തിരുവനന്തപുരം ∙ ‘അമ്മാ ഞാൻ തിരിച്ചു പോകുവാ…’ കഴിഞ്ഞമാസം 16നു പുലർച്ചെ 12.10ന് സിദ്ധാർഥൻ അമ്മ ഷീബയ്ക്ക് അയച്ച ഈ വാട്സാപ് സന്ദേശം യാത്രാമൊഴി പോലെയായി. പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസ് ഹോസ്റ്റലിൽ 18നായിരുന്നു സിദ്ധാർഥന്റെ മരണം. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ എറണാകുളത്ത് എത്തിയപ്പോൾ, കൂട്ടുകാരൻ മടങ്ങാൻ ആവശ്യപ്പെട്ടതോടെ സിദ്ധാർഥൻ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് കോളജിലേക്കു തിരിച്ചുപോകുകയായിരുന്നു.
പണം അയച്ചിട്ടുണ്ടെന്ന് വൈകിട്ട് 6.23നു ഷീബ സന്ദേശം അയച്ചപ്പോൾ ‘ഓകെ’ എന്ന മറുപടി എത്തി. ഇതായിരുന്നു അമ്മയ്ക്കുള്ള സിദ്ധാർഥന്റെ അവസാന വാട്സാപ് മെസേജ്. ‘കിടന്നോ’ എന്ന് 17നു രാത്രി 10.28നും ‘എണീറ്റോ..’ എന്നു 18നു രാവിലെ 9.12നും അമ്മ ചോദിച്ചിരുന്നെങ്കിലും മറുപടിയുണ്ടായില്ല. മരണത്തിനു മണിക്കൂറുകൾക്കു മുൻപ് ഷീബ സിദ്ധാർഥന്റെ മൊബൈലിൽ വിളിച്ചപ്പോൾ കോൾ അറ്റൻഡ് ചെയ്തു. 4 മിനിറ്റ് സംസാരിച്ചു. ‘24നു നാട്ടിലെത്തും, ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല കാണണം, നെയ്യാറ്റിൻകര ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കെടുക്കണം’ എന്നു പറഞ്ഞു. അവസാന വാക്കുകൾ ഇതായിരുന്നു. മകൻ നേരിടുന്ന ക്രൂരതയുടെ ഗൗരവം അപ്പോഴൊന്നും ആ അമ്മ അറിഞ്ഞിരുന്നില്ല.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ