ന്യൂഡൽഹി: 2022-23ൽ അജ്ഞാത സ്രോതസ്സുകളിൽനിന്ന് ദേശീയ പാർട്ടികൾക്ക് ലഭിച്ച ആകെ വരുമാനത്തിന്റെ 82.42 ശതമാനവും ഇലക്ടറൽ ബോണ്ട് വഴിയെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ). ദേശീയ പാർട്ടികളുടെ ഓഡിറ്റ് റിപ്പോർട്ടുകളും തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സംഭാവനകളുടെ പ്രസ്താവനകളും വിശകലനം ചെയ്യുമ്പോൾ പാർട്ടികൾക്ക് ലഭിച്ച തുകയുടെ ഭൂരിഭാഗവും അജ്ഞാത ഉറവിടങ്ങളിൽനിന്നാണെന്നാണ് വ്യക്തമാകുന്നതെന്നും എ.ഡി.ആർ പറയുന്നു.
അജ്ഞാത സ്രോതസ്സുകളിൽനിന്ന് ലഭിച്ച 1,832.88 കോടി രൂപയിൽ 1,510 കോടിയും ഇലക്ടറൽ ബോണ്ട് വഴിയാണ്. ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി), ആം ആദ്മി പാർട്ടി (എ.എ.പി), നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.ഇ.പി) എന്നീ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളാണ് പഠനവിധേയമാക്കിയത്.
- മുരളീധരൻ തൃശൂരിലേക്ക്, പ്രതാപൻ മത്സരിച്ചേക്കില്ല; ഷാഫി വടകരയിൽ, ആലപ്പുഴയിൽ കെ.സി.വേണുഗോപാലിന്റേയും രാഹുൽ മാങ്കൂട്ടത്തിന്റേയും പേരുകൾ; അപ്രതീക്ഷിത മാറ്റത്തിനൊരുങ്ങി കോൺഗ്രസ്
- ഗസ്സയിൽ പട്ടിണി; ഭക്ഷ്യസഹായം എത്തിക്കാൻ താൽക്കാലിക തുറമുഖം തുറക്കുമെന്ന് അമേരിക്ക
ദേശീയ പാർട്ടികൾക്കിടയിൽ ഏറ്റവും കൂടുതൽ ‘അജ്ഞാത’ ധനം ലഭിച്ചത് ബി.ജെ.പിക്കാണ്;1,400 കോടി രൂപ (ആകെ ലഭിച്ച തുകയുടെ 76.39 ശതമാനം). കോൺഗ്രസിന് 315.11 കോടി രൂപ ലഭിച്ചതായി (17.19 ശതമാനം) പാർട്ടി വെളിപ്പെടുത്തി. അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളിൽനിന്ന് ബി.എസ്.പിക്ക് ലഭിച്ചത് 29.27 കോടി രൂപയാണ്.