കേരളത്തിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലിം പ്രാതിനിത്യം ഒന്നായി ഒതുങ്ങുമെന്ന അന്വേഷണത്തിൻ്റെ റിപ്പോർട്ട് സത്യമായി. ലോക്സഭയിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നപ്പോൾ വടകരയിൽ മാത്രമായി മുസ്ലിം പ്രാതിനിത്യം ഒതുങ്ങി. ഷാഫി പറമ്പിൽ എംഎൽഎയാണ് കേരളത്തിലെ കോൺഗ്രസിൻ്റെ ഒരേയൊരു മുസ്ലിം സ്ഥാനാർത്ഥി.
നേരത്തേ ആലപ്പുഴയിലും കണ്ണൂരിലും മുസ്ലിം സ്ഥാനാർത്ഥികൾ എത്തുമെന്ന് കേരളത്തിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പ്രാതിനിത്യം ഒന്നായി ചുരുങ്ങുമെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് അന്വേഷണമാണ്. കണ്ണൂരിൽ സുധാകരന് പകരം ടി. സിദ്ധിഖിനെ പരിഗണിച്ചെലും കെപിസിസി പ്രസിഡൻ്റിൻ്റെ കണ്ണുരുട്ടലിൽ അദ്ദേഹം പിൻമാറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
നിലവിൽ സിറ്റിംഗ് എംപി എന്ന പരിഗണന കൊണ്ടു മാത്രമാണ് രമ്യാ ഹരിദാസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം തേടിയത്. അല്ലെങ്കിൽ വനിതാ ദിനത്തിൽ ഒരു സംപൂർണ വനിതാ വിരുദ്ധ പട്ടികയായിരുന്നനേ കോൺഗ്രസ് പ്രഖ്യാപിക്കുക. കേരളത്തിലെ കോൺഗ്രസിൻ്റെ മുഖ്യ എതിരാളിയായ സ്ഥാനാർത്ഥി പട്ടികയിൽ 4 മുസ്ലിം സ്ഥാനാർത്ഥികളാണ് ഇടം പിടിച്ചത്. എ.എം.ആരിഫ് (ആലപ്പുഴ), എളമരം കരിം (കോഴിക്കോട്), കെ.എസ്.ഹംസ (പൊന്നാനി), വി.വസീഫ് ( മലപ്പുറം) എന്നിവരാണ് സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടത്. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പട്ടിക നിലവിൽ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സാധ്യത.
ഹിന്ദുത്വ ആശയങ്ങളുടെ വ്യക്താക്കളായ ബിജെപി പോലും തങ്ങളുടെ സ്ഥാനാർത്ഥി പട്ടിയിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ ഉൾപ്പെടുത്തിയിരുന്നു.മുൻ സർവകലാശാല വിസി ഡോ. അബ്ദുള്‍ സലാമാണ് (മലപ്പുറം) ബിജെപി പട്ടികയിൽ ഇടം പിടിച്ചത്. ഹൈന്ദവ ദേശീയത മുറുകെ പിടിക്കുന്ന ബിജെപിയും മതേതര പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസും ഒരേ രീതിയിലാണ് മുസ്ലിം സമുദായത്തെ പരിഗണിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.ഇത് വരും ദിവസങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ എന്ത് വ്യത്യാസം എന്ന ചർച്ചകൾക്കും വഴി തുറന്നേക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ