ന്യൂഡല്‍ഹി: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി പ്രമുഖ ബിജെപി നേതാവും മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹര്‍ഷ വര്‍ധന്‍. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് സിറ്റിങ് എംപിയായ അദ്ദേഹത്തിന് ബിജെപി ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു.
ശനിയാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടിക പുറത്ത് വന്നപ്പോള്‍ ചാന്ദ്‌നി ചൗക്കില്‍ പര്‍വീണ്‍ ഖണ്ഡേല്‍വാളിനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പിന്നാലെയാണ് താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് ഹര്‍ഷ വര്‍ധന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
2014-ലും 2019-ലും ഹര്‍ഷ വര്‍ധന്‍ ചാന്ദ്‌നി ചൗക്കില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ‘അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും ഞാന്‍ പോരാടി വിജയിക്കുകയും പാര്‍ട്ടി സംഘടനയിലും സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള സര്‍ക്കാരുകളിലും അഭിമാനകരമായ നിരവധി സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു.
ഒടുവില്‍ എന്റെ വേരുകളിലേക്ക് മടങ്ങുന്നു’ ഹര്‍ഷ വര്‍ധന്‍ എക്‌സില്‍ കുറിച്ചു.
ഡോക്ടര്‍ കൂടിയായ ഹര്‍ഷ വര്‍ധന്‍ കൃഷ്ണ നഗറിലുള്ള തന്റെ ഇ.എന്‍.ടി ക്ലിനിക്കില്‍ ഭാവി ജീവിതം ചെലവഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read More…..
2013-ല്‍ ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു ഹര്‍ഷ വര്‍ധന്‍. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും കോണ്‍ഗ്രസിന്റെ പിന്തുണയോടെ എഎപി അധികാരത്തിലേറുകയായിരുന്നു.
ഒന്നും രണ്ടും മോദി സര്‍ക്കാരുകളില്‍ മന്ത്രിയായി ഹര്‍ഷ വര്‍ധന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി ആരോഗ്യമന്ത്രിയായിട്ടുമുണ്ട്. കോവിഡ് കാലഘട്ടത്തില്‍ 2021-ല്‍ മന്ത്രിസഭാ പുനഃസംഘടനയിലാണ് മന്ത്രിസ്ഥാനം നഷ്ടമായത്.