പയ്യോളി: ‘‘കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. സ്ഥാനാർഥിയായി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതോടെ അവരുടെ നോട്ടപ്പുള്ളിയായി ഞാൻ മാറി. നിന്നാൽ ജയിക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു. എന്നാൽ, കോളേജിലെ നേതാക്കളുടെ പല പ്രവർത്തനങ്ങളോടും യോജിച്ചിരുന്നില്ല. അതിനാലാണ് സഹകരിക്കാതിരുന്നത്. ഇതൊക്കെയാണ് എനിക്കുനേരെ ആക്രമണം നടത്താൻ എസ്.എഫ്.ഐ. നേതാക്കളെ പ്രേരിപ്പിച്ചത്…” -എസ്.എഫ്.ഐ. അനുഭാവി കൂടിയായ സി.ആർ. അമൽ പറയുന്നു. കഴിഞ്ഞദിവസം ഒരുസംഘം എസ്.എഫ്.ഐ. പ്രവർത്തകരുടെ പരസ്യവിചാരണയ്ക്കും മർദനത്തിനുമിരയായ കൊയിലാണ്ടി -കൊല്ലം ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബി.എസ്‌സി. വിദ്യാർഥി അമൽ പറയുന്നു.
ഇതുകൂടാതെ എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറിക്ക് തന്നോടുള്ള വിരോധവും ഈഗോ പ്രശ്നവും മറ്റൊരു കാരണമാണ്. പയ്യോളിയിലെ ജിം സെൻററിൽ വെച്ച് കോളേജിൽ ചേരുന്നതിനു മുമ്പേ അവനെ പരിചയമുണ്ടായിരുന്നു. ഇവിടെ പരിശീലിക്കുമ്പോൾ ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് കേരള ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ താൻ വിജയിയായി. എന്നാൽ, കോളേജിൽ വരാതെ ജിമ്മിനുവേണ്ടി മാത്രം സമയം കണ്ടെത്തിയ സെക്രട്ടറി തോറ്റു. ഇത് മുതൽ സെക്രട്ടറിക്ക് വ്യക്തിവിരോധം ഉള്ളതായി തോന്നിയിട്ടുണ്ട്. സെക്രട്ടറിയാണ് മൂക്ക് ഇടിച്ചുചതച്ച് ചോര തെറിപ്പിച്ചതെന്നും അമൽ പറഞ്ഞു.
റാഗിങ്ങുമായി ബന്ധപ്പെട്ട് ഫെബ്രുവരി 21-ന് നടന്ന അടിപിടിയിൽ താൻ പങ്കാളിയല്ല. ആ സമയം പോലീസിനെ വിളിക്കാൻ പ്രിൻസിപ്പലിനോട് പറഞ്ഞിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് വരുന്നത് അവർ കാണുകയുമുണ്ടായി. ഇത് മാത്രമാണ് ചെയ്തത്. എന്നാൽ, അടിയുടെ സൂത്രധാരനായി തന്നെ മാറ്റാൻ ശ്രമിച്ചു. ഇതു സംബന്ധിച്ചുള്ള നിരപരാധിത്വം പലരുമായും പങ്കുവെക്കുകയും നേതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ആ കേസിൽ തന്നെ കുടുക്കാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നു.
എസ്.എഫ്.ഐ.യുടെ ലിസ്റ്റിൽപ്പെട്ട മറ്റുള്ളവരുടെയും മൂക്കിൽനിന്ന് ചോര തെറിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇത് വകവെക്കാതെ മൂന്ന് സുഹൃത്തുക്കൾ തന്നെ മർദിച്ച കേസിൽ സാക്ഷി പറയാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുള്ളതായും അമൽ വ്യക്തമാക്കി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് ഞായറാഴ്ച അമലിന്റെ വീട്ടിലെത്തി മൊഴി രേഖപ്പടുത്തി. ലഘുവായ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ പോലീസിനുമേൽ സമ്മർദമുള്ളതായും ആരോപണമുണ്ട്.
പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധം – എസ്.എഫ്.ഐ.
കൊയിലാണ്ടി: കൊല്ലം എസ്.എൻ.ഡി.പി. കോളേജിൽനടന്ന അടിപിടിയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് എസ്.എഫ്.ഐ. കൊയിലാണ്ടി ഏരിയാ കമ്മിറ്റി. മർദനമേറ്റെന്നു പറയുന്ന പരാതിക്കാരൻ ഒന്നാംവർഷ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിലെ പ്രതിയാണെന്ന് എസ്.എഫ്.ഐ. ആരോപിച്ചു. റാഗിങ് പരാതി നൽകിയ വിദ്യാർഥിയെ പ്രകോപിപ്പിക്കുന്ന രീതിയിൽ അമൽ സംസാരിക്കുകയും ദേഹത്തുപിടിച്ചു ഉന്തുകയും ചെയ്തപ്പോഴുണ്ടായ തള്ളലിലാണ് അമലിന് പരിക്കുണ്ടായത്. പരിക്കുപറ്റിയ അമലിനെ ആശുപത്രിയിൽ എത്തിച്ചതും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയതും അമലിന്റെ സുഹൃത്തുക്കളാണ്. ഇവർതന്നെയാണ് അപകടം പറ്റിയതാണെന്ന് ആശുപത്രിയിൽ പറഞ്ഞത്. ഇത് എസ്.എഫ്.ഐ. പ്രവർത്തകരാണ് ചെയ്തതെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് എസ്.എഫ്.ഐ. കൊയിലാണ്ടി ഏരിയാ സെക്രട്ടേറിയറ്റ് പറഞ്ഞു.
കേസെടുത്തത് നിസ്സാര വകുപ്പുകൾ ചേർത്തെന്ന് ആക്ഷേപം
കൊയിലാണ്ടി: കൊല്ലം ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം കോളേജിൽ വിദ്യാർഥിയെ എസ്.എഫ്.ഐ. പ്രവർത്തകർ മർദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തത് നിസ്സാരവകുപ്പുകൾ ചേർത്താണെന്ന് ആക്ഷേപം. ബി.എസ്‌സി. രണ്ടാംവർഷ വിദ്യാർഥി സി.ആർ. അമലും അച്ഛൻ എ.വി. ചന്ദ്രനുമാണ് എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയത്. ഐ.പി.സി. 143, 147, 148, 341, 323, 324, 506 വകുപ്പുകൾ ചേർത്തിട്ടുണ്ടെങ്കിലും പ്രതികൾക്ക് മജിസ്‌ട്രേട്ട് കോടതിയിൽനിന്നുതന്നെ ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ. മർദനത്തിൽ അമലിന്റെ മൂക്കിന്റെ പാലത്തിന് പരിക്കേറ്റിരുന്നു. ഇത്തരം സാഹചര്യത്തിൽ 308 വകുപ്പാണ് എഫ്.ഐ.ആറിൽ ചേർക്കേണ്ടത്. ഈവകുപ്പ് ചേർക്കാതിരിക്കാൻ വലിയ രാഷ്ട്രീയസമ്മർദമാണ് പോലീസിനുമേൽ ഉണ്ടായത്.
എന്നാൽ, രണ്ടാഴ്ച മുമ്പ് ഇതേ കോളേജിലുണ്ടായ അടിപിടിയുടെ പേരിൽ പോലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ തന്നെക്കൂടി പ്രതിയാക്കാനുള്ള ശ്രമം നടക്കുന്നതായി മർദനമേറ്റ അമൽ പറയുന്നു. റാഗിങ്ങിനെതിരായ വകുപ്പുകളും ഈ കേസിൽ ചേർക്കുമെന്നാണ് അറിയുന്നത്. കോളേജിൽ റാഗിങ് നടന്നോ എന്ന കാര്യത്തിൽ കോളേജ് അധികൃതരിൽ നിന്ന് പോലീസ് അടുത്ത ദിവസംതന്നെ വിവരങ്ങളാരായും.
എസ്. എഫ്.ഐ.യുടെ ക്രൂരതകൾ ആവർത്തിക്കപ്പെടുന്നു:കെ.എസ്.യു.
കോഴിക്കോട്: വിദ്യാർഥികളെ ആക്രമിച്ചും ഒറ്റപ്പെടുത്തിയും കാലാകാലങ്ങളായി കാംപസുകളെ കീഴ്‌പ്പെടുത്തുന്ന എസ്.എഫ്.ഐ.യുടെ ക്രൂരത വയനാട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ കൊലപാതകത്തിനുശേഷവും ആവർത്തിക്കപ്പെടുകയാണെന്ന് കെ.എസ്.യു. ജില്ലാകമ്മിറ്റി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊയിലാണ്ടിയിൽ അമലിനു നേരേയുണ്ടായ അതിക്രമം. കെ.എസ്.യു. മുൻസംസ്ഥാനപ്രസിഡന്റ് കെ.എം. അഭിജിത്ത്, ജില്ലാപ്രസിഡന്റ് വി.ടി. സൂരജ്, സംസ്ഥാനസമിതിയംഗം എ.കെ. ജാനിബ് എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.യു. പ്രവർത്തകർ അമലിന്റെ വീട് സന്ദർശിച്ചു.