മാലെ: മാലദ്വീപിന്റെ സമുദ്രമേഖലയിൽ സർവേ നടത്തുന്നതിന് 2019-ൽ ഇന്ത്യയുമായി ഒപ്പിട്ട കരാർ പുതുക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രഖ്യാപിച്ചു. സർവേ നടത്താനാവശ്യമായ ഉപകരണങ്ങൾ സ്വന്തമായി വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മാലദ്വീപിന്റെ സമുദ്ര സാമ്പത്തികമേഖലയുടെ (എക്സ്ക്ലൂസിവ് ഇക്കണോമിക് സോൺ-ഇ.ഇ.സെഡ്.) നിയന്ത്രണം ഉറപ്പുവരുത്താൻ 24 മണിക്കൂർ നിരീക്ഷണസംവിധാനം സ്ഥാപിക്കുമെന്ന് മുയിസു പറഞ്ഞു. 1192 ദ്വീപുകൾ ചേർന്ന രാജ്യമായതിനാൽ മാലദ്വീപിന്റെ ഇ.ഇ.സെഡ്. വളരെ വലുതാണ്. ഉഭയകക്ഷിബന്ധം വളർത്താനായി സൈനികസഹായം സൗജന്യമായി നൽകാമെന്ന ഉടമ്പടി ചൈനയുമായി മാലദ്വീപ് ഈയിടെ ഒപ്പിട്ടിരുന്നു. ചൈനയുടെ ഗവേഷണക്കപ്പൽ ഒരാഴ്ചയോളം മാലെയിലുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയെ ഒഴിവാക്കുകയാണെന്ന മുയിസുവിന്റെ പ്രഖ്യാപനം.
സമുദ്രസർവേ ഉടമ്പടി റദ്ദാക്കുകയാണെന്ന് മുയിസു പരസ്യമായി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ഇതുൾപ്പെടെ മുൻപ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്ത്യയുമായുണ്ടാക്കിയ നൂറിലേറെ ഉടമ്പടികൾ പരിശോധിക്കുകയാണെന്ന് മുയിസു സർക്കാർ പറഞ്ഞിരുന്നു. സമുദ്രാന്തർ ഭാഗത്തെ സവിശേഷതകൾ മനസ്സിലാക്കാനുള്ള സർവേയ്ക്കായി ഉപകരണങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് മാലദ്വീപ് പ്രതിരോധമന്ത്രാലയം. മാലദ്വീപിലെ ഇന്ത്യൻ സൈനികസാന്നിധ്യം മേയ് പത്തോടെ പൂർണമായും അവസാനിപ്പിക്കാനുള്ള നീക്കം നടത്തുകയാണ് മുയിസു.