുമാണ് വിവാഹനാളിൽ പുരോഹിതന്മാരിൽനിന്ന് ദുരനുഭവം നേരിടേണ്ടിവന്നത്.
മുരുകൻ -രേവതി ദമ്പതികളുടെ മകളാണ് ആന്റണി ദിവ്യ. ദിവ്യ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്കൂളിലാണ് പഠിച്ചതെന്നും അതുമാത്രമാണ് അവളുടെ ഏക ക്രിസ്ത്യൻ ബന്ധമെന്നും ബന്ധുവായ രാജേന്ദ്രൻ പറഞ്ഞു. രേഖകളിലൊക്കെ അവൾ ഹിന്ദുവാണെന്നും വിവാഹം നിഷേധിച്ചതിനെതിരെ തങ്ങൾ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സ്കൂളിൽനിന്ന് നൽകിയ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റിൽ ആന്റണി ദിവ്യ ക്രിസ്ത്യാനിയാണെന്നാണ് രേഖപ്പെടുത്തിയതെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസർ തമിഴ്സെൽവി പറഞ്ഞു. എന്നാൽ, ഈ ആരോപണം തെറ്റാണെന്ന് ബന്ധുക്കൾ പറഞ്ഞു.
ക്രിസ്ത്യാനിയാണെന്ന് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതിനാൽ ക്ഷേത്രത്തിനകത്തുവെച്ച് വിവാഹം നടത്തരുതെന്ന് നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും ഇതുവകവെക്കാതെ പൂജാരിമാരോട് വിവാഹച്ചടങ്ങുകൾ നടത്തിക്കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
Read more :
- അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- ഗവർണർ പുറത്താക്കിയ വി.സിമാർ ഹൈകോടതിയിലേക്ക്; പദവിയിൽ തുടരാൻ അനുകൂല വിധി നിർബന്ധം
- പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ
- സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; 20 സീറ്റിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി; എൻ.ഡി.എയുടെ എട്ട് സീറ്റുകളിൽ പ്രഖ്യാപനം ബാക്കി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ