കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ അറസ്റ്റിലായി. മണിക്കൂറുകൾക്കു ശേഷം പുലർച്ചെ രണ്ടരയോടെ ഇരുവർക്കും ഇടക്കാല ജാമ്യം ലഭിച്ചു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണു പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
റോഡ് ഉപരോധത്തിനെതിരെ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവരെ പ്രതിചേർത്തു. മാത്യു കുഴൽനാടനാണ് ഒന്നാംപ്രതി. കാട്ടാന കൊലപ്പെടുത്തിയ ഇന്ദിര രാമകൃഷ്ണന്റെ (72) മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിനു മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി. മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി. മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്.
ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കുകയും ചെയ്തു. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടന്നത്.
പരമാവധി സഹായം ഉറപ്പാക്കും: സർക്കാർ
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്‌ണന്റെ കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കുമെന്ന് സർക്കാർ. ഇന്ദിരയുടെ കുടുംബത്തെ മന്ത്രിമാരായ പി.രാജീവും റോഷി അഗസ്റ്റിനും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സന്ദർശിച്ചു. കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അടിയന്തര ധനസഹായമായി വനംവകുപ്പിന്റെ 10 ലക്ഷം രൂപ കൈമാറി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
‘‘നേര്യമംഗലം ഭാഗത്ത് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കും. അടിയന്തരമായി പ്രത്യേക ആർആർടി ടീമിനെ നിയോഗിക്കും. വനം വകുപ്പുമായി ആലോചിച്ച് സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. വന്യജീവി പ്രശ്നവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ പ്രത്യേക സർവകക്ഷിയോഗം വിളിക്കും’’–പി.രാജീവ് പറഞ്ഞു.
എംഎൽഎമാരായ ആന്റണി ജോൺ, എ.രാജ, കലക്‌ടർ എൻ.എസ്.കെ. ഉമേഷ്, മുൻ എം.പി ജോയ്സ് ജോർജ്, എഫ്ഐടി ചെയർമാൻ ആർ.അനിൽകുമാർ, യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ എസ്.സതീഷ് തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- ‘ഇത് മക്കൾ രാഷ്ട്രീയം അല്ലേ’: സുഷമ സ്വരാജിൻ്റെ മകളെ സ്ഥാനാർഥിയാക്കിയതിൽ പരിഹാസവുമായി പ്രതിപക്ഷ പാർട്ടികൾ
- ജാർഖണ്ഡ് കൂട്ടബലാത്സംഗ കേസിൽ യുഎസ് എഴുത്തുകാരിയുമായുള്ള എൻസിഡബ്ല്യു മേധാവി രേഖ ശർമ്മയുടെ തർക്കം ചർച്ചയാകുന്നു
- ‘സംസ്ഥാന സര്‍ക്കാരിന്‍റെ ട്രഷറി സമ്പൂര്‍ണമായി പൂട്ടി, മുഖ്യൻ ഒളിവില്‍ പോയോ എന്ന് സംശയം’ : സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിൽ രമേശ് ചെന്നിത്തല
- ട്രാൻസ്ജെൻഡർ വിഭാഗത്തിന് എൻ.സി.സി അംഗത്വം നൽകുന്നത് പരിഗണിക്കണം : കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ