തിരുമലയിൽ മൊട്ടയടിച്ചു ബോളിവുഡ് സംവിധായകൻ: ‘ആകെ മാറിപ്പോയെന്ന്’ കമന്റുകൾ

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അനിമൽ’. 2023 ല്‍ ഏറ്റവും കൂടുതൽ ചര്‍ച്ചകൾക്ക് ഇടയാക്കിയ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

മികച്ച സാമ്പത്തിക വിജയം നേടുകയും അതോടൊപ്പം നിരവധി വിമർശനങ്ങളും കേൾക്കേണ്ടി വന്ന സിനിമയും കൂടിയാണിത്. വയലന്‍സ്, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍, സ്ത്രീ വിരുദ്ധത എന്നിവയൊക്കെയായിരുന്നു ചിത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.

100 കോടി ബജറ്റിലൊരുങ്ങിയ അനിമല്‍ ഏകദേശം 915.53 കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് നേടിയത്. ഗാനരചയിതാവും നടനും സഹസംവിധായകനുമായ സ്വാനന്ദ് കിര്‍കിരേ, ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്ഘട്ട്, കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് എം.പിയുമായ രന്‍ജീത് രഞ്ജന്‍ തുടങ്ങിയവര്‍ സിനിമയെ നിശിതമായി വിമര്‍ശിച്ച് രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. പ്രശസ്ത നിരൂപകരും ചിത്രത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളാണ് പങ്കുവച്ചത്.

തിയേറ്റര്‍ റിലീസിന് ശേഷം അനിമല്‍ ഒടിടിയില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സന്ദീപ് റെഡ്ഡി വാംഗയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്. നീണ്ട താടിയും മുടിയുമുണ്ടായിരുന്ന സംവിധായകന്‍ തല മൊട്ടയടിച്ചും താടിയും മീശയും വടിച്ചാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.

അനിമലിന്റെ വിജയത്തിന് വേണ്ടി തിരുപ്പതിയില്‍ വഴിപാട് നേര്‍ന്നത് പ്രകാരമാണ് സന്ദീപ് താടിവടിച്ച് മൊട്ടയടിച്ചത്. പിങ്ക് സ്‌കാര്‍ഫിനൊപ്പം നീല കുര്‍ത്ത ധരിച്ച് ആരാധകര്‍ക്കൊപ്പം ഫോട്ടോഗ്രാഫുകള്‍ക്ക് പോസ് ചെയ്തുന്ന സംവിധായകന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സന്ദീപിനെ തിരിച്ചറിയാനാകുന്നില്ല എന്ന് പറഞ്ഞ് ഒട്ടേറെയാളുകളാണ് പ്രതികരിച്ചത്. താടിയും മുടിയും നീക്കം ചെയ്തതോടെ സന്ദീപ് ആകെ മാറിപ്പോയെന്നും കമന്റുകളുണ്ട്

2023 ഡിസംബര്‍ 1 ന് റിലീസ് ചെയ്ത അനിമല്‍ ഒരു യുവാവും അവന്റെ അച്ഛനും തമ്മിലുള്ള വിചിത്രമായ ബന്ധത്തെ ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുന്നത്. തന്റെ പിതാവിനെ പ്രീതിപിടിച്ചു പറ്റാന്‍ ഏതറ്റം വരെയും പോകുന്ന രണ്‍വിജയ് എന്ന കഥാപാത്രത്തെയാണ് രണ്‍ബീര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. രശ്മിക മന്ദാന, ബോബി ഡിയോള്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അനിമലിനെതിരേ വിമര്‍ശനമുന്നയിച്ചവരെ കടന്നാക്രമിച്ച് സന്ദീപ് നടത്തിയ പരാമര്‍ശങ്ങളും വലിയ ചര്‍ച്ചയായിരുന്നു. സിനിമയുണ്ടാക്കുന്നത് ജനങ്ങളെ മൂല്യങ്ങള്‍ പഠിപ്പിക്കാനല്ലെന്നും അതൊരു കലയാണെന്നും സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും സന്ദീപ് പറഞ്ഞു.

Read More……

”സിനിമ ജനങ്ങളെ മൂല്യങ്ങള്‍ പഠിപ്പാക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനമല്ല. ഞാനൊരു മാനസികരോഗ വിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തിരുന്നു. സത്യത്തില്‍ അയാളാണ് ഡോക്ടറെ കാണേണ്ടത്. ഈ സിനിമയില്‍ കാണിക്കുന്ന കാര്യങ്ങളല്ല ഞാന്‍ യഥാര്‍ഥ ജീവിതത്തില്‍ ചെയ്യുന്നത്.

ഇത് സിനിമയാണ്, ഒരു കലാരൂപമാണ്, ഇതെന്റെ ആവിഷ്‌കാരസ്വാതന്ത്ര്യമാണ്. സിനിമയിലെ ഏതാനും രംഗങ്ങളിലൂടെ ഞാന്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍, പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അതാണ് സിനിമയുടെ വിജയം.

യഥാര്‍ത്ഥ ജീവിതത്തില്‍ ഞാനത് ചെയ്യുകയാണെങ്കില്‍, അതായത് ഞാനൊരു തോക്കുമെടുത്ത് നിരൂപകരുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയാണെങ്കില്‍, ആ അവസരത്തില്‍ നിങ്ങള്‍ക്ക് എന്നോട് ഒരു മാനസിരോഗ്യ വിദഗ്ധനെ സമീപിക്കാന്‍ പറയാം.

സത്യത്തില്‍ ഈ സിനിമയിലെ പലരംഗങ്ങളില്‍ ഞാന്‍ വെള്ളം ചേര്‍ത്തിട്ടുണ്ട്. കാരണം അങ്ങനെ ചെയ്തില്ല എങ്കില്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് അത് താങ്ങാനാകില്ല. കാരണം ഞാനും ഇവിടുത്തെ ഒരു പ്രേക്ഷകനാണ്”- എന്നായിരുന്നു സന്ദീപിന്റെ പ്രതികരണം.

പ്രഭാസ് നായകനായ സ്പിരിറ്റ് ആണ് സന്ദീപിന്റെ അടുത്ത ചിത്രം.