ന്യൂഡൽഹി: എല്ലാ വിമർശനങ്ങളും കുറ്റകൃത്യമല്ലെന്ന് സുപ്രീംകോടതി. വിമർശനങ്ങളെല്ലാം കുറ്റകൃത്യമാണെന്ന് വിചാരിക്കുകയാണെങ്കിൽ ജനാധിപത്യം നിലനിൽക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ വിമർശനം ഉന്നയിച്ച കോളജ് പ്രൊഫസറുടെ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)a അഭിപ്രായസ്വാതന്ത്രത്തിനുള്ള അവകാശം പൗരൻമാർക്ക് നൽകുന്നുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തെ വിമർശിക്കാൻ പൗരൻമാർക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. തനിക്ക് താൽപര്യമില്ലാത്ത സർക്കാറിന്റെ ഏത് തീരുമാനത്തേയും വിമർശിക്കാൻ പൗരൻമാർക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇതുസംബന്ധിച്ച് നമ്മുടെ പൊലീസ് സംവിധാനത്തെ പഠിപ്പിക്കണം. ആർട്ടിക്കിൾ 19(a)യെ കുറിച്ചും നമ്മുടെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ജനാധിപത്യ മൂല്യങ്ങളെയും കുറിച്ച് അവർ ബോധവാന്മാരാകണമെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
മഹാരാഷ്ട്രയിലെ കോലാപ്പൂർ കോളജിൽ ജോലി ചെയ്യുന്ന ജാവേദ് അഹമദ് ഹാസത്തിനെതിരെയാണ് പൊലീസ് ക്രിമിനൽ കേസ് എടുത്തത്. ആഗസ്റ്റ് അഞ്ച് കശ്മീരിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് പറഞ്ഞതിനും പാകിസ്താന് സ്വാതന്ത്രദിനാശംസകൾ നേർന്നതിനുമായിരുന്നു നടപടി. ആഗസ്റ്റ് അഞ്ച് കറുത്ത ദിനമാണെന്ന് പറഞ്ഞതിലൂടെ സ്വന്തം ദുഃഖം പ്രകടിപ്പിക്കുകയാണ് പ്രൊഫസർ ചെയ്തതെന്നും പാകിസ്താന് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നത് കുറ്റകരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കേസ് റദ്ദാക്കിയത്.