തിരുവനന്തപുരം ∙ നാലാം ദിവസവും ധന പ്രതിസന്ധി നീങ്ങാത്തതിനാൽ ട്രഷറി വഴി ശമ്പളവും പെൻഷനും പിൻവലിക്കുന്നതിന് പ്രതിദിനം 50,000 രൂപ പരിധി നിർണയിച്ച് സർക്കാർ. ശമ്പളം അനുവദിച്ച ശേഷം പിൻവലിക്കുന്നതിനു പരിധി വയ്ക്കുന്നതും ആദ്യമായാണ്. ഒന്നാം പ്രവൃത്തിദിവസം ശമ്പളം ലഭിക്കേണ്ടിയിരുന്ന ഒരു ലക്ഷത്തോളം പേരിൽ ഭൂരിഭാഗത്തിനും ഇന്നലെ ശമ്പളം വിതരണം ചെയ്തു.
ഇന്നലെ ശമ്പളം ലഭിച്ചവരിൽ ബാങ്കു വഴി ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് മുഴുവൻ ശമ്പളത്തുകയും അക്കൗണ്ടിലെത്തി. ഇവർക്കു പിൻവലിക്കൽ നിയന്ത്രണമില്ല. ട്രഷറിയിലെ എംപ്ലോയീ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ (ഇടിഎസ്ബി) നിന്നു ശമ്പളവും പെൻഷൻ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ (പിടിഎസ്ബി) നിന്നു പെൻഷനും പിൻവലിക്കുന്നവർക്കാണ് നിയന്ത്രണം.
ആകെയുള്ള അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ സെക്രട്ടേറിയറ്റ്, റവന്യു, പൊലീസ്, ട്രഷറി, ജിഎസ്ടി, റജിസ്ട്രേഷൻ, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർക്കാണ് ഇന്നലെ ശമ്പളം വിതരണം ചെയ്തു തുടങ്ങിയത്. ബാക്കിയുള്ളവർക്ക് ഇന്നും നാളെയുമായി ശമ്പളം വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്.
ട്രഷറിയിലെ സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി) പിൻവലിക്കുന്നതിനു തടസ്സമില്ല. എന്നാൽ, സ്ഥിരനിക്ഷേപത്തിന്റെ പലിശ ടിഎസ്ബി അക്കൗണ്ടിൽ എത്തുന്നതിനാൽ പിൻവലിക്കുന്നതിനു തടസ്സമുണ്ട്. ഇതു വൈകാതെ നീക്കുമെന്ന് ട്രഷറി അധികൃതർ വ്യക്തമാക്കി.
Read More :
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
- 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ ഡൽഹി സർക്കാർ
- മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം
- ഇന്ദിരയുടെ മൃതദേഹത്തോട് സിപിഐഎം കാണിച്ചത് ധാര്‍ഷ്ഠ്യം : മാത്യു കുഴല്‍നാടന്‍
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ
ഫലത്തിൽ, ടിഎസ്ബി, ഇടിഎസ്ബി, പിടിഎസ്ബി അക്കൗണ്ടുകളിൽ നിന്നുള്ള പിൻവലിക്കലിന് 50,000 രൂപയെന്ന പരിധി വച്ചതോടെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമല്ല, ട്രഷറിയിൽ അക്കൗണ്ടുള്ള പൊതുജനങ്ങൾക്കും നിയന്ത്രണം ബാധകമായി.
















